കുന്നത്തുനാട് പിടിച്ചടക്കാനൊരുങ്ങി ഇടതു മുന്നണി; പ്രചാരണം ശക്തം

ഇടത്പക്ഷവും വലതുപക്ഷവും എസ്ഡിപിഐയും ബിജെപിയും 2020 യുമെല്ലാം തെരഞ്ഞെടുപ്പില്‍ സജീവമായി നില്‍ക്കുന്ന ഒരു മണ്ഡലമാണ് കുന്നത്ത്‌നാട്. കഴിഞ്ഞ രണ്ടു തവണകളായി കോണ്‍ഗ്രസ് വിജയിച്ച മണ്ഡലത്തില്‍ വികസന സാധ്യതകളെ കൃത്യമായി ഉപയോഗിക്കാന്‍ കഴിയാത്തതാണ് യുഡിഎഫിന് തലവേദന. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രതീക്ഷയും. നോക്കാം കുന്നത്തുനാടിന്റെ തെരഞ്ഞെടുപ്പ് ചിത്രം.

1965 മുതലാണ് കുന്നത്തുനാടിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത്. 65 മുതല്‍ രണ്ടായിരത്തി പതിനാറു വരെ നടന്ന പതിമൂന്ന് തിരെഞ്ഞെടുപ്പുകളില്‍ ഏഴ് തവണ കോണ്‍ഗ്രസ്സിനും അഞ്ചു തവണ സി പി ഐ എമ്മിനും ഒരു തവണ ആര്‍ എസ് പിയ്ക്കും മണ്ഡലം വിജയക്കൊടി സമ്മാനിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസിലെ വി പി സജീന്ദ്രനാണ് കുന്നത്ത നാട്ടില്‍ നിന്ന് ജയിച്ചു കയറിയത്. മണ്ഡലത്തില്‍ വികസന മുരടിപ്പ ചര്‍ച്ചയാണെങ്കിലും ഇത്തവണയും സജീന്ദ്രനെ തന്നെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം.

എന്നാല്‍ വികസന മുരടിപ്പില്‍ വിയര്‍പ്പു മുട്ടുന്ന കുന്നത്തു നാടിനെ കരകയറ്റാന്‍ ദൃഢനിശ്ചയമുള്ള സ്ഥാനാര്‍ത്ഥിയെയാണ് ഇടതുമുന്നണി കളത്തിലിറക്കിയത്. ഹൈക്കോടി അഭിഭാഷകനും, എറണാകുളം ജില്ലാ സ്‌പോര്‍ട്ടസ് കൗണ്‍സില്‍ പ്രസിഡന്റുമായ അഡ്വ പി വിശ്രീനിജനിലുടെ ഒരു തിരിച്ചു വരവാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.

മൂന്നാം തവണയും തെരഞ്ഞെടുപ്പിലിറങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കാത്തിരിക്കുന്ന കനത്ത തിരിച്ചടിയാണെന്നാണ് ഇടതു ക്യാമ്പിലെ വിലയിരുത്തല്‍.

2011ല്‍ 8,372 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സജീന്ദ്രന് 2016 ല്‍ അത് 2,679 വോട്ടുകളായി കുറഞ്ഞു. ഇത്തവണ ഭരണത്തുടര്‍ച്ചാ വികാരവും ഇടതനുകൂല കാറ്റും കൂടി വരുന്നതോടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ നാമാവശേഷമാകുമെന്ന് ഇടത് സ്ഥാനാര്‍ത്ഥി പിവി ശ്രീനിജന്‍ പറയുന്നു.

മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ ഐക്യം ഇത്തവണ വോട്ടായി മാറുമെന്നാണ് മൂന്നാം തവണ തെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രന് പറയാനുള്ളത്.

ഇടതു വലതു കക്ഷികള്‍ക്കു പുറമേ ബിജെപി സ്ഥാനാര്‍ത്ഥി രേണു സുരേഷ്, 20ട്വന്‍ഡി സ്ഥാനാര്‍ത്ഥി ഡോ സുജിത്ത് പി സുരേന്ദ്രന്‍ തുടങ്ങിയവരും തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടാണ് ട്വന്‍ഡി ട്വന്‍ഡിയുടെ പ്രതീക്ഷ. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സ്വീകാര്യതയൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ 2020ക്ക് ലഭിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സമീപത്തെ മണ്ഡലങ്ങളില്‍ വികസനം സാധ്യമാകുമ്പോഴും കുന്നത്തുനാട് വികസന മുരടിപ്പു നേരിടുന്നുവെന്നതാണ് ജനങ്ങളുടെ പരാതി. നീണ്ട പത്തു വര്‍ഷത്തിനു ശേഷം വീണ്ടും തെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേരിടുന്ന പ്രതിസന്ധിയും ഇതുതന്നെയാണ്.

നാടിന്റെ സംസ്‌ക്കാരം പോലെ തന്നെ കുന്നത്തുനാട് ആരോടും മുഖം തിരിച്ചിട്ടില്ല. ഇടതു പക്ഷത്തിനും, വലതുപക്ഷത്തിനും, ആര്‍എസ്പിയ്ക്കുമെല്ലാം ഇടം നല്‍കിയ മണ്ഡലമാണിത്. ഇത്തവണ വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ജനശ്രദ്ധ നേടിയ കുന്നത്തുനാട്ടിലും ഇടതനുകൂല തരംഗമാണ് യുഡിഎഫിനെ അലട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News