ഷൂട്ടിനിടെ പലരുടേയും ഫോണുകള്‍ പ്രവര്‍ത്തിക്കാതെ ആയി ; ചതുര്‍മുഖത്തിന്റെ ലൊക്കേഷനില്‍ നടന്ന വിചിത്ര സംഭവങ്ങളെപ്പറ്റി മഞ്ജു പറയുന്നു

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ ലൊക്കേഷനില്‍ വിചിത്രമായ സംഭവങ്ങളായിരുന്നു നടന്നതെന്ന് നടി മഞ്ജു വാര്യര്‍. സംഭവിച്ചതൊന്നും അനിഷ്ട സംഭവങ്ങളല്ലെന്നും ഇതൊക്കെ പ്രഷ്യസ് ആണെന്നുമായിരുന്നു മഞ്ജു പ്രസ് മീറ്റില്‍ പറഞ്ഞത്.
ഇതൊന്നും വേറെ എവിടേയും കിട്ടുന്നതല്ലെന്നും മഞ്ജു പറഞ്ഞു.

ഒരു പെയിന്റിങിന്റെ ഷോട്ട് എടുക്കുന്ന സീന്‍ ഉണ്ടായിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് ആ പെയിന്റിങ് നിലത്തേയ്ക്ക് വന്നു വീണു. ഷൂട്ടിനിടെ പലരുടേയും ഫോണുകള്‍ പ്രവര്‍ത്തിക്കാതെ ആയി. ഇവിടെയും അങ്ങനെ വന്നപ്പോള്‍ എനിക്ക് ഉറപ്പായി. ഇപ്പോള്‍ തന്നെ നിങ്ങള്‍ കണ്ടില്ലേ ഇവിടെ തുടങ്ങിയത് മുതല്‍ എന്തൊക്കെ സംഭവങ്ങളാണ് നടക്കുന്നത്. ഇതുപോലെ ഇഷ്ടം പോലെ അനുഭവങ്ങള്‍ ലൊക്കേഷനില്‍ ഉണ്ടായി.

ചില സമയത്തൊക്കെ ലൊക്കേഷനില്‍ പലരുടേയും ഫോണുകള്‍ പെട്ടെന്ന് വര്‍ക്ക് ചെയ്യാതായിപ്പോവുമായിരുന്നു. ചില പ്രത്യേക സമയങ്ങളില്‍ എല്ലാവരുടേയും ഫോണുകള്‍ പെട്ടെന്ന് ഔട്ട് ഓഫ് റേഞ്ച് ആവുന്നു.ഫോണുകള്‍ പെട്ടെന്ന് ഓഫാവുന്നു. അങ്ങനെയൊക്കെയുള്ള ഇഷ്ടംപോലെ അനുഭവങ്ങള്‍. ഇവിടെ സാക്ഷി പറയാന്‍ ആള്‍ക്കാരുണ്ടാകും. എനിക്കും ഒരു തവണ അങ്ങനെ ഫോണ്‍ ഹാങ് ആവുകയൊക്കെ ചെയ്തു, എന്നായിരുന്നു മഞ്ജു പറഞ്ഞത്.

മുട്ടോളം നീളമുള്ള ബ്ലാക്ക് സ്‌കര്‍ട്ടും വൈറ്റ് ടോപ്പുമെല്ലാമണിഞ്ഞ് നല്ല ക്യൂട്ട് ലുക്കിലായിരുന്നു മഞ്ജു ചതുര്‍മുഖത്തിന്റെ പ്രസ്മീറ്റിനെത്തിയത്. മഞ്ജുവിന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. മഞ്ജു വാര്യരും സണ്ണി വെയ്‌നും വേഷമിടുന്ന, രഞ്ജിത്ത് കമല ശങ്കറും, സലീല്‍ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചതുര്‍മുഖത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു.

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുര്‍മുഖം ടെക്നോ-ഹൊറര്‍ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറ പ്രവര്‍ത്തകരും ചതുര്‍മുഖത്തില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here