പ്രതിസന്ധികളില്‍ സര്‍വ സൗകര്യങ്ങളുമായി മുറിയടച്ചിരുന്നവന്‍റെ സര്‍വനാശ സിദ്ധാന്തം ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല

കേരളം അനിതരസാധാരണമായൊരു പ്രതിസന്ധിയെ നേരിട്ട കാലത്ത് ഒരു ജനപ്രതിനിധിയുടെയോ പൊതുപ്രവര്‍ത്തകന്റെയോ യാതൊരു ഉത്തരവാദിത്വങ്ങളും നിറവേറ്റാതെ ഇന്ദ്രപ്രസ്തത്തില്‍ സര്‍വ സൗകര്യങ്ങളുമായി മുറിയടച്ചിരുന്നവന്റെ സര്‍വനാശ സിദ്ധാത്തതെ ജനങ്ങള്‍ പുറം കാലുകൊണ്ട് തൊഴിച്ചെറിയുന്ന കാഴ്ചയ്ക്കാണ് മെയ് 2 കേരളം സാക്ഷ്യം വഹിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദില്ലിയില്‍ നിന്നും കേരളത്തിലെത്തിലെത്തിയ രാജ്യസഭാ അംഗം എകെ ആന്റണിയുടെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സാധാരണക്കാര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ന്നാല്‍ സര്‍വനാശം എന്നാണ് ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയ എകെ ആന്റണി പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്. മുമ്പില്ലാത്ത വിധം തുടര്‍ഭരണം ചര്‍ച്ച ചെയ്യപ്പെടുന്ന സര്‍ക്കാറിന്റെ തുടര്‍ച്ചയ്ക്ക് സാധ്യതകല്‍പ്പിക്കപ്പെടുന്ന ഒരു തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്.

പോയ അഞ്ചുവര്‍ഷക്കാലം കൊണ്ട് അനിതര സാധാരണമായ ദുരിതങ്ങളെയും പ്രതിസന്ധികളെയുമാണ് കേരളം നേരിട്ടത് അപ്പോഴെല്ലാം എല്ലാ പ്രതിസന്ധികളിലും സ്വന്തം ജനതയോട് ഒപ്പം നിന്ന ദുരിതങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച ഒരു ഭരണകൂടത്തെ കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു.

പ്രതിസന്ധിഘട്ടങ്ങളിലാണ് ജനങ്ങള്‍ അവരുടെ നേതാവിനെ തിരിച്ചറിയുകയെന്നത് അന്വര്‍ഥമാക്കുയായിരുന്നു പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാരും. തുടരെ തുടരെ വന്ന പ്രളയവും പ്രകൃതി ക്ഷോഭവും, ലോകം വിറങ്ങലിച്ച് നിന്ന കൊറോണ, മലയാളത്തിന് അതുവരെ പരിചയമില്ലാത്ത നിപ, ഒന്നിനുപിറകെ ഒന്നായി പ്രതിസന്ധികള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ സാധാരണക്കാരന്റെ പ്രതിസന്ധികളെ അറിഞ്ഞ് പ്രതികരിച്ചൊരു ഭരണകൂടമാണ് കേരളത്തിലേത് .

കേരളത്തിന്റെ മാതൃകകള്‍ ലോക വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു, ലോകരാഷ്ട്രങ്ങള്‍ കേരളത്തിന്റെ മാതൃകകള്‍ കടം കൊണ്ടു. നമ്മുടെ ഭരണാധികാരികള്‍ വിദേശ രാഷ്ട്രങ്ങളില്‍ അതിജീവന മാതൃകകള്‍ വിശദീകരിക്കുന്ന അധ്യാപകരായി ലോകം അവരെ സാകൂതം വീക്ഷിച്ചു.

കുത്തിയൊലിച്ചുവരുന്ന മലവെള്ളത്തിലും പരസ്പരം തൊട്ടുകൂടാത്ത മഹാമാരിയിലും ഇവിടുത്തെ ഭരണകൂടവും ജനപ്രതിനിധികളും ജനങ്ങള്‍ക്കിടയില്‍ തന്നെ നിന്ന് കരുതലും കരുത്തും നല്‍കി.

എന്നാല്‍ ഈ സര്‍വനാശ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് അപ്പോഴെല്ലാം ദില്ലിയില്‍ സ്വന്തം മന്തിരത്തില്‍ സര്‍വ സുരക്ഷയോടുകൂടി മുറിയടച്ചിരിപ്പായിരുന്നു. കേരളത്തിലെ ജനതയ്ക്ക് കരുത്ത് പകരുന്ന ഒരു പ്രസ്താവന പോലും ദില്ലിയില്‍ നിന്നും ഈ ജനപ്രതിനിധി നടത്തിയിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയോട് സംസ്ഥാനത്തെ രാജ്യസഭാ അംഗമെന്ന നിലയില്‍ ദുരിതകാലത്തെ കുറിച്ച് ഫോണ്‍വഴി പോലും അന്വേഷിക്കാന്‍ എകെ ആന്റണി തയ്യാറായിട്ടില്ലെന്നതും ജനങ്ങള്‍ മറന്നുപോവില്ല.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറയിളകിയതിന്റെ പരിഭ്രാന്തിയിലാണ് എകെ ആന്റണിയുടെ സര്‍വനാശ സിദ്ധാന്ത പ്രയോഗം. ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും രാഷ്ട്രീയ വിമര്‍ശനങ്ങളേതുമില്ലാതെ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളും അപവാദ പ്രചാരണങ്ങളും തന്നെയാണ് എകെ ആന്റണിയുടെയും ആയുധം.

രാജ്യസഭാ അംഗമെന്ന നിലയില്‍ എകെ ആന്റണിയുടെ പ്രവര്‍ത്തനത്തെ എവിടെയാണ് കേരളത്തിന്റെ പൊതുസമൂഹത്തിന് അടയാളപ്പെടുത്താന്‍ കഴിയുക. പൗരത്വ നിയമത്തിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജ്യസഭാംഗം എന്ന നിലയില്‍ എകെ ആന്റണിയുടെ ഒരു പ്രതികരണം നിങ്ങളെവിടെയെങ്കിലും കണ്ടിരുന്നോ അദ്ദേഹത്തിനൊപ്പം സഭയിലുണ്ടായിരുന്ന യുഡിഎഫിന്റെ മറ്റൊരു അംഗം പിവി അബ്ദുള്‍ വഹാബിന്റെ ഈ കലുഷിത കാലത്തെ ഒരു പാര്‍ലമെന്റ് പ്രസംഗം നമുക്കാര്‍ക്കെങ്കിലും ഓര്‍മയുണ്ടോ.

രാജ്യത്തിന്റെ നാനാ മേഖലകളില്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും പ്രതികൂല സാഹപര്യങ്ങളെയും ഭരണകൂടത്തിന്റെ മര്‍ധനോപാധികളെയും വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയുടെ തെരുവുകളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം ഇവരെ രണ്ടുപേരെയും നിങ്ങള്‍ കണ്ടിരുന്നോ എന്നാല്‍ ഇവര്‍ക്കൊപ്പം രാജ്യസഭയിലേക്ക് ഇടതുപക്ഷം അയച്ച കെകെ രാഗേഷ് ഈ കാലത്തെല്ലാം ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു വാക്കുകൊണ്ടും വീറുകൊണ്ടും ഈ ഫാസിസ്റ്റ് കാലത്ത് ഭരണകൂടത്തിന്റെ ഫാസ്റ്റ് രീതികളെ വെല്ലുവിളിക്കുന്ന ജനങ്ങള്‍ക്കൊപ്പം അവര്‍ക്കിടയില്‍ കൂട്ടത്തിലൊരാളായി.

2004 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദില്ലിക്ക് പറന്ന ആന്റണി അന്നുമുതല്‍ ഇന്നുവരെ രാജ്യസഭാ അംഗമാണ് ഒരാള്‍ക്കും വിട്ടുകൊടുക്കാതെ അതിപ്പോഴും തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here