കഴക്കൂട്ടത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിൽ നിന്നും ബിജെപി പിന്മാറണം – കടകംപള്ളി സുരേന്ദ്രൻ

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വെല്ലുവിളിയുടെയും രാഷ്ട്രീയം ഉയർത്തുക മാത്രമല്ല ജനങ്ങൾ സമാധാനത്തോടെ കഴിയുന്ന കഴക്കൂട്ടം മണ്ഡലത്തിൽ സംഘർഷം അഴിച്ചുവിട്ട് ക്രമസമാധാനനില തകർക്കാൻ കൂടി ശ്രമിക്കുകയാണ് ബിജെപി സ്ഥാനാർഥിയും കൂട്ടരും. ചെമ്പഴന്തി അണിയൂരിൽ ഇന്ന് വൈകിട്ട് ബിജെപി സ്ഥാനാർഥി പര്യടനത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിച്ച സംഭവം ആസൂത്രിതമാണ്.

ബി ജെ പി സ്ഥാനാർഥി പര്യടനം നടക്കുന്ന സ്ഥലത്തുകൂടെ അമ്മയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ യാതൊരു പ്രകോപനവുമില്ലാതെ ബിജെപി ക്രിമിനലുകൾ ആക്രമിക്കുകയായിരുന്നു. വെല്ലുവിളികളും വിദ്വേഷം വമിപ്പിക്കുന്ന പ്രസ്താവനകളും നിരന്തരം പുറപ്പെടുവിക്കുന്ന സ്ഥാനാർഥിയെയും കൂട്ടരെയും കഴക്കൂട്ടം ജനത തള്ളിക്കളഞ്ഞതോടെയാണ് ഇങ്ങനെയൊരു പദ്ധതി പ്ലാൻ ചെയ്തത്. ഇത്തരം കുടിലശ്രമങ്ങളൊന്നും ഇവിടെ വിലപ്പോവില്ല എന്ന് കഴക്കൂട്ടത്തെ അറിയാത്ത സ്ഥാനാർഥി മനസിലാക്കുന്നത് നല്ലതാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറില്ല എന്നും ഞങ്ങൾ മുൻപും പലതും ചെയ്തിട്ടുണ്ടെന്നുമൊക്കെയുള്ള കൊലവിളിയാണ് സ്ഥാനാർഥിയോടൊപ്പമുള്ള ക്രിമിനലുകൾ മുഴക്കുന്നത്.

കഴക്കൂട്ടത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിൽ നിന്നും ബിജെപി പിന്തിരിയണം. എത്ര തന്നെ കുടിലതന്ത്രങ്ങൾ ആസൂത്രണം ചെയ്താലും യാഥാർഥ്യം തിരിച്ചറിയാനും ശെരി തിരഞ്ഞെടുക്കാനും കഴക്കൂട്ടം ജനതയ്ക്ക് കഴിയും എന്നത് ഇക്കൂട്ടർ മനസിലാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here