അംബാനി ഭീഷണി കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

വ്യവസായി മുകേഷ് അംബാനിയുടെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിലയ്ക്ക്.

വാഹന ഉടമ മൻസുഖ് ഹിരെന്റെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഇൻസ്പെക്ടർമാരെയും മുംബൈ പൊലീസിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെയും എൻ‌ഐ‌എ ചോദ്യം ചെയ്തു വരികയാണ്.

ഹിരാന്റെ മൃതദേഹം കടലിടുക്കിൽ നിന്ന് കണ്ടെത്തിയതിന്റെ പിറ്റേന്ന് തന്റെ ഔദ്യോദിക ഫോൺ ഉൾപ്പെടെ അഞ്ച് മൊബൈൽ ഫോണുകൾ നശിപ്പിച്ചതായി പ്രധാന പ്രതിയായ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം പുറത്ത് വിട്ടു.

മൻസൂഖ് ഹിരെൻ കൊലപാതകക്കേസിലെ ഡിജിറ്റൽ തെളിവായസച്ചിന്റെ ഔദ്യോദിക മൊബൈൽ ഫോൺ ഡാറ്റ വീണ്ടെടുക്കാൻ എൻഐഎ വിദഗ്ധരുടെ സഹായം തേടിയിരിക്കയാണ്. 13 ഫോണുകളാണ് എൻകൗണ്ടർ സ്പെഷ്യലിസ്റ് കൂടിയായ സച്ചിൻ ഉപയോഗിക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.

മാർച്ച് 3 ന് ഹോട്ടലുകളിൽ നിന്ന് പിരിച്ചെടുത്ത പണം കൈമാറാൻ ചെന്നപ്പോൾ സച്ചിനോടൊപ്പം മൻസൂഖ് ഹിരെൻ കൂടാതെ കോൺസ്റ്റബിൾ വിനായക് ഷിൻഡെയും മറ്റൊരു പോലീസുകാരനെയും കണ്ടതായി ഒരു ഹോട്ടൽ ജീവനക്കാരൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ ഒരു കൂടിയാലോചനയിൽ ഇരിക്കുകയായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. ഇതിൽ ഒരാൾ ഇപ്പോൾ കസ്റ്റഡിയിലാണ്. കൂടെയുണ്ടായിരുന്ന ഇൻസ്പെക്ടറെയും ചോദ്യം ചെയ്യുമെന്ന് എൻഐഎ പറഞ്ഞു.

ഈ കാലയളവിൽ വാസെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ 13 ലക്ഷം രൂപയുടെ ബിൽ നൽകാനായി സൗത്ത് മുംബൈയിൽ നിന്നുള്ള ഒരു ബിസിനസുകാരനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വിളിച്ചത് ഒരു മുതിർന്ന പോലീസുകാരനായിരുന്നുവെന്ന് വ്യവസായി പറഞ്ഞതായും എൻഐഎ പറഞ്ഞു.

ഒരു ജ്വല്ലറി വ്യാപാരി 60 ലക്ഷം രൂപ വഞ്ചിച്ചുവെന്ന് പരാതി നൽകിയ വ്യവസായിയോടാണ് ഹോട്ടൽ ബിൽ അടക്കുവാൻ ആവശ്യപ്പെട്ടത്. ഹോട്ടൽ ബിൽ അടച്ചാൽ തന്റെ പണം തിരിച്ചു പിടിക്കാൻ സച്ചിൻ സഹായിക്കുമെന്ന് പറഞ്ഞായിരുന്നു ഡീൽ.

ഹിരെനെ വധിക്കാനുള്ള ഗൂഢാലോചന മാർച്ച് രണ്ടിന് നടന്നതായി എടിഎസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സച്ചിൻ തന്റെ രണ്ട് സഹപ്രവർത്തകരുമായി പോലീസ് ആസ്ഥാനത്ത് നടത്തിയ രണ്ട് മണിക്കൂർ കൂടിക്കാഴ്ചയിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തതെന്നും കഴിഞ്ഞ 15 ദിവസത്തിനിടെ നടത്തിയ വിശദമായ അന്വേഷണ റിപ്പോർട്ട് എടിഎസ് കൈമാറി.

എന്നാൽ സ്‌ഫോടക വസ്തു നിറച്ച കാർ കണ്ടെത്തിയ കേസിൽ താൻ ബലിയാടാക്കപ്പെട്ടെന്നാണ് അറസ്റ്റിലായ സച്ചിൻ വാസെ കോടതിയിൽ പറഞ്ഞത്. വാസെയുടെ ആരോപണം തള്ളിയ കോടതി അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ മൂന്ന് വരെ നീട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News