കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാലിനും മകനും ഇരട്ടവോട്ട്

ഇരട്ടവോട്ട് ആരോപണത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കോണ്‍ഗ്രസ് നേതാവും നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പത്മജാ വേണുഗോപാലിനും മകനും ഇരട്ട വോട്ടുള്ളതായി രേഖകള്‍.

തൃശൂര്‍, തൃക്കാക്കര മണ്ഡലങ്ങളിലായാണ് ഇരുവര്‍ക്കും വോട്ടുള്ളത്. തൃശൂരില്‍ ബൂത്ത് 29 ലും തൃക്കാക്കരയില്‍ ബൂത്ത് 106 ലുമാണ് ഇരുവര്‍ക്കും വോട്ടുള്ളത്. തൃശൂര്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ 1179ാം വോട്ടറാണ് പത്മജാ വേണുഗോപാല്‍. എറണാകുളം പനമ്പള്ളി നഗര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ 2603ം വോട്ടറും പത്മജ തന്നെ മകന്‍ കരുണ്‍ മേനോനും രണ്ടിടത്തും വോട്ടുണ്ട്.

എല്‍ഡിഎഫിനെതിരായ ആരോപണം എന്ന നിലയില്‍ ചെന്നിത്തലയാണ് വോട്ടര്‍ പട്ടികയിലെ വോട്ട് ഇരട്ടിപ്പ് ആക്ഷേപം ഉന്നയിച്ചത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍ സര്‍ക്കാറിനും എല്‍ഡിഎഫ് നേതാക്കള്‍ക്കുമെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ത്തിയിരുന്നു.

സിപിഐഎം വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. വോട്ടര്‍പട്ടികയിലെ തെറ്റ് തിരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അംഗീകൃത രാഷ്ട്രീയ കക്ഷികള്‍ക്ക് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ അവസരമുണ്ടെന്നും സിപിഐഎം അന്ന് തന്നെ നിലപാടെടുത്തിരുന്നു. പട്ടികയില്‍ വോട്ട് ഇരട്ടിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തുകയും തെറ്റുകള്‍ തിരുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തെങ്കിലും പ്രതിപക്ഷം രാഷ്ട്രീയ ആരോപണം തുടര്‍ന്നുകൊണ്ടിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കോണ്‍ഗ്രസ് യുഡിഎഫ് കേന്ദ്രങ്ങളില്‍ വ്യാപകമായി വോട്ട് ഇരട്ടിപ്പ് കണ്ടെത്തിയതോടെ പ്രതിപക്ഷം പ്രതിസന്ധിയിലായി. രമേശ് ചെന്നിത്തല ഉദാഹരണമായി പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയ വോട്ടര്‍പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നും കോണ്‍ഗ്രസുകാരാണ് വോട്ട് ചേര്‍ത്തതെന്നും അവര്‍ തന്നെ പറഞ്ഞതോടെ രാഷ്ട്രീയ ആരോപണത്തിന്റെ മുനയൊടിഞ്ഞു.

ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇരട്ട വോട്ടുള്ളത് പുറത്തുവന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ മാതാവിനും ഇരട്ട വോട്ടുള്ളത് തെളിവുകള്‍ സഹിതം പുറത്തുവന്നത് ഇതോടെ ചെന്നിത്തലയുടെ ആരോപണത്തിന്റെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെട്ടു.

എന്നാല്‍ അമ്മയുടെ വോട്ട് ഇരട്ടിച്ചത് ഉദ്യോഗസ്ഥരുടെ പിഴവാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കഴക്കൂട്ടത്തെ കേണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്എസ് ലാലിനും ഇരട്ടവോട്ടുള്ള വിവരം പുറത്തുവന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മഹിളാ നേതാവും തൃശൂരില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥിയുമായ പത്മജാ വേണുഗോപാലിനും മകനും ഇരട്ടവോട്ടുള്ള വിവരം പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News