കേരളത്തിന്റെ സംഹാരനായകന്‍മാരായി കോണ്‍ഗ്രസ് മാറുന്നു; ബിജെപിയിലേക്ക് കാലുമാറാന്‍ നില്‍ക്കുന്നവരാണ് നേതാക്കള്‍: എ വിജയരാഘവന്‍

കേരളത്തിന്റെ സംഹാരനായകന്‍മാരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവന്‍. നിശ്ചയദാര്‍ഢ്യംകൊണ്ട് വികസനം ഏറെ മുന്നോട്ടുപോയ ഭരണമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അന്നംമുടക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസിന്റെ മനോഭാവം മാറിയെന്നും പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് വിജയരാഘവന്‍ പറഞ്ഞു.

എംഎല്‍എമാരായാല്‍ ബിജെപിയിലേക്ക് കാലുമാറാന്‍ നില്‍ക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. തോറ്റാലും ജയിച്ചാലും അവര്‍ ബിജെപിയിലേക്ക് പോകും. പോകില്ലെന്ന് ഉറപ്പോടെ പറയാന്‍ നേതാക്കളാരും ധൈര്യപ്പെടുന്നില്ല. ബിജെപിയുമായി വോട്ടുക്കച്ചവടം നടത്തിയതിന്റെ പൈതൃകമുള്ളവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

മുസ്ലിം വിരുദ്ധതയുടെ ഭാഗമായി സിഎഎ അടക്കുമുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നു. എന്നാല്‍ കേരളത്തില്‍ സിഎഎ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ ബിജെപിയുമായാണ് കോണ്‍ഗ്രസ് കൂട്ടുചേരുന്നത്. തീവ്രവര്‍ഗീയതയുമായും ഹിന്ദുത്വവര്‍ഗീയതയുമായാണ് കോണ്‍ഗ്രസ് കൂട്ടുചേരുന്നത്. കേന്ദ്രനേതൃത്വം അതിന് മൗനാനുവാദം നല്‍കുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ ബിജെപിയെക്കുറിച്ചോ, അമിത് ഷാ കേരളത്തില്‍ വന്നാല്‍ കോണ്‍ഗ്രസിനെക്കുറിച്ചോ ഒന്നും മിണ്ടില്ല. ഇരുകൂട്ടരുടെയും നയങ്ങള്‍ ഒന്നാണെന്നതിന്റെ തെളിവാണത്. എന്നാല്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നാടാണ് കേരളം.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടും പി സി ചാക്കോയും കെ സി റോസികുട്ടിയും ഇടതുപക്ഷത്തേക്ക് എത്തിയത് അതുകൊണ്ടാണ്. ചരിത്രത്തിലേ ഏറ്റവുംവലിയ തോല്‍വിയിലേക്ക് കോണ്‍ഗ്രസ് പോകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News