കെയ്‌റോ: വാണിജ്യലോകത്തെയാകെ ആശങ്കയുടെ ആഴക്കടലിലേക്ക് തള്ളിയിട്ട സൂയസ് കനാലിലെ കുരുക്ക് ഒടുവില്‍ അഴിഞ്ഞു. കനാലിന് കുറുകെ കുടുങ്ങിപ്പോയ പടുകൂറ്റന്‍ കപ്പലായ എവര്‍ ഗിവന്‍ മോചിതയായി. എന്നാല്‍ കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം എപ്പോള്‍ പുനഃസ്ഥാപിക്കും എന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഇല്ല.
നിരവധി കപ്പല്‍ രക്ഷാ കമ്പനികളുടെ പ്രയത്‌നത്തിനൊടുവിലാണ് സൂയസ് കനാലില്‍ കുടുങ്ങിയ കപ്പലിനെ രക്ഷിക്കാനും വീണ്ടും ഒഴുകിത്തുടങ്ങാനും കഴിഞ്ഞത്. ‘സൂയസ് കനാല്‍ പ്രതിസന്ധി’ അവസാനിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി നന്ദി പറഞ്ഞു.
സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നൂറു കണക്കിന് കപ്പലുകളാണ് യാത്ര അനിശ്ചിതത്വത്തിലായി പുറംകടലില്‍ കാത്തുകിടക്കുന്നത്. കുരുക്ക് അഴിഞ്ഞതോടെ ഈ കപ്പലുകളുടെ യാത്ര ഉടന്‍ പുനരാരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നായ സൂയസ് കനാലില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാപ്പനീസ് കണ്ടെയിനര്‍ വാഹക കപ്പലായ എവര്‍ ഗിവന്‍ കുടുങ്ങിയത്. 400 മീറ്റര്‍ നീളമുള്ള (1300 അടി) കപ്പലിന്റെ ആകെ ശേഷി 220940 ടണ്‍ ആണ്.
നിലവില്‍ 370 ലേറെ കപ്പലുകളാണ് കനാല്‍ കടക്കാനായി ഇരുവശങ്ങളിലുമായി കാത്തു കിടക്കുന്നത്. കണ്ടെയിനര്‍ കപ്പലുകള്‍, ടാങ്കറുകള്‍, ബള്‍ക്ക് കാരിയറുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ കനാല്‍ തുറന്നെങ്കിലും കാര്യങ്ങള്‍ പഴയപടിയാകാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
കനാല്‍ തുറക്കുന്നത് വരെ കാത്തിരിക്കാനില്ലെന്ന് തീരുമാനിച്ച ചില കപ്പലുകള്‍ ആഫ്രിക്കന്‍ മുനമ്പ് ചുറ്റിയുള്ള ദൈര്‍ഘ്യമേറിയ പാതയിലൂടെ യാത്ര പുനരാരംഭിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.