വ്യാജ-ഇരട്ട വോട്ടുകള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചു; ക്രമക്കേട് നടക്കുന്നില്ലന്ന് ഉറപ്പാക്കണം; ഹൈക്കോടതി

നിയമയഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കുന്നില്ലന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. ഒരു പൗരന്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് കമീഷന്‍ ഉറപ്പാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.

ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ കമ്മീഷന്‍ നാളെ അറിയിക്കണം. വോട്ടര്‍ പട്ടികയില്‍ വ്യാജ – ഇരട്ട വോട്ടുകള്‍ കടന്നു കൂടിയത് ഗൗരവമുള്ള വിഷയമാണന്നും പൗരന്റെ അവകാശത്തെ ബാധിക്കുന്ന താണന്നും കോടതി ചൂണ്ടിക്കാട്ടി.

വ്യാജ – ഇരട്ട വോട്ടുകള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചതായും ഇത്തരം വോട്ടുകള്‍ രേഖമെടുത്താന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

ക്രമക്കേട് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

 ഓൺലൈൻ വഴി വോട്ട് ചേർക്കുമ്പോൾ സംഭവിക്കാവുന്ന അപാകതകൾ പരിഹരിക്കാൻ സാങ്കേതിക സംവിധാനം ഇല്ലേ എന്ന് കോടതി ആരാഞ്ഞു. വോട്ട് ഇരട്ടിച്ചാൽ അവ സ്വമേധയാ ഇല്ലാതാവുന്ന വിധത്തിൽ സാങ്കേതികവിദ്യ പരിഷ്കരിക്കണം.

ഇരട്ടിപ്പ് തടയാൻ സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയും എന്ന്  തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

 തെരഞ്ഞെടുപ്പിൽ കൃത്രിമം ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.

ഇതിനിടെ ഇരട്ട വോട്ട്സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. ആരും ഒന്നിലധികം വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികയിൽ നാലു ലക്ഷത്തോളം ഇരട്ട വോട്ടുകൾ ഉണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിനെ ആരോപണം. അവയൊക്കെയും എൽ ഡി എഫ് പ്രവർത്തകരുടെതാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.

എന്നാൽ ഇരട്ട വോട്ടുള്ള യുഡിഎഫ് എം എൽ എ മാരുടെയും , യു ഡി എഫ്  സ്ഥാനാർഥികളുടെയും കെപിസിസി ഡി സി സി ഭാരവാഹികളുടെയും പേരുകൾ ഒന്നൊന്നായി പുറത്തു വന്നതോടെ പ്രതിപക്ഷനേതാവ് ആരോപണത്തിൽ നിന്ന് പിന്നോട്ട് പോയി .

 ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ മാത്രം കുറ്റപ്പെടുത്തിയായിരുന്നു രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News