ബാലറ്റുമായി ഉദ്യോഗസ്ഥര്‍ വീടുകളിലേക്ക്

മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ തുടങ്ങിയവരുടെ സ്‌പെഷ്യൽ ബാലറ്റ് വോട്ട് ശേഖരണം ജില്ലയിൽ ആരംഭിച്ചു. തെരഞ്ഞെടുപ്പു ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ ബാലറ്റ് എത്തിച്ചാണ്‌ വോട്ട് രേഖപ്പെടുത്തി വാങ്ങുന്നത്.

സ്പെഷ്യൽ പോളിങ്‌ ഓഫീസർമാരുടെ നേതൃത്വത്തിൽ കൊല്ലം മണ്ഡലത്തിലെ കച്ചേരി, കൊട്ടാരക്കരയിലെ വാളകം, ഇരവിപുരത്തെ ചിന്നക്കട, ചാത്തന്നൂരിലെ ചിറക്കര എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ച വോട്ടിങ്‌ നടന്നു. വോട്ടറെ മുൻകൂട്ടി അറിയിച്ചശേഷം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം വീടുകളിൽ എത്തും. സ്‌പെഷ്യൽ പോളിങ് ഓഫീസർ, പോളിങ്‌ അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർ, സിവിൽ പൊലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവർ അടങ്ങുന്നതാണ് സംഘം. വോട്ടർ പട്ടികയിലെ വിവരങ്ങളും തിരിച്ചറിയൽ രേഖയും പരിശോധിച്ചശേഷം സ്‌പെഷ്യൽ ബാലറ്റ് പേപ്പർ വോട്ടർക്കു നൽകും. അപ്പോൾത്തന്നെ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി തിരികെ വാങ്ങും. സന്ദർശന വേളയിൽ വോട്ടർ സ്ഥലത്തില്ലെങ്കിൽ ഒരു അവസരം കൂടി നൽകുന്നുണ്ട്.

നിരീക്ഷണത്തിൽ കഴിയുന്നവർക്കും കോവിഡ് ബാധിതർക്കും ആവശ്യമെങ്കിൽ പേന, പശ, ഗ്ലൗസ്, മാസ്‌ക് എന്നിവ നൽകിയാണ് ബാലറ്റ് വിതരണം ചെയ്യുന്നത്‌. ഇവരുടെ വീടുകളിലേക്ക് പിപിഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോകുന്നത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ പ്രത്യേകം സജ്ജീകരിച്ച ബോക്സുകളിൽ ശേഖരിച്ച് ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാരുടെ കാര്യാലയത്തിൽ സൂക്ഷിക്കും. വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം സൂക്ഷിച്ച് എല്ലാ നടപടിക്രമങ്ങളും വീഡിയോയിൽ പകർത്തും. ഏപ്രിൽ രണ്ടുവരെ സ്‌പെഷ്യൽ ബാലറ്റ് വോട്ട്‌ രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News