രാജ്യസഭ തെരഞ്ഞെടുപ്പ്‌ ഉടൻ പ്രഖ്യാപിക്കണം; മാറ്റിവയ്‌ക്കൽ ഭരണഘടന വിരുദ്ധം– എളമരം കരീം

ന്യൂഡൽഹി: കേരളത്തിൽനിന്ന്‌ രാജ്യസഭയിലേയ്‌ക്ക്‌ നടക്കേണ്ട തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാനുള്ള ഭരണഘടനവിരുദ്ധമായ തീരുമാനം പിൻവലിച്ച്‌, ഉടൻ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ എളമരം കരീം മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സുനിൽ അറോറയ്‌ക്ക്‌ കത്ത്‌ നൽകി. തെരഞ്ഞെടുപ്പ്‌ നടപടിക്രമം പ്രഖ്യാപിച്ചശേഷമാണ്‌ നിയമമന്ത്രാലയത്തിൽനിന്ന്‌ ‘കുറിപ്പ്‌’ കിട്ടിയതിനെ തുടർന്ന്‌ വിജ്ഞാപനം ഇറക്കുന്നത്‌ മാറ്റിവച്ചതായി കമീഷൻ അറിയിച്ചത്‌.

മാറ്റിവയ്‌ക്കലിന്റെ കാരണം കമീഷൻ പുറത്തുപറയുന്നില്ല. തെരഞ്ഞെടുപ്പ്‌ നടപടികൾക്ക്‌ തുടക്കംകുറിച്ചശേഷം അതിൽ ഇടപെടാൻ കേന്ദ്രസർക്കാരിനു അവകാശമില്ലെന്ന്‌ പലതവണ സുപ്രീംകോടതി വിധികളിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഭരണഘടനപരമായി തെരഞ്ഞെടുപ്പ്‌ കമീഷൻ കയ്യാളുന്ന അധികാരങ്ങളുടെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ്‌ നടന്നിരിക്കുന്നത്‌. 2016ൽ കേരള നിയമസഭയിലേയ്‌ക്ക്‌ പൊതുതെരഞ്ഞെടുപ്പിനു വിജ്ഞാപനം വന്നശേഷമാണ്‌ രാജ്യസഭ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

കീഴ്‌വഴക്കങ്ങൾ നോക്കിയാലും കമീഷന്റെ ഇപ്പോഴത്തെ തീരുമാനത്തിനു അടിസ്ഥാനമില്ല. ഭരണഘടനപരമായി രാജ്യസഭ സ്ഥിരം സഭയാണ്‌. നിലവിലെ കേരള നിയമസഭയ്‌ക്ക്‌ ഏതാനും മാസം കൂടി കാലാവധിയുണ്ട്‌. നിയമസഭ നിലവിലുള്ള സംസ്ഥാനത്തുനിന്നുള്ള രാജ്യസഭ അംഗങ്ങളുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ പാടില്ല. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയായി മാറിയ തെരഞ്ഞെടുപ്പ്‌ കമീഷൻ ഈ ഭരണഘടനവ്യവസ്ഥ വിസ്‌മരിച്ചാണ്‌ പ്രവർത്തിച്ചത്‌.

കമീഷന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ സംശയപൂർവം വീക്ഷിക്കാൻ ഇതു ഇടയാക്കും. ഭരണഘടനപരമായ അവകാശം കേന്ദ്രസർക്കാരിനു മുന്നിൽ അടിയറവച്ചതിനെക്കുറിച്ച്‌ ജനങ്ങളോട്‌ വിശദീകരിക്കാൻ കമീഷനു ബാധ്യതയുണ്ടെന്നും എളമരം കരീം കത്തിൽ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel