നന്മ വിളയുന്ന നാട്ടുവഴികളിലൂടെ 
പി രാജീവ്‌

ജനകീയസർക്കാരിന്‌ ഭരണത്തുടർച്ച ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചും അഴിമതിയുടെ പിന്തുടർച്ചയ്‌ക്കെതിരെ ജനജാഗ്രത ഉണർത്തിയും കളമശേരി മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി പി രാജീവിന്റെ പര്യടനം. കാർഷികമേഖലയായ കരുമാല്ലൂർ, വെളിയത്തുനാട്‌ പ്രദേശത്തായിരുന്നു രണ്ടാംദിനത്തിലെ പൊതുപര്യടനപരിപാടി. പച്ചക്കറി ഇനങ്ങളും കാർഷികവിഭവങ്ങളും നൽകിയാണ് സ്ഥാനാർഥിയെ നാട്ടുകാർ വരവേറ്റത്.

രാവിലെ എട്ടിന്‌ വയലോടത്തായിരുന്നു തുടക്കം. കണിപ്പടിയിൽ ആദ്യസ്വീകരണം. വീട്ടുവളപ്പിൽ വിളഞ്ഞ ഒരുകെട്ട് പടവലങ്ങ നൽകി വയോധിക ചെറുവള്ളത്ത് കൊച്ചുപെണ്ണ്‌. സ്‌ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറോളംപേർ തട്ടാരിപ്പറമ്പ് അഷ്റഫിന്റെ വീടിനടുത്തുള്ള സ്വീകരണകേന്ദ്രത്തിൽ എത്തിയിരുന്നു. ഓരോരുത്തരോടും കുശലം പറഞ്ഞ്‌ പിന്തുണയുറപ്പിച്ച്‌ രാജീവ്‌ നാട്ടുകാരിലൊരുവനായി. രൂക്ഷമായ കുടിവെള്ളക്ഷാമമുള്ള പ്രദേശമാണ് വെളിയത്തുനാട്. പരിഹാരമുണ്ടാകുമെന്ന ഉറപ്പോടെ വീട്ടമ്മമാർ പരാതിക്കെട്ടഴിച്ചു. കാലപ്പഴക്കം ചെന്ന കുടിവെള്ളപൈപ്പുകൾ പൊട്ടുന്നത്‌ പതിവ്‌. മിക്കദിവസവും ആവശ്യത്തിനുപോലും വെള്ളമില്ല. പൈപ്പ്‌ മാറ്റാനോ കുടിവെള്ളവിതരണം കുറ്റമറ്റതാക്കാനോ നടപടിയില്ല. പരാതി പറഞ്ഞിട്ടും അവഗണനതന്നെ. മണ്ഡലത്തിന്റെ നീറുന്ന പ്രശ്‌നത്തിന്‌ പരിഹാരം കാണുമെന്ന്‌ മറുപടിപ്രസംഗത്തിൽ പി രാജീവിന്റെ ഉറപ്പ്‌. കളമശേരി മണ്ഡലത്തിനായി സമഗ്ര കുടിവെള്ളപദ്ധതി നടപ്പാക്കുമെന്നും രാജീവിന്റെ മറുപടി.

കഴിഞ്ഞദിവസം വീശിയടിച്ച കാറ്റിൽ വലിയ നഷ്‌ടമാണ് ഈ മേഖലയിലെ കർഷകർക്കുണ്ടായത്. നാശനഷ്‌ടമുണ്ടായ അടുവാത്തുരുത്തിലെ വാഴത്തോട്ടം രാജീവ് സന്ദർശിച്ചു. നാമമാത്രമാണെങ്കിലും ഇൻഷുറൻസ് തുക കിട്ടാനുള്ള പ്രയാസം കർഷകർ സൂചിപ്പിച്ചു. അതിനാവശ്യമായ ഇടപെടൽ നടത്താമെന്ന് കർഷകർക്ക് ഉറപ്പുനൽകി.

പരുവക്കാട്, കാരുകുന്ന് വഴി വയലക്കാട്, കടൂപ്പാടം, മില്ലുപടി, തടിക്കക്കടവ് വഴി അടുവാത്തുരുത്തിൽ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി ഇടവേള. ഉച്ചയ്‌ക്കുശേഷം കരുമാല്ലൂർ മേഖലയിൽ. കല്ലറയ്ക്കൽനിന്ന്‌ ആരംഭിച്ച്‌ അരുമത, മംഗലപ്പറമ്പ്, നടുവിലത്തട്ടിൽ, ആനച്ചാൽ, പാണാട് വഴി കാരക്കുളത്ത് രാത്രിയോടെ സമാപനം.

നൂറോളം എൽഡിഎഫ്‌ പ്രവർത്തകർ അണിനിരന്ന ബൈക്ക്‌ റാലിയും വാദ്യമേളവും വെടിക്കെട്ടും സ്വീകരണയാത്രയ്‌ക്ക്‌ കൊഴുപ്പേകി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് വയലോടത്ത്‌ പര്യടനപരിപാടി ഉദ്ഘാടനം ചെയ്തു. വി എ ഷെഫീർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ പരീത്, ആലങ്ങാട് ഏരിയ സെക്രട്ടറി എം കെ ബാബു, ജില്ലാപഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച കടുങ്ങല്ലൂർ മേഖലയിലാണ്‌ പര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here