110 കോടി രൂപയുടെ അനധികൃത നിക്ഷേപം; മലപ്പുറം എ ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി

മലപ്പുറം എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണ സമിതി അംഗങ്ങള്‍ക്കെതിരെയും അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയതായി ആദായ നികുതി ഉദ്യോഗസ്ഥര്‍

മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക് യുഡിഎഫ് ഭരണ സമിതിയുടെ കീഴിലാണ്. പത്തുവര്‍ഷത്തിനിടെ നൂറുകോടിയോളം രൂപയുടെ അനധികൃത ഇടപാടുകളാണ് ബാങ്കില്‍ നടന്നത്. പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരം കൈമാറാന്‍ ജില്ലാ കലക്ടര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില ഇടപാടുകള്‍ ബാങ്ക് അധികൃതര്‍ മറച്ചുവെച്ചെന്ന് പരാതി ഉയര്‍ന്നതോടെയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന.

ബാങ്കിലും ബാങ്കിലെ സെക്രട്ടറി ആയിരുന്ന വി കെ ഹരികുമാറിന്റെ വീട്ടിലുമായി പരിശോധന മൂന്നു ദിവസം നീണ്ടു. 110 കോടി രൂപയുടെ അനധികൃത നിക്ഷേപമാണ് പരിശോധനയില്‍ കണ്ടെത്തിയത്. മരിച്ചവരുടെ പേരില്‍പ്പോലും അനധികൃതമായി നിക്ഷേപങ്ങളുണ്ട്. നോട്ടു നിരോധന കാലത്തുപോലും വലിയ തോതില്‍ അനധികൃത പണമിടപാടുകള്‍ നടന്നിട്ടുണ്ട്. മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കള്‍ക്ക് ഈ ബാങ്കില്‍ ബെനാമി അക്കൗണ്ടുകളുണ്ടെന്ന് നേരത്തേ ആക്ഷേപമുണ്ട്.

കേരള ബാങ്കിനെതിരേയുള്ള പ്രതിഷേധങ്ങളിലും എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഭരണ സമിതി സജീവമായിരുന്നു. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണ സമിതി അംഗങ്ങള്‍ക്കെതിരേയും അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ആരൊക്കെ ഇടപാടുകള്‍ നടത്തി എന്നു സംബന്ധിച്ചും നിക്ഷേപകരുടെ വിശദാംശങ്ങളും ശേഖരിയ്ക്കുന്നതിനായി വിശദമായ പരിശോധനകളുണ്ടാവുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News