അംബാനി ഭീഷണി കേസ്; ഹാർഡ് ഡിസ്ക് നദിയിൽ നിന്ന് കണ്ടെടുത്തു

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്‌ഫോടകവസ്തു നിറച്ച വാഹനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുംബൈ പോലീസ് സച്ചിൻ വാസെയെ ബാന്ദ്ര വെസ്റ്റിലെ മിത്തി നദിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. സച്ചിന്റെ നിർദ്ദേശപ്രകാരം നദിയിൽ വലിച്ചെറിഞ്ഞ ഹാർഡ് ഡിസ്കും കാറിന്റെ നമ്പർ പ്ലേറ്റുകളും മുങ്ങൽ വിദഗ്ധർ സച്ചിന്റെ സാന്നിധ്യത്തിൽ കണ്ടെടുക്കുകയായിരുന്നു.

തുടക്കത്തിൽ സ്‌ഫോടകവസ്തു സംഭവത്തിൽ അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്നത് സച്ചിനായിരുന്നു. എന്നാൽ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതോടെ അന്വേഷണത്തിന്റെ ദിശ തന്നെ മാറുകയും സച്ചിൻ പ്രതിക്കൂട്ടിലാകുകയും ചെയ്‌തു. മാത്രമല്ല കേസുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ദിവസേന പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ വാഹനത്തിന്റെ ഉടമയായ മൻസൂഖ് ഹിരെന്റെ ദുരൂഹ മരണത്തിൽ സച്ചിന് പങ്കുണ്ടെന്നാണ് മഹാരാഷ്ട്ര ആന്റി ടെറർ സ്‌ക്വാഡും ആരോപിക്കുന്നത്.

ഇന്ന് ഉച്ചതിരിഞ്ഞ്, മുങ്ങൽ വിദഗ്ധർ നദിയിൽ നിന്ന് ഒരു സിപിയു, ഒരു ഹാർഡ് ഡ്രൈവ്, രണ്ട് നമ്പർ പ്ലേറ്റുകൾ അടക്കം നിരവധി വസ്തുക്കൾ കണ്ടെടുത്തു. ഇവയെല്ലാം കേസുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സച്ചിൻ വാസെയുടെ വീട്ടിൽ നിന്ന് കണക്കിൽ പെടാത്ത വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

സച്ചിൻ വാസെയുടെ സർവീസ് റിവോൾവറിനായി നൽകിയ 30 ബുള്ളറ്റുകളിൽ 5 എണ്ണം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കിയുള്ളവ എവിടെപ്പോയെന്ന് പ്രതി പറയുന്നില്ലെന്നും ഏജൻസി വ്യക്തമാക്കി.

ഫെബ്രുവരി 17 ന് സച്ചിനും മൻസുഖ് ഹിരേനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് ശേഷമാണ് വാഹനം മോഷ്ടിക്കപ്പെട്ടുവെന്ന് മൻസുഖ് ഹിരെൻ അവകാശപ്പെട്ടതും പോലീസിൽ പരാതി നൽകിയതും. മാർച്ച് 5 നാണ് 45 കാരനായ ഓട്ടോ പാർട്സ് ഡീലറായ ഹിരെനെ മുംബൈക്ക് സമീപം കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News