‘ബിരിയാണി’ക്ക് പ്രദർശനാനുമതി നിഷേധിച്ചു; സാംസ്‌കാരിക ഫാസിസമെന്ന് സംവിധായകൻ, അല്ലെന്ന് തിയറ്റർ മാനേജർ

കോഴിക്കോട് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ആർപി മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്‌തിരുന്നതായും എന്നാൽ അവസാന നിമിഷം സിനിമ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്ന് തിയറ്റർ മാനേജ്‌മെന്റ് അറിയിച്ചതായും സജിൻ ബാബു

സദാചാര പ്രശ്‌നം ആരോപിച്ച് അന്തർദേശീയ പുരസ്‌കാരം അടക്കം നേടിയ ‘ബിരിയാണി’യുടെ പ്രദർശനത്തിനു അനുമതി നിഷേധിച്ചതായി ആരോപണം. സിനിമയുടെ സംവിധായകൻ സജിൻ ബാബുവാണ് ഇക്കാര്യം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കോഴിക്കോട് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ആർപി മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്‌തിരുന്നതായും എന്നാൽ അവസാന നിമിഷം സിനിമ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്ന് തിയറ്റർ മാനേജ്‌മെന്റ് അറിയിച്ചതായും സജിൻ ബാബു പറയുന്നു. സദാചാര പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തിയറ്റർ മാനേജ്‌മെന്റ് തന്റെ സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചതെന്നും സജിൻ പറയുന്നു.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ:
ദേശീയ, സംസ്ഥാന, അന്തർ ദേശിയ അംഗീകാരങ്ങൾ നേടിയ രാജ്യത്തെ സെൻസർ ബോർഡ് ‘A’ സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത ഞങ്ങളുടെ ചിത്രം ‘ബിരിയാണി’ കോഴിക്കോട് മോഹൻലാൽ സാറിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ആർപി മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്യുകയും, പോസ്റ്റർ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദർശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്. കാരണം അന്വേഷിച്ചപ്പോൾ മാനേജർ പറയുന്നത് സദാചാര പ്രശ്‌നമാണ് (സെക്ഷ്വൽ സീനുകൾ കൂടുതലാണത്രെ). ഇതുതന്നെയാണോ യഥാർത്ഥ കാരണം? അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ? ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല.

തിയറ്ററുകൾ ‘A’ സർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദർശിപ്പിക്കില്ല എങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാര പൊലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പർ സെൻസർ ബോർഡ് ആകാൻ തിയറ്ററുകൾക്ക് എന്താണ് അധികാരം..? ഇത് ഒരുതരത്തിൽ സാംസ്കാരിക ഫാസിസം തന്നെയാണ്.

ആരോപണങ്ങൾ തള്ളി തിയറ്റർ മാനേജർ
ബിരിയാണി പ്രദർശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് തിയറ്റർ മാനേജർ സണ്ണി ജോസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. “11.30 നും 4.15 നുമാണ് രണ്ട് ഷോ ഉള്ളത്. ആളുണ്ടെങ്കിൽ സിനിമ പ്രദർശിപ്പിക്കുമെന്നാണ് സംവിധായകനോട് പറഞ്ഞത്. പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ല. ഒരാൾ പോലും 11.30 ന്റെ ഷാേയ്‌ക്ക് എത്തിയില്ല. ആശിർവാദ് തിയറ്ററിന്റെ സെെറ്റിൽ കയറി നോക്കി കഴിഞ്ഞാൽ അത് വ്യക്തമാകും. ബിരിയാണിയുടെ ആദ്യ ഷോയ്‌ക്ക് ഒരാൾ പോലും ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടില്ല. ഒരാൾ എങ്കിലും എത്തിയാൽ ഞങ്ങൾ സിനിമ പ്രദർശിപ്പിക്കാൻ തയ്യാറാണ്. ഇക്കാര്യം സിനിമയുടെ വിതരണക്കാരെയും അറിയിച്ചിട്ടുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്,” തിയറ്റർ മാനേജർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News