കാലവും പ്രായവും ശലഭങ്ങളെ പോലെ നേർത്ത ചിറകടിനാദം പോലും കേൾപ്പിക്കാതെ കൺമുന്നിലൂടെ കടന്നുപോകും:ജോൺ ബ്രിട്ടാസ് എഴുതുന്നു

കാലവും പ്രായവും ശലഭങ്ങളെ പോലെയാണ്. നേർത്ത ചിറകടിനാദം പോലും കേൾപ്പിക്കാതെ കൺമുന്നിലൂടെ കടന്നുപോകും. ഒരു തേങ്ങലും വിതുമ്പലും ഒഴിച്ചുനിർത്തിയാൽ മരണവും ഇതുപോലെയാണ്. ജീവിതത്തോട് ചേർന്നു നിന്നവർ ഒരു ഇതൾ കൊഴിയും ലാഘവത്തോടെ അരങ്ങൊ‍ഴിയും. കഴിഞ്ഞ ആഴ്ച ഭാര്യയുടെ അമ്മ തെരേസ വിടപറഞ്ഞു. അവരുടെ ഭർത്താവ് തോമസ് മരിച്ചിട്ട് ഒരാണ്ട് തികഞ്ഞതേയുള്ളൂ. മൂപ്പർ വിടപറഞ്ഞ അന്നുമുതൽ ജീവിതത്തോടുള്ള വിരക്തി പുള്ളിക്കാരിയിലും തുടങ്ങി. അത് അനുദിനം ജീവിതക്രമത്തെ താളം തെറ്റിക്കുന്ന രീതിയിലേക്ക് വളർന്നു. മക്കളുടെയും പേരകുട്ടികളുടെയും സാമീപ്യം കുറച്ചൊക്കെ അവരുടെ ജീവിതത്തെ ട്രാക്കിലാക്കിയെങ്കിലും പാളം തെറ്റി ഓടാനുള്ള വെമ്പൽ പ്രകടമായിരുന്നു. മനസ്സ് ചഞ്ചലമായാൽ ശരീരം തീർക്കുന്ന പ്രതിരോധം പലപ്പോഴും വൃഥാവിലാകും. പങ്കാളിയില്ലാത്ത ജീവിതം വ്യർത്ഥവും എന്തിനേറെ ആർഭാടവും ആണെന്ന് നിനച്ചാൽ രോഗങ്ങൾ ഘോഷയാത്രകളായി എത്തും. 75വയസ്സ് എന്നത് മരിക്കാനുള്ള പ്രായമല്ല. പ്രത്യേകിച്ച്, ആധുനിക വൈദ്യശാസ്ത്രം മികവോടെ തലയുയർത്തി നിൽക്കുമ്പോൾ. അസുഖങ്ങളിൽ നിന്ന് മുക്തി നേടി എന്ന് നിനച്ചിരിക്കുമ്പോഴാണ് ഒരു പുലർവേളയിൽ ആരെയുമറിയിക്കാതെ ഈ ലോകത്തുനിന്ന് അവർ കടന്നു പോയത്.

തെരേസ

വിവാഹത്തെ തുടർന്ന് കാൽനൂറ്റാണ്ടിലേറെയായി എന്റെ ജീവിതത്തിന്റെ ഭാഗഭാക്കായ രണ്ടുപേർ കാലയവനികയ്ക്ക് പിന്നിലേക്ക് പോയി. ഷീബയെ വിവാഹം കഴിച്ച നാൾമുതൽ അവളുടെ അച്ഛനും അമ്മയും ഞങ്ങളുടെ ജീവിതവുമായി ഇ‍ഴകോർത്താണ് മുന്നോട്ട് പോയത്. മൂത്തമകൾ ആയതുകൊണ്ടും അവരുടെ ജീവിതചര്യകളുമായി പലകാരണങ്ങൾകൊണ്ടും ഇ‍ഴയടുപ്പം ഉള്ളതുകൊണ്ടും ഞങ്ങളുടെ കുടുംബത്തിലെ അവിഭാജ്യ ഘടകമായി ഇരുവരും മാറി എന്ന് പറയുന്നതാവും ശരി. യാത്ര മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ എന്റെ അഭാവത്തിൽ പലപ്പോഴും അവരുടെ സാന്നിദ്ധ്യമാണ് കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങൾക്കുള്ള പ്രതിവിധിയായി ഭവിച്ചത്. കുട്ടികളെല്ലാം കുടുംബവുമായി അവരുടെ ജീവിത തിരക്കുകളിലേക്ക് മാറിയപ്പോൾ ഏകാന്തതക്കും വിരസതക്കും പരിഹാരമായി ഇരുവരും ഏറെ ആശ്രയിച്ചത് ഞങ്ങളെ ആയിരുന്നു. പരസ്പര സഹകരണത്തിന്റെ അലിഖിതമായ ചേരുവകൾക്ക് ഭംഗി ആവോളം ഉണ്ടായിരുന്നു.

ജനനത്തിനും മരണത്തിനും ഇടയിലുള്ള ഇടവേള മാത്രമാണ് ജീവിതം. മരണമെന്ന പ്രക്രിയയിലൂടെയാണ് പ്രകൃതി തന്നെ നിലനിൽകുന്നത്. ഇതൊക്കെ പരമസത്യങ്ങളാണെങ്കിലും ഒരോ മരണവും ആരുടെയൊക്കെയോ ജീവിതത്തിൽ ശൂന്യതയുടെ ഇരുണ്ടവൃത്തങ്ങൾ സമ്മാനിക്കും. എന്റെ അമ്മ സ്ഥിരമായി പറയുന്ന പ‍ഴമൊ‍ഴിയുണ്ട്; പ‍ഴുത്ത പ്ലാവില വീ‍ഴുമ്പോൾ പച്ചപ്ലാവില ചിരിക്കും. പ്രായമുള്ളവരെ അസ്കിതയോടെ വീക്ഷിക്കുന്നവരെ ജാഗ്രതപ്പെടുത്തുന്ന പ‍ഴമൊ‍ഴിയാണിത്. ജീവിതക്രമത്തിൽ ചെറുപ്പം വാർദ്ധക്യത്തിന് വ‍ഴിമാറും. മാതാപിതാക്കൾ കൂടെയുള്ളപ്പോൾ അവരുടെ വില മനസ്സിലാക്കുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞ് വരികയാണ്. അനാഥമന്ദിരങ്ങളും വൃദ്ധമന്ദിരങ്ങളും കൂൺപോലെ പൊട്ടിമുളയ്ക്കുന്നതിന്റെ കാരണവും ഇതുതന്നെ.

ഷീബയുടെ അച്ഛനും അമ്മയും ജീവിതസായാഹ്നത്തിൽ ഞങ്ങളോടൊപ്പം ചേർന്നാണ് അവരുടെ ഏറ്റവും വൈഷമ്യമേറിയ ഘട്ടത്തെ നേരിട്ടത്. ഡാഡി മൂന്ന് നാല് വർഷം ക്യാൻസറിനോട് പടവെട്ടിയാണ് മരണത്തെ വരിച്ചത്. ഒരിക്കൽ പോലും അദ്ദേഹത്തിന് മരണഭയം ഉള്ളതായി ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല. സമയം സമാഗതമായി എന്ന നിലപാടിലായിരുന്നു അവസാനകാലം. തന്റെ അഭാവത്തിൽ ഭാര്യ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന ചില്ലറ വേവലാതികൾ ഉണ്ടായിരുന്നെങ്കിലും അവയോടും മൂപ്പർ എളുപ്പത്തിൽ പൊരുത്തപ്പെട്ടു. പരസ്പര ആശ്രിതത്വമായിരുന്നു ഇരുവരുടെയും ജീവിതത്തിന്റെ ആണിക്കല്ല്. ഒരാളുടെ മരണം മറ്റേയാളെ പരിപൂർണമായി തളർത്തുന്നത് ഞാൻ നേരിൽ കണ്ടതുകൊണ്ട് തന്നെ ഇത്രയും ആശ്രിതത്വം പാടില്ലെന്ന എന്റെ പ്രഖ്യാപിത നിലപാട് ശരിയാണെന്ന് തെളിഞ്ഞു. ഇന്നേവരെ അവർ രണ്ടായി യാത്ര ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. പരാമ്പരാഗത തൊ‍ഴിൽ വിഭജനം ദൃഢാചാരം പോലെ ഇരുവരും പാലിച്ചു. അടുക്കള പൂർണമായും ഭാര്യയുടെ അധികാര പരിധിയിലും ബാഹ്യലോകം മൂപ്പരുടെ നിയന്ത്രണത്തിലും. ഇക്കാരണം കൊണ്ടാണ് ഒരാളുടെ തളർച്ച മറ്റൊരാളുടെ നിരാലംബതയ്ക്ക് വ‍ഴിവെക്കുന്നത്.

ഇരുവർക്കും ലഭിക്കേണ്ട പരിഗണനയും സ്നേഹവും സഹാനുഭൂതിയും മക്കൾ നൽകിയോ എന്നൊക്കെ അവർ ചിന്തിക്കേണ്ട കാര്യമാണ്. ചെയ്തതിനും ചെയ്യാത്തതിനും ഓരോരുത്തർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകും. എന്നാൽ പ്രായമായ മാതാപിതാക്കൾക്ക് എത്രകണ്ട് പരിഗണന നൽകിയാലും അത് കൂടുതൽ ആവില്ല എന്ന പക്ഷക്കാരനാണ് ഞാൻ. അമ്മയും ഷീബയും തമ്മിൽ വല്ലപ്പോഴുമാണെങ്കിൽ പോലും ചില്ലറ കാര്യങ്ങൾക്ക് ഒന്നും രണ്ടും വർത്തമാനം പറയുന്നത് ഒഴിവാക്കണമെന്ന് നിരന്തരം ഞാൻ ഉദ്ബോധിപ്പിച്ചിരുന്നു. മലയാളിയുടെ അഭിമാനമായ മമ്മൂട്ടി എനിക്ക് പറഞ്ഞുതന്ന ഒരു കാര്യമുണ്ട്. ഓരോരുത്തരുടെ തലയിലും ലോഡ് ചെയ്തിരിക്കുന്നത് വെവ്വേറെ സോഫ്റ്റ് വെയറുകളാണ്. അതുകൊണ്ട് ഒരേ ബെഞ്ചിലിരുന്നാലും വ്യത്യസ്തമായിട്ടായിരിക്കും രണ്ടുപേർ ചിന്തിക്കുക.

രണ്ട് കാലഘട്ടത്തിന്റെ ഉൽപ്പന്നങ്ങളായ അമ്മയ്ക്കും മകൾക്കുമിടയിൽ സോഫ്റ്റ്‌വെയർ മാത്രമല്ല അതിന്റെ വേർഷനിൽ പോലും അജഗജാന്തരം ഉണ്ടാകും. ഇതൊക്കെ പറയാൻ നല്ല ചേലാണെങ്കിലും കാര്യത്തോടടുക്കുമ്പോൾ ആർക്കായാലും ക്ഷമ കെട്ടുപോകും. എന്തൊക്കെയായാലും മകളുടെ പരിരക്ഷയും സ്നേഹവും അനുഭവിച്ചാണ് അമ്മ വിടപറഞ്ഞത്. മക്കൾക്കും മാതാപിതാക്കൾക്കും ഇടയിലുള്ള കൊടുക്കൽ വാങ്ങലുകൾക്ക് ബാക്കിപത്രം വെക്കുന്നതിൽ അർത്ഥമില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്. നമ്മൾ മാതാപിതാക്കൾക്ക് കൊടുക്കുന്നത് മുതലും പലിശയും ചേർത്ത് നമ്മുടെ മക്കൾ തിരിച്ച് തരും.

ഒരു റീടേയ്ക്ക് ഇല്ല എന്നുള്ളതാണ് ജീവിതത്തെ ഏറ്റവും മനോഹരമാക്കുന്നത്. വന്ന വഴിയിലൂടെ തിരിച്ചു നടക്കാൻ കഴിയുമായിരുന്നെങ്കിൽ പുതുവഴി തേടിപ്പോകാനായിരിക്കും ബഹുഭൂരിപക്ഷം പേരും മെനക്കെടുക. ഗഹനമായ വിഷയങ്ങളല്ല മറിച്ച് നുറുങ്ങുകളുടെ മസാലക്കൂട്ട് മാറ്റിപ്പിടിക്കാനായിരിക്കും ഒരവസരം കൂടി കിട്ടിയാൽ ഷീബയും അമ്മയും ശ്രമിക്കുക. അമ്മ വെച്ച സാമ്പാറിന്റെ രുചിയെ കുറിച്ച് രണ്ടു വാചകം പറയാതെ പോയതിന്റെ വിഷമം തീർക്കാൻ അവൾ ശ്രമിച്ചേക്കാം. ചെറു കാര്യങ്ങളുടെ മഹാറാണി ആകാനാണ് അമ്മമാർക്കിഷ്ടം.

ഇത് കണ്ടറിഞ്ഞ് ചെയ്യുന്ന സാമർത്ഥ്യമുള്ള ആൾക്കാരുമുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഞങ്ങളുടെ കൂടെ താമസിക്കാൻ വന്ന എന്റെ മരുമക്കൾ ശീതളും ഷാരോണും ഇക്കാര്യത്തിൽ ഡോക്ടറേറ്റ് നേടിയവരാണ്. നാനി (എന്റെ മക്കൾ അമ്മമ്മയെ വിളിക്കുന്നത് അങ്ങനെയാണ്) എന്തുണ്ടാക്കിയാലും അതിന് A+ നൽകാൻ ഇരുവരും മൽസരിക്കും. രുചിച്ച് പോലും നോക്കാതെ തന്നെ അതിഗംഭീരം എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോഴേ ഈ പെർഫോർമൻസ് ആണെങ്കിൽ ഇനി എത്രപേരെ ഇവർ കുപ്പിയിലാക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്. എന്തായാലും നാനിക്ക് അത് വലിയ സന്തോഷവും ആശ്വാസവും ആയിരുന്നു. ഉള്ളത് ഉള്ളതുപോലെ പറയുന്നത് പാചകത്തിന്റെ കാര്യത്തിലെങ്കിലും പരമ ബോറാണ്. വർത്തമാനത്തിലെങ്കിലും അല്പം മസാല കൂട്ടിയിടുക എന്ന പാഠമാണ് ഞാൻ എന്റെ മരുമക്കളിൽ നിന്ന് പഠിച്ചത്. ഇവരുടെ ക്ലാസ്സിൽ എത്രകാലം ഇരുന്നാലും ഷീബ അത് പഠിക്കുമെന്ന് തോന്നുന്നില്ല.

ശീതളും ഷാരോണും

ശീതളിന്റെയും ഷാരോണിന്റെയും ബുദ്ധിപരമായ നീക്കങ്ങൾ നാനിക്ക് മനസ്സിലായിരുന്നോ എന്ന് അറിയില്ല. എന്നാൽ അവർ കുക്കീസ്, കേക്ക് എന്നൊക്കെ പറഞ്ഞ് ഓവനിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് അകംപടിയും അകമഴിഞ്ഞ പ്രോൽസാഹനവും നാനി നൽകിയിരുന്നു. ഇന്നേവരെ അവരുണ്ടാക്കിയ ഒരു സാധനത്തിനും ഡിസ്റ്റിക്ഷനിൽ കുറഞ്ഞ മാർക്ക് നാനി നൽകിയിട്ടുമില്ല. കരിഞ്ഞുപോയ കുക്കീസിനെ പോലും വാഴ്ത്തി വെളുപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.


ശീതളിന്റെയും ഷാരോണിന്റെയും പരീക്ഷണശാലയിൽ നിന്നും

ഓരോ മരണവും ഓരോ പാഠം നമുക്ക് സമ്മാനിച്ചിട്ടാണ് കടന്നുപോകുന്നത്. ജീവിത യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാനും പുതിയ തിരിച്ചറിവുകൾ നേടാനും നമ്മെ പ്രാപ്തരാക്കുന്നു. യൗവനത്തിൽ വിധവയായി ഒരു കുടുംബത്തെ മുഴുവൻ കരയ്ക്കടുപ്പിച്ച ശേഷം ഇന്ന് നവതിയുടെ നിറവിൽ ഇടറിയ ചുവടുകളും മുറിഞ്ഞ ഓർമകളുമായി ജീവിതം തള്ളിനീക്കുന്ന എന്റെ അമ്മ നൽകുന്നത് വലിയൊരു പാഠമാണ്.

അന്നമ്മ(അമ്മ)

അവരിൽ നിന്ന് ഏതാനും ഏടുകൾ കടം എടുത്തിരുന്നെങ്കിൽ ഷീബയുടെ അമ്മ കുറേക്കാലം കൂടി ജീവിച്ചിരിക്കുമായിരുന്നു. ചാച്ചൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിൽ പൊരുതി നേടാൻ അസാമാന്യ ധൈര്യമാണ് എന്റെ അമ്മ പ്രകടിപ്പിച്ചത്.

അമ്മ ചെറുമകൾക്കൊപ്പം(പഴയ ചിത്രം)

“യാത്രയുടെ അന്ത്യത്തിൽ ഞാൻ ഏതോ നാൽകവലയിൽെവച്ചു ഒരു അപ്പൂപ്പൻതാടി പോലെ ഉയർന്ന് ആകാശത്തിന്റെ നീലിമയിൽ പറക്കും.” – നഷ്ടപ്പെട്ട നീലാംബരിയിൽ മാധവികുട്ടി കോറിയ വരികളിൽ മരണത്തിനുള്ളത് സൗന്ദര്യം മാത്രമാണ്. മനോഹരമായത് കൊണ്ടായിരിക്കാം മരിച്ചവരൊന്നും ഇതുവരെ തിരിച്ചു വരാത്തത്. എന്നാൽ ജീവിച്ചിരിക്കുന്ന നമ്മളിൽ പല മരണങ്ങളും പലതരത്തിലുള്ള രാസപരിണാമം സൃഷ്ടിക്കാം. ഏതൊരാളെ പോലെയും എന്റെ മനസ്സിലും ഒറ്റയ്ക്കും തറ്റയ്ക്കുമായി നഖം കോറിയതുപോലെ അവശേഷിക്കുന്ന മരണത്തിന്റെ പാടുകളുണ്ട്. ഓർമ്മ ശരിക്കും ഉറക്കുന്നതിനുമുമ്പ് എന്നെ വിട്ടു പോയ എന്റെ ചാച്ചന്റെ മരണമാണ് അതിൽ ഒന്ന്. ഇതേക്കുറിച്ച് ഞാൻ എവിടെയൊക്കെയോ എഴുതിയിട്ടുണ്ട്. അദ്ദേഹം മരിച്ചപ്പോൾ ഒരുതുള്ളി കണ്ണുനീർ പോലും ഞാൻ പൊ‍ഴിച്ചിട്ടില്ല. ആദ്യമായി ഞങ്ങളുടെ നാട്ടിൽ എത്തിയ ആംബുലൻസിലായിരുന്നു എന്റെ കണ്ണ്. നഷ്ടത്തിന്റെ ആഘാതം മനസ്സിലാകാതെ ചുറ്റും ഉയർന്ന ഏങ്ങലുകൾക്കിടയിൽ നിർവികാരതയോടെയാണ് ഞാൻ ആ മരണത്തെ വരവേറ്റത്. എന്നാൽ പിന്നീട് ബോർഡിംഗ് സ്കൂളിന്റെ ഡോർമെട്രിയിൽ മാസങ്ങളോളം എന്നെ ആ മരണം വേട്ടയാടി. നഷ്ടബോധവും അനാഥത്വവും സൃഷ്ടിച്ച വിരഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

വിദൂരതയിലുള്ള മരണവും കൂട്ടമരണങ്ങളും നമ്മളെ ബാധിക്കില്ലെന്ന് മൊഴിമുത്ത് പോലെ പത്രപ്രവർത്തകർ പറയാറുണ്ട്. ഒരു മരണം ദുരന്തവും, ലക്ഷം മരണം സ്ഥിതിവിവരക്കണക്കുമാണെന്ന ക്ലീഷെ ഡയലോഗ് ഇതിൽ നിന്നും ഉണ്ടായതാണ്. എന്നാൽ മാധ്യമപ്രവർത്തന പന്ഥാവിൽ അഭിമുഖീകരിക്കേണ്ടി വന്ന പല കൂട്ടമരണങ്ങളും എന്നും മനസ്സിനെ കൊളുത്തി വലിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ കയ്പ് രസമായി തികട്ടി വരാറുമുണ്ട്. ഗുജറാത്ത് കലാപത്തിലെ ദൃശ്യങ്ങളും അലമുറയിട്ടു കരയുന്ന ഉമ്മമാരും ഇന്നും മനസ്സിൽ മായാത്ത ദൃശ്യമാണ്. അഹമ്മദാബാദിലെ അഭയാർത്ഥി ക്യാമ്പിൽ കയ്യിൽ കേറി പിടിച്ച ചുക്കിച്ചുളിഞ്ഞ ഹസ്തം പലപ്പോഴും മനസ്സിൽ തെളിഞ്ഞുവരും. ഭർത്താവിന്റെയും മക്കളുടെയും പേരക്കിടാങ്ങളുടെയും അരുംകൊലയ്ക്ക് സാക്ഷ്യംവഹിച്ച വയോധികയായ ഉമ്മയുടെതായിരുന്നു ആ കൈ.

ഗുജറാത്ത് ഭൂകമ്പത്തിലെ മരണത്തിന്റെ വിളയാട്ടം മനസ്സിൽ മിന്നൽപ്പിണറുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഭുജിലെ അഞ്ജാറിൽ കണ്ട കാഴ്ച ഇന്നലെ കണ്ടതുപോലെ തോന്നുന്നു. റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങളുടെ മേലെയാണ് സ്കൂൾ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞ് വീണത്. ഇരുന്നൂറോളം വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. സാരിയിലും തുണിയിലും പൊതിഞ്ഞ് ഓരോ കുഞ്ഞിന്റെയും മൃതദേഹം തുറന്ന ലോറിയിലേക്ക് എറിയുന്ന കാഴ്ച ക്യാമറയിൽ ഒപ്പിയെടുക്കേണ്ടി വന്നതിന്റെ ഗതികേടിൽ എന്നും പരിതപിച്ചിരുന്നു.

കൂട്ടമരണത്തിന്റെ മറ്റൊരു ഭീകരമുഖം എനിക്ക് സമ്മാനിച്ചത് ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദ് ആണ്. ഇറാഖ്-അമേരിക്ക യുദ്ധത്തിൽ അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ച് കൊണ്ട് സിവിലിയൻ ഷെൽട്ടറായ അമീറിയ ബംങ്കർ അമേരിക്ക ബോംബിട്ട് തകർത്തു. ശ്വാസം കിട്ടാൻ തീർത്ത കിളിജാലകപ്പഴുതിലൂടെ രണ്ട് ലേസർ ബോംബുകളാണ് അമേരിക്ക കടത്തിവിട്ടത്. എന്ത് സംഭവിക്കും എന്ന് ആലോചിക്കാൻ പോലും സമയം കിട്ടുന്നതിനു മുൻപ് 408 പേർ ഉരുകി തീർന്നു. വിവാഹിതരായ നവദമ്പതികൾ ആ വേഷത്തിൽ തന്നെയാണ് സൈറൻ മു‍ഴങ്ങിയപ്പോൾ ഷെൽട്ടറിൽ അഭയം പ്രാപിച്ചത്. ആലിംഗനബദ്ധരായിരുന്നവർ ഭിത്തിയിലേക്ക് ഉരുകി ചേർന്നത് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും.

ജീവിതത്തെക്കാളേറെ ചരിത്രം ഘോഷിച്ചിട്ടുള്ളത് മരണങ്ങളാണ്. ചെഗുവേരയുടെ മരണം ഇന്നും ലോകം ചർച്ച ചെയ്യുന്നു. കേരളത്തിലെ ക്യാമ്പസുകളിൽ ഇന്നും വിദ്യാർഥികൾക്ക് ഉരുവിടുന്ന വാചകമാണ് – “പുലരി തേടിയുള്ള യാത്രയിൽ ഞങ്ങൾ വീണുപോയേക്കാം. പക്ഷേ കാലത്തിന്റെ ചുവരിൽ ഞങ്ങൾ രക്തം കൊണ്ട് കുറിച്ചിടും. കൊല്ലാം പക്ഷേ തോൽപ്പിക്കാനാക്കില്ല.” മരണവീചികൾക്ക് അപാരമായ മാസ്മരികതയുണ്ട്. ഏതൊരു ജനനത്തെക്കാളും മനസ്സിനെ സ്വാധീനിക്കുന്നത് മരണം തന്നെയാണ്. അന്ത്യയാത്രയുടെ അസ്തമന ശോഭ ഇല്ലെങ്കിൽ ജീവിതം തന്നെ വ്യർത്ഥമല്ലേ. പക്ഷേ, ഓരോ മരണവും നമ്മെ പഠിപ്പിക്കുന്ന പാഠങ്ങളുണ്ട്. അത് നുകരുമ്പോൾ മാത്രമേ മനുഷ്യൻ മനുഷ്യനാകുന്നുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News