‘കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ആവശ്യപ്പെടില്ല’; അടവ് മാറ്റി പയറ്റി കുമ്മനവും ബിജെപിയും

കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് കുമ്മനം രാജശേഖരന്‍. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായിയാണ് ബിജെപിയുടെ പുതിയ നയത്തെക്കുറിച്ചുള്ള കുമ്മനത്തിന്‍റെ പ്രതികരണം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബിജെപി മുന്‍ അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍റെ പ്രതികരണം ഇങ്ങനെ;

‘ഞങ്ങള്‍ കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,’

എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട് എന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞുവെന്നാണ് രജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത്.

കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ് ഗോവധ നിരോധനം. എന്തിനേറെ നമ്മുടെ അയല്‍ സംസ്ഥാനമായ തമി‍ഴ്നാട്ടിലും ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് ബിജെപി വ്യക്തമാക്കുമ്പോള്‍ കേരളത്തില്‍ അടവ് മാറ്റി പയറ്റുകയാണ് ബിജെപി.

ബിജെപിയുടെ ബീഫ് വിരുദ്ധ നിലപാടിനെതിരെ അതി ശക്തമായി പ്രതികരിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നതാണ് ബിജെപിയുടെ അടവ് മാറ്റത്തിന് പിന്നില്‍.

പരസ്യമായി ബീഫ് ക‍ഴിക്കുന്നതും ക‍ഴിക്കുന്നവരെയും വെറുക്കുന്നുവെന്ന് പറയുകയും രഹസ്യമായി അകത്താക്കുകയും ചെയ്യുന്ന ബിജെപി നേതാക്കന്‍മാര്‍ക്കിടയില്‍ നിന്നാണ് ഇത്തരമൊരു പ്രതികരണവുമായി കുമ്മനം രംഗത്തെത്തുന്നത്.

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഇ ശ്രീധരനും അടുത്തിടെ ബീഫ് ക‍ഴിക്കുന്നവരെ വെറുപ്പാണെന്ന് പറഞ്ഞിരുന്നു. ഇതോടെ ബീ‍ഫ് വീണ്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയമാകുകയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

ബിജെപിയുടെ ബീഫ് നയം കേരളത്തില്‍ ചിലവാകില്ലെന്ന് ഉറപ്പായതോടെയാണ് കുമ്മനം ഉള്‍പ്പെടെയുള്ളവരുടെ ഈ അടവ് മാറ്റം എന്നാണ് സോഷ്യല്‍മീഡിയയുള്‍പ്പെടെ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel