ഗുരുവായൂരിലെ വോട്ടുകച്ചവടം: ബിജെപിയില്‍ പരസ്യപ്രതിഷേധം; പ്രതിഷേധക്കാര്‍ക്കുനേരെ നേതാക്കളുടെ ഭീഷണി

ഗുരുവായൂരില്‍ ബിജെപി നേതൃത്വത്തിനെതിരെ അണികളുടെ പരസ്യ പ്രതിഷേധം. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയതില്‍ ദുരൂഹതയുണ്ടെന്നും നേതാക്കള്‍ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ചാവക്കാട് ബേബി റോഡിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പത്രിക തള്ളിയതിനു പിന്നാലെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ് നേതാക്കള്‍. പ്രതിഷേധക്കാരെ തിരിച്ചടിക്കുമെന്നാണ് യുവമോര്‍ച്ച നേതാവ് പ്രസന്നന്‍ ഗുരുവായൂര്‍ ഭീഷണിമുഴക്കിയത്. എന്നാല്‍ പാര്‍ടിയെ വിറ്റ് കാശാക്കുന്നവര്‍ ആരായാലും പ്രതിഷേധിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പത്രിക തള്ളിപ്പോയ സംഭവത്തില്‍ വിശദീകരണം നടത്തുമെന്ന് പറഞ്ഞ മണ്ഡലം സെക്രട്ടറിയെ പിന്നെ കണ്ടിട്ടില്ല. പകരം മെസഞ്ചറിലൂടെയും മറ്റും പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയാസ്പദമായ നീക്കങ്ങളാണ് നേതൃത്വം നടത്തിട്ടുള്ളതെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്റെ പത്രിക തള്ളിയത് ന്യായീകരിക്കാനാവാതെ വട്ടംകറങ്ങുകയാണ് ബിജെപി നേതൃത്വം. വോട്ട് കച്ചവടത്തിന്റെ ഭാഗമായാണ് പത്രിക തള്ളിയതെന്ന ആരോപണത്തിന് മറുപടി പറയാനാകാതെ വിഷമിക്കുകയാണ് ബിജെപി. അതിനിടെ ഗുരുവായൂരില്‍ പത്രിക നല്‍കിയ ഡിഎസ്ജെപി സംസ്ഥാന ട്രഷറര്‍ ദിലീപ് നായരെ പിന്തുണച്ച് തടിതപ്പാനാണ് ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here