മെട്രൊ നഗരത്തെ ആവേശത്തിലാക്കി മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

ജനമനസ്സുകളെ കീ‍ഴടക്കിയും മെട്രൊ നഗരത്തെ ആവേശത്തിലാക്കിയും എറണാകുളം ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. മുഖ്യമന്ത്രി പങ്കെടുത്ത ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ വന്‍ ജനാവലിയാണ് ഒ‍ഴുകിയെത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന നയങ്ങളും ഭക്ഷ്യക്കിറ്റുകള്‍ പോലും മുടക്കുന്ന പ്രതിപക്ഷത്തിന്‍റെ മനോഭാവവും തുറന്നുകാട്ടിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ആവേശമായിരുന്നു നാടെങ്ങും. ക‍ഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിസന്ധികളെ മറികടന്ന് കരുതലോടെ കാത്ത ജനനായകന് വിപ്ലവാഭിവാദ്യം നല്‍കാന്‍ വന്‍ജനാവലി ഒ‍ഴുകിയെ‍ഴുത്തി. മുദ്രാവാക്യം വിളികളും ആരവങ്ങളുമായി കുട്ടികളും സ്ത്രീകളും അടക്കം പതിനായിരങ്ങളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റത്. എറണാകുളം ജില്ലയില്‍ കൊച്ചി, തൃപ്പൂണിത്തുറ, കുന്നത്തുനാട്, കോതമംഗലം, കളമശേരി മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

തീരദേശമേഖലയായ കൊച്ചി മണ്ഡലത്തില്‍ മത്സ്യത്തൊ‍ഴിലാളികള്‍ നല്‍കിയ സ്വീകരണം തീരദേശവാസികളോട് സര്‍ക്കാര്‍ കാണിച്ച സ്നേഹത്തിന്‍റെ ആദരം കൂടിയായിരുന്നു. ഇഎംസിസി കരാറെന്ന പേരില്‍ മത്സ്യത്തൊ‍ഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ വാട്സ് ആപ് സന്ദേശങ്ങള്‍ തെളിവായി കാട്ടി രംഗത്തുവന്ന പ്രതിപക്ഷ നേതാവിനെയും അദ്ദേഹത്തിന്‍റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥനെയും പരിഹസിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

തൃപ്പൂണിത്തുറയിലടക്കം സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും യുഡിഎഫ്- ബിജെപി അന്തര്‍ധാര സജീവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അന്നം മുടക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ മനോഭാവത്തെയും അദ്ദേഹം തുറന്നുകാട്ടി. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നവകേരള സൃഷ്ടിക്കായി ഇടതുപക്ഷം വീണ്ടും വരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ ആരവത്തോടെയാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here