45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍: ഉന്നതതല യോഗം കൂടി; 45 ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കും

സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം വിലയിരുത്തി. ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുവാനുള്ള ഒരുക്കങ്ങളാണ് യോഗത്തില്‍ വിലയിരുത്തിയത്. കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് വാക്സിനേഷനായി ഒരുക്കുന്നത്. ഒരു ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് എന്ന തോതില്‍ 45 ദിവസം കൊണ്ട് വാക്സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്.

വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്സിന്‍ സ്വീകരിക്കുവാന്‍ പൊതുജനങ്ങള്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണം. തെരഞ്ഞെടുപ്പ്, ഉത്സവം, പൊതു പരീക്ഷകള്‍ തുടങ്ങിയവ വരുന്ന സാഹചര്യത്തില്‍ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകേണ്ടത് വളരെ അത്യാവശ്യമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളില്‍ എടുക്കണം. കോവാക്സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍, ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കണം.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ കേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഐ.എം.എ., റോട്ടറി ക്ലബ്, ലയന്‍സ് ക്ലബ് പ്രതിനിധികള്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, ഡബ്ല്യു.എച്ച്.ഒ, യൂണിസെഫ്, യു.എന്‍.ഡി.പി. പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും വാക്സിനേഷന്‍ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News