യുഡിഎഫ് കിഫ്ബിയുടെ ആരാച്ചാരാവുന്നു; കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രത്തിന് വാതില്‍ തുറന്നുകൊടുത്തത് യുഡിഎഫ്: മുഖ്യമന്ത്രി

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവർമെൻറിന്‌ വാതിൽ തുറന്നിട്ടത്‌ യുഡിഎഫാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയെക്കുറിച്ച് ആകാശകുസുമം, മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം എന്നൊക്കെ പരിഹസിക്കുമ്പോഴും അതിന്റെ കഴുത്തില്‍ കുരുക്കിടാനുള്ള ആരാച്ചാര്‍ പണി യുഡിഎഫ് എടുക്കുമെന്ന് നമ്മളാരും കരുതിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ അനുഭവമുള്ള നാടാണ്‌ ഇത്‌. അതിൽ ജനം വലിയ രോഷത്തിലായിരുന്നു. ഇന്നിപ്പോൾ അടുത്ത നൂറു വര്‍ഷത്തേക്ക് ആയുസ്സുള്ള പാലം എല്‍ഡിഎഫ് സര്‍ക്കാര്‍ പണിതിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു കൊല്ലം മുന്‍പ് യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായി ഈ നാടിനെ മാറ്റിയപ്പോൾ ലോകമെങ്ങുമുള്ള മലയാളികൾ വലിയ മനോവേദനയിലായിരുന്നു. ഒരു മാറ്റം വേണമെന്ന്‌ ജനം ആഗ്രഹിച്ചു. ഇന്നിപ്പോൾ രാജ്യത്ത്‌തന്നെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്‌ഥാനമായി കേരളം മാറി. അഴിമതി പൂര്‍ണ്ണമായി ഇല്ലാതായി എന്ന് പറയാനാവില്ല. എന്നാൽ എല്ലാ തലത്തിലുമുള്ള അഴിമതിയും ഇല്ലാതാക്കുന്നതിനു വിട്ടുവീഴ്ചയില്ലാത്ത നിലപാട് എല്‍ഡിഎഫ് തുടര്‍ന്നും സ്വീകരിക്കും.

അഴിമതിക്കെതിരായ ഈ നിലപാട്‌ പലരേയും അസ്വസ്ഥരായാക്കിയിട്ടുണ്ട്. അവരുമായി ചേര്‍ന്നാണ് യു ഡിഎഫ് സര്‍ക്കാരിനെതിരായ യുദ്ധത്തിനിറങ്ങിയത്. അത്തരം ആക്രമണങ്ങള്‍ക്കൊന്നും ഈ സര്‍ക്കാരിനെ നേരിയ പോറല്‍ പോലും ഏല്‍പ്പിക്കാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ അവര്‍ ഒരു കാര്യം സാധിച്ചു കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാന്‍ ബിജെപി നയിക്കുന്ന കേന്ദ്ര ഗവര്‍മെന്റിന് വാതിൽ തുറന്നിട്ട് കൊടുത്തു. കേരളത്തിന്റെ അതിജീവന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ അവര്‍ക്ക് കിഫ്ബിയെ തകര്‍ക്കണം; ലൈഫ് പദ്ധതി അട്ടിമറിക്കണം. ജനങ്ങള്‍ക്കുള്ള ഭക്ഷണവും പെന്‍ഷനും പോലും മുടക്കണം എന്ന നിലപാടെടുത്ത പ്രതിപക്ഷ നേതാവ് കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ കേരളത്തിലെ ശക്‌തനായ വക്‌താവായി.

കേന്ദ്രം പണം തരാത്തത് കൊണ്ടും ആവശ്യത്തിന് വരുമാനം ഇല്ലാത്തതു കൊണ്ടും ഖജനാവിന് ശേഷിയില്ലാത്തതു കൊണ്ടും പ്രകൃതി ദുരന്തങ്ങള്‍ കൊണ്ടും വികസനം നടക്കുന്നില്ല എന്ന ന്യായീകരണം നിരത്തി സര്‍ക്കാരിന് കൈമലര്‍ത്താമായിരുന്നു. അത് ജനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ, എല്‍ഡി എഫ് സര്‍ക്കാര്‍ അങ്ങനെയല്ല ചെയ്തത്. പണമില്ലാത്തതു കൊണ്ട് നാടിന്റെ വികസനം മുടങ്ങരുത് എന്ന ഉറച്ച തീരുമാനമെടുത്തു.

പണം സമാഹരിക്കാന്‍ കിഫ്ബിയെ നവീകരിച്ചു പ്രയോഗത്തിൽ കൊണ്ടുവന്നു. ഒരു വികസന പദ്ധതിയും മുടക്കിയില്ല. പുതിയവ ഏറ്റെടുത്തു. കേരളത്തില്‍ വികസനത്തിന്റെ കുതിപ്പിന് കിഫ്ബി ഇന്ധനമായി. ആ കിഫ്ബിയെ തകര്‍ക്കാന്‍ എന്താണ് യുഡിഎഫിന് ഇത്ര ആവേശം. കേരളത്തെ നശിപ്പിച്ചേ അടങ്ങൂ എന്ന സംഘപരിവാറിന്റെ അതിമോഹത്തിന് വാദ്യം വായിക്കാന്‍ എന്ത് കൊണ്ടാണ് യുഡിഎഫ് നേതൃത്വം തയ്യാറാകുന്നത്‌. സ്വന്തം മണ്ഡലങ്ങളില്‍ കിഫ്ബി മുഖേന നടപ്പാക്കിയ വികസന പദ്ധതില്‍കെളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നവരാണ് അതിനെ തുരങ്കം വെയ്‌ക്കാനും നോക്കുന്നത്‌.

കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് സംഘം കിഫ്ബിയുടെ സിഇഒ അടക്കമുള്ളവരെ പാതിരാത്രി വരെയാണ് ചോദ്യം ചെയ്തത്. ഒരു കടലാസ് അയച്ചാല്‍ അടുത്ത നിമിഷം ലഭ്യമാകുന്ന രേഖകളാണ് കിഫ്ബിയിലുള്ളത്. അതിനു തയ്യാറാകാതെ മിന്നല്‍ പരിശോധനയും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലും നടത്തി കിഫ്ബിയിലെ ഉദ്യോഗസ്ഥരോട് ശത്രുക്കളോടെന്നപോലെ പെരുമാറുകയാണ്‌. ഫെഡറൽ സംവിധാനത്തിൽ സംസഥാനത്തിനുള്ള അധികാരപരിധിയിലാണ്‌ കടന്നുകയറുന്നത്‌. സാധാരണയിൽ കവിഞ്ഞ പ്രവണതകളാണ്‌ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News