വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ കോണ്‍ഗ്രസുകാര്‍ക്ക് മറ്റൊരു കൊലക്കേസില്‍ ജീവപര്യന്തം

വെഞ്ഞാറമൂട് ഇരട്ടകൊല കേസ് പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയല്‍വാസിയെ കൊലപ്പെടുത്തിയ മറ്റൊരു കൊലക്കേസില്‍ ജീവപര്യന്തം കഠിനതടവും 66,000 രൂപ വീതം പിഴയും വിധിച്ചു. മാണിക്കല്‍ ഇടത്തറ പിണവുംകുഴി ചാരുവിള പുത്തന്‍വീട്ടില്‍ സജീവിനെ (23) കൊലപ്പെടുത്തിയ കേസില്‍ മദപുരം സ്വദേശി ഉണ്ണി എന്ന ബിജു, സനല്‍ എന്ന സനല്‍ സിംഗ്, അപ്പി മഹേഷ് എന്ന് വിളിക്കുന്ന മഹേഷ് എന്നിവരെയാണ് ജില്ലാ അഡീഷണല്‍ ജില്ലാ ജഡ്ജ് സി ജെ ഡെന്നി ശിക്ഷിച്ചത്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ ഉണ്ണിയും സനലും ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികളാണ്.

കൊലപാതകത്തിന് മൂന്നുപേര്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കൊല്ലപ്പെട്ട സജീവിന്റെ അച്ഛനെതിരായ വധശ്രമത്തിന് 15,000 രൂപയും ഏഴ് വര്‍ഷം തടവും, സജീവിന്റെ അനുജന്‍ സനൂജിനെ ആക്രമിച്ചതിന് ഒരു വര്‍ഷം തടവും 1000 രൂപയുമാണ് ശിക്ഷ. 66,000 രൂപ വീതം 1,98,000 രൂപയാണ് മൂന്നുപേരുമായി പിഴയടക്കേണ്ടത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴയില്‍ നിന്ന് ഒന്നരലക്ഷം രൂപ മരിച്ചയാളുടെ അനന്തരാവകാശികള്‍ക്ക് നല്‍കണം.

2008 ജനുവരി 13നാണ് അടുത്ത സുഹൃത്ത്കൂടിയായ സജീവിനെ പ്രതികള്‍ തലക്കടിച്ച് കൊന്നത്. നാട്ടിലുണ്ടായ വിഷയത്തെ ചൊല്ലി സജീവിന്റെ സഹോദരന്‍ സനൂജുമായി വാക്ക് തര്‍ക്കമുണ്ടായി. പ്രകോപിതരായ പ്രതികള്‍ ആയുധവുമായി സജീവിന്റെ വീട്ടിലെത്തി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സജീവ് പിറ്റേന്ന് മരിച്ചു. സജീവിന്റെ അഛന്‍ ശശി, സഹോദരന്‍ സനൂജ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

കേസില്‍ പ്രോസിക്യൂഷനു വേണ്ടി ഡോ ടി ഗീനാകുമാരി ഹാജരായി. വെഞ്ഞാറാമൂട് ഇരട്ട കൊലകേസില്‍ ഉണ്ണിയും സനലും ഉള്‍പ്പെടെ ഒമ്പത് പ്രതികളാണുള്ളത്. പൊലീസ് കുറ്റപത്രം നല്‍കിയ ഈ കേസില്‍ പ്രതികള്‍ റിമാന്റില്‍ തുടരുകയാണ്. സജീവ് കേസില്‍ ശിക്ഷ വിധിച്ചതോടെ ജയിലില്‍ കിടന്നുതന്നെ ഇവര്‍ക്ക് വെഞ്ഞാറാമൂട് കേസില്‍ വിചാരണ നേരിടേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News