62 പേര്‍ കൊല്ലപ്പെട്ട മുസഫര്‍നഗര്‍ കലാപം; മന്ത്രിയടക്കം 12 ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നു

2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിയടക്കം 12 ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നു.
ഇതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പ്രത്യേക കോടതി ജഡ്ജി രാംസുധ് സിങ് അനുവദിച്ചു.

2013 ആഗസ്ത് അവസാനം നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്ത പ്രതികള്‍ വിദ്വേഷ പ്രസംഗങ്ങളിലൂടെ കലാപം ആളിക്കത്തിച്ചെന്നാണ് കേസ്. അറുപത്തിരണ്ടുപേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ പലായനം ചെയ്യുകയും ചെയ്ത കലാപമാണ് മുസഫര്‍നഗര്‍ കലാപം.

ബിജെപി നേതാക്കളായ യുപി മന്ത്രി സുരേഷ് റാണ, എംഎല്‍എ സംഗീത് സോം, മുന്‍ എംപി ഭരതേന്ദു സിങ്, വിഎച്ച്പി നേതാവ് സ്വാധി പ്രാചി തുടങ്ങിയവര്‍ക്കെതിരെയുള്ള കേസാണ് പിന്‍വലിക്കുന്നത്.

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാറാണ് കലാപം ആസൂത്രണം ചെയ്തതെന്ന് വിമര്‍ശമുണ്ടായിരുന്നു.

നിരോധനാജ്ഞ ലംഘിച്ചു, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെയുണ്ട്.

പൊതുതാല്‍പര്യം പരിഗണിച്ച് കേസ് തുടരേണ്ടതില്ലെന്ന് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

മുസഫര്‍നഗര്‍ കലാപത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും മറ്റ് ആക്രമണങ്ങള്‍ നടത്തുകയും ചെയ്ത കേസില്‍ ആറ് പേരെ മുസഫര്‍നഗര്‍ ജില്ലാ കോടതി വെറുതെവിട്ടു.

മതവിദ്വേഷ പ്രചാരണം, കലാപം, കവര്‍ച്ച, കൊള്ളിവയ്പ് എന്നിവയുടെ പേരില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തവരെയാണ് തെളിവില്ലെന്ന് പറഞ്ഞ് വെറുതെവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here