കാർഷിക മേഖലക്ക് കുതിപ്പ് പകരാൻ പദ്ധതികളുമായി ധർമ്മടം മണ്ഡലത്തിൽ എൽ ഡി എഫിന്റെ പ്രകടന പത്രിക

കാർഷിക മേഖലക്ക് കുതിപ്പ് പകരാൻ പദ്ധതികളുമായി ധർമ്മടം മണ്ഡലത്തിൽ എൽ ഡി എഫിന്റെ പ്രകടന പത്രിക.വിദ്യാഭ്യാസ,വിനോദ സഞ്ചാര മേഖലയ്ക്കും ഊന്നൽ നൽകുന്ന പത്രിക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്നതാണ്.

വിവിധ മേഖലകളിലെ വിദഗ്ദരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം സ്വരൂപിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയത്. കഴിഞ്ഞ അഞ്ച് വർഷം വൻ വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച മണ്ഡലമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധർമ്മടം.

വികസന തുടർച്ചയ്ക്ക് പുതിയ പദ്ധതികൾ വാഗ്ദാനം ചെയ്‌യുന്നതാണ് എൽ ഡി എഫ് പുറത്തിറക്കിയ പ്രകടനപത്രിക. മണ്ഡലത്തിൽ കാർഷിക ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് പ്രകടന പത്രിക വാഗ്‌ദാനം ചെയ്യുന്നു.

കാർഷിക മേഖലയിൽ ഗ്രാമപഞ്ചായത്ത്‌ സഹകരണത്തോടെ പദ്ധതികൾ ആവിഷ്‌കരിക്കും. പുഴ സംരക്ഷണത്തിനും കരയിടിച്ചിലിനും പരിഹാരം കാണും.

ജൈവ വള നിർമ്മാണ യൂണിറ്റ്, വേങ്ങാട് സീഡ്ഫാമിൽ കാർഷിക പോളിടെക്‌നിക്‌,ആയുർവ്വേദ സസ്യകൃഷി പ്രോത്സാഹനം, കൊഞ്ച്, ഞണ്ട്, കല്ലുമ്മക്കായ കൃഷി പ്രോത്സാഹനം പദ്ധതിയൊരുക്കും.

കരിമീൻ കൃഷി വ്യാപനം, വേങ്ങാട് ഗ്ലോബൽ ഡയറി വില്ലേജ് തുടങ്ങി കാർഷിക മേഖലയിൽ വൻ മുന്നേറ്റം ലക്ഷ്യമിടുന്നതാണ് പ്രകടന പത്രിക. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിൽ 1500 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കിയതായി എൽഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എജുക്കേഷൻ ഹബ്ബ് പൂർത്തിയാക്കും. ടെക്‌സ്റ്റെയിൽ പാർക്ക്, പുഴയോര ടൂറിസം വികസനം തുടങ്ങിയ പദ്ധതികളും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. വനിതകളുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ കുടുംബശ്രീയുമായി ചേർന്ന്‌ മൈക്രോ സംരംഭങ്ങൾ ആരംഭിക്കും.

ആരോഗ്യമേഖലയിൽ പശ്‌ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കും.  ത്രിതല പഞ്ചാ്യത്തുകളുടെ സഹകരണത്തോടെ വയോജന പരിപാലനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്‌ സാധ്യത പരിശോധിക്കുമെന്നും പ്രകടനപത്രിക വാഗ്‌ദാനം ചെയ്യുന്നു.

പ്രകടന പത്രികയുടെ പ്രകാശനം കണ്ണൂർ പ്രസ്‌ക്ലബ്ബിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവ്വഹിച്ചു. കെ കെ രാഗേഷ് എം പി, എൽഡിഎഫ്‌ ധർമടം മണ്ഡലം സെക്രട്ടറി കെ ശശിധരൻ, എൽഡിഎഫ്‌ നേതാക്കളായ പി ബാലൻ, എം ഗംഗാധരൻ, കെ കെ രാജൻ, ടി കെ എ ഖാദർ, കെ മുകുന്ദൻ, കെ സി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News