മുംബൈ കടുത്ത നിയന്ത്രണത്തിൽ; കടന്ന് പോയത് നിശബ്ദമായ നിറം മങ്ങിയ ഹോളി

ആഘോഷങ്ങളുടെ നഗരമാണ് മുംബൈ. ദീപാവലിയും ഗണേശോത്സവവും, നവരാത്രിയും ഹോളിയും എന്തിനേറെ മലയാളികളുടെ സ്വന്തം ഓണം പോലും ഏറ്റവും കൂടുതൽ ആഘോഷിക്കുന്നതും മഹാനഗരത്തിലാണ്.

എല്ലാ വർഷവും വർണ വിസ്മയത്തിൽ ആറാടുന്ന ഹോളി ആഘോഷങ്ങളും പാർട്ടികളും ഒത്തുചേരലുകളെല്ലാം ഇക്കുറി സമൂഹ മാധ്യമങ്ങളിൽ മാത്രമായി ഒതുങ്ങിയെന്ന് പറയാം. വാട്ട്സപ്പിൽ ആശംസകൾ നേർന്നും ഫേസ്ബുക്കിൽ ഓർമ്മകൾ അയവിറക്കിയും അകലങ്ങളിലുരുന്ന് തിന്മയ്‌ക്കെതിരെ നന്മയുടെ വിജയമായി ആഘോഷിക്കുന്ന ഹോളിയെ ഓർമ്മപ്പെടുത്തുകയായിരുന്നു വലിയൊരു വിഭാഗം.

കോവിഡ് -19 കേസുകൾ വൻതോതിൽ വർദ്ധിക്കുന്നതിനിടയിലാണ് നഗരത്തിലെ ഹോളി, രംഗ് പഞ്ച്മി എന്നിവയുടെ പൊതു, സ്വകാര്യ ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അത് കൊണ്ട് തന്നെ ഒറ്റപ്പെട്ട സ്വകാര്യ ആഘോഷങ്ങളൊഴിച്ചാൽ നഗരത്തിൽ ഈ വർഷവും കടന്നു പോയത് നിറം മങ്ങിയ ഹോളിയാണ്.

കോവിഡ് രണ്ടാം തരംഗം പിടിച്ചുലച്ചത് ഹോളി വിപണിയെ മാത്രമായിരുന്നില്ല നഗരത്തിലെ തിരക്കേറിയ പൊതു സ്ഥലങ്ങളെല്ലാം ആളൊഴിഞ്ഞതോടെ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, സിനിമ തീയറ്ററുകൾ തുടങ്ങി ചെറുകിട കച്ചവടക്കാർ വരെ പ്രതിസന്ധിയിലായിരിക്കയാണ്.

നിരോധനം കർശനമായി നടപ്പാക്കുന്നതിനായി ഓരോ മുനിസിപ്പൽ വാർഡിലും 5 ടീമുകളെ ബി‌എം‌സി നിയോഗിച്ചിരുന്നു. പ്രത്യേകിച്ച് ഹോളി ആഘോഷിക്കുമ്പോൾ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ബുദ്ധിമുട്ടാണെന്നിരിക്കെ കർശനമായ നിയന്ത്രണമാണ് ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിരുന്നത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും നഗരസഭ നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു.

വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾക്കിടയിൽ മുംബൈ മേയർ കിഷോരി പെദ്‌നേക്കറും ഈ വർഷം ഹോളി ആഘോഷിക്കുന്നതിൽ നിന്ന് നഗരവാസികളെ നിരുത്സാഹപ്പെടുത്തി. അഞ്ചിലധികം പേരെ ഒരുമിച്ച് കണ്ടെത്തിയാൽ പോലീസ് നടപടിയെടുക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, ഹോളി ചടങ്ങുകളും പ്രാർത്ഥനകളും നടത്താൻ വിശ്വാസികളെ അനുവദിക്കാത്തതിൽ താക്കറെ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News