ബാലുവിൻ്റെ മരണവും അമിത് ഷായുടെ ‘ദുരൂഹ’ പ്രസംഗവും

മലയാളികൾ എന്നും  കണ്ണീരോടെ ഓർമ്മിക്കുന്ന ബാലഭാസ്‌ക്കർ എന്ന മാന്ത്രിക വയലിസ്റ്റിന്റെ അപകട മരണത്തെ  കേവലം വോട്ടിനും, ജനകീയ സർക്കാരിനെ അപകീർത്തിപ്പെടുത്താനും എങ്ങനെ ഉപയോഗിക്കാം എന്നതിൻ്റെ  ഉത്തരേന്ത്യൻ  ശൈലിയുടെ പകർന്നാട്ടമാണ് ശംഖുമുഖത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയത്.

സ്വർണ്ണക്കടത്ത് കേസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിൻ്റെ മരണത്തെ കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണം നടത്തിയിരുന്നോ എന്ന അമിത് ഷായുടെ ചോദ്യം ഹിന്ദിയിൽ ഉയർന്നപ്പോൾ, പ്രസംഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേന്ദ്ര സഹമന്ത്രി വി .മുരളീധരന് പോലും കാര്യം മനസ്സിലായിരുന്നില്ല.

അടുത്ത ദിവസം പുറത്തിറങ്ങിയ ദേശീയ ദിനപത്രമായ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ‘ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നയിച്ച ആ ദുരൂഹ മരണം വയലിനിസ്റ്റ് ബാലഭാസ്‌ക്കറിൻ്റേതായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ചുരുക്കി പറഞ്ഞാൽ ബാലഭാസ്‌ക്കർ മരണപ്പെട്ടത് സ്വർണ്ണക്കടത്തിലെ കാണാപ്പുറങ്ങളിലെ കഥയാണെന്നാണ് അമിത് ഷാ പറഞ്ഞത്.

കേവലം ഒരു രാഷ്ട്രീയ പ്രസംഗമായി മാത്രം ഇതിനെ മലയാളികൾക്ക് കാണാൻ ആവില്ല. കാരണം ദുരൂഹത ഉന്നയിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. ഒപ്പം ദൗർഭാഗ്യകരമായ ഒരു മരണത്തെ കൊലപാതകമാക്കി ചിത്രീകരിച്ചവർ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. എന്തിനേറെ ഇത്തരക്കാരുടെ വാക്കുകൾ കേട്ട് ബാലഭാസ്‌ക്കറിൻ്റെ മാതാപിതാക്കളും കുടുംബത്തെയും  വരെ തെറ്റിദ്ധരിപ്പിക്കുകയുണ്ടായി.

ഈ ആക്ഷേപങ്ങൾക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്ന് ക്രൈം ബ്രാഞ്ചും, അമിത്ഷായുടെ തന്നെ സിബിഐയും കണ്ടെത്തിയിട്ടുണ്ട്. അപകട കാരണം വാഹനത്തിൻ്റെ അമിത വേഗതയാണെന്നാണ് അന്വേഷണ സംഘങ്ങൾ ശാസ്ത്രീയമായി കണ്ടെത്തിയത്. ഇക്കാര്യം മറച്ചുവെച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദുഷ്ടലാക്കോടെയുള്ള ചോദ്യം.

25.09.2018ന് പുലർച്ചെ ഒരു മണിയ്ക്കാണ് ബാലഭാസ്‌കർ തൃശൂരിൽ നിന്ന് തിരുവനന്തപുറത്തേക്ക് പുറപ്പെട്ടത്. മൂന്നര മണിക്കൂറിൽ 260 കിലോമീറ്റർ ദൂരം വാഹനം എത്തിയത് ഡ്രൈവറുടെ അമിത വേഗത വ്യക്തമാക്കുന്നു. ചാലക്കുടിയിലെ ക്യാമറയിൽ കാറിൻ്റെ വേഗത 95 കിലോമീറ്റർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്, അമിത വേഗത മൂലം കാർ മരത്തിലിടിച്ച്‌ തകരുകയാണുണ്ടായത്.

എല്ലാത്തിനും സാക്ഷിയായ വ്യക്തിയെയും സിബിഐ കണ്ടെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ ആരോപണം കള്ളമാണെന്നും നുണ പരിശോധനയിൽ വ്യക്തമായതാണ്. സോബി കണ്ടെന്ന് പറയുന്ന വിഷ്ണു സോമസുന്ദരം അപകട സമയം വിദേശത്തായിരുന്നുവെന്ന് പാസ്‌പോർട്ട് രേഖകളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

ഇങ്ങനെ പോകുന്നു സിബിഐ യുടെ കണ്ടെത്തലുകൾ. കേസ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ച കലാഭവൻ സോബിക്കെതിരെ കേസ് എടുക്കാൻ സിബിഐ കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സി ബി ഐ യുടെ അന്വേഷണ റിപ്പോർട്ട് തള്ളിയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദുരൂഹത പ്രഖ്യാപനം.

എന്ത് രാഷ്ട്രീയ നേട്ടമാണ് അമിത് ഷാ ഇതു കൊണ്ട് ഉദ്ദേശിച്ചത്. ഇതിന് ഉത്തരം നൽകാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് ബാധ്യതയുണ്ട്. എന്നാൽ നേതാക്കൾ ആരും മിണ്ടുന്നില്ല. അപകടത്തിൽ നിന്നും കഷ്ടിച്ച്‌ രക്ഷപ്പെട്ട് ഭർത്താവിനെയും, കുഞ്ഞിനെയും നഷ്ട്ടപ്പെട്ട്, മാനസികമായി തകർന്ന ബാലഭാസ്‌ക്കറിൻ്റെ  ഭാര്യ ലക്ഷ്മിക്കും അറിയേണ്ടതുണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ വാദിയായ അമിത് ഷാ എന്ത് ലക്ഷ്യത്തോടെയാണ്, എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ്  ബാലഭാസ്‌ക്കറിനെ സ്വർണ്ണക്കടത്തിൽ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത്?

അമിത് ഷാ എന്ന വ്യക്തി രാഷ്ട്രീയ നേതാവായി മാറിയപ്പോൾ അദ്ദേഹം എത്ര ദുരൂഹ മരണങ്ങളുടെ കാരണക്കാരനായിരുന്നുവെന്ന് നമ്മൾ ഓർക്കേണ്ടതാണ്. അധികാരവും പണവും ഉപയോഗിച്ച് ചില കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ക‍ഴിഞ്ഞുവെങ്കിലും നിരപരാധികളായ ഒരുപാട് പേരുടെ ആത്മാക്കൾ ഇപ്പോ‍ഴും കേന്ദ്രമന്ത്രിയുടെ തലയ്ക്കു മുകളിൽ ചുറ്റുന്നുവെന്ന് പത്രം വായിക്കുന്ന മലയാളികൾക്കെറിയാം.

അതേ അമിത് ഷാ സ്വർണ്ണക്കടത്തിൽ ബാലഭാസ്കർ എന്ന കലാകാരനെ കൂട്ടിക്കെട്ടുന്നത് ദുരൂഹത ഉന്നയിച്ച ചോദ്യത്തിനൊപ്പം ചോദിച്ച മറ്റ് ചോദ്യങ്ങളെ സാധൂകരിക്കാൻ വേണ്ടിയായിരുന്നു. ബാലഭാസ്കറിൻ്റെ മരണം എന്നത് യാഥാർത്ഥ്യവും അമിത്ഷാ ഉയർത്തിയ മറ്റ് ചോദ്യങ്ങൾ സാങ്കല്പികതയിൽ നിന്ന് ഉടലെടുത്ത രാഷ്ട്രീയ ആരോപണങ്ങളുമാണ്.

സ്വർണ്ണക്കടത്ത് കേസിൽ സാങ്കല്പിക ആരോപണങ്ങളുയർത്തി കേരളത്തിലെ ജനകീയ സർക്കാരിനെ ഇക‍ഴ്ത്തിക്കാട്ടുക എന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസംഗത്തിന് കൊ‍ഴുപ്പു കൂട്ടാനാണ് ബാലഭാസ്കറിന്‍റെ മരണമെന്ന യാഥാർത്ഥ്യത്തെ സ്വർണ്ണത്തിളക്കത്തിൻറെ ദുരൂഹത ഉന്നയിച്ചത്.

കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ട് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് ബാലുവിൻ്റെ മരണത്തെ വീണ്ടും വിവാദമാക്കാൻ അമിത് ഷാ തീരുമാനിച്ചത്. ഇത് ബിഹാറിലോ ഉത്തർപ്രദേശിലോ  ആയിരുന്നുവെങ്കിൽ അവിടുത്തെ ജനങ്ങൾ വിശ്വസിക്കുമായിരുന്നു.

പക്ഷേ, അമിത്ഷായ്ക്ക് അറിയില്ലല്ലോ ഇത് കേരളമാണെന്ന്. ഈ നാട് കലാകാരൻമാർക്ക് നൽകുന്ന ബഹുമാനം അതും അമിത് ഷായ്ക്ക് അറിയില്ലല്ലോ. കേരളം മനുഷ്യ ജീവന് നൽകുന്ന വില അതും അമിത് ഷാ ജിയ്ക്ക് അറിയില്ലല്ലോ.

ബാലഭാസ്കറിൻ്റെ മരണം കലാലോകത്തിന് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന ബോധം ഉൾക്കൊള്ളുന്ന നാട്ടിലേക്ക് ഇനിയെങ്കിലും രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം ദുരൂഹ പ്രസംഗങ്ങൾ നടത്താതിരിക്കുന്നതാണ് നല്ലത്.

ഈ ലേഖനം മലയാളത്തിലാണെങ്കിലും ഹിന്ദി അറിയാവുന്ന സംഘപരിവാറുകാർ ഉണ്ടെങ്കിൽ ഇത് ഹിന്ദിയിൽ വിവർത്തനം ചെയ്ത് അമിത്ഷാ ജിക്ക് അയച്ചു കൊടുക്കണം. അങ്ങനെയെങ്കിലും അദ്ദേഹത്തിന് മനസ്സിലാവട്ടെ, കേരളത്തിൻറെ ജനമനസ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here