ഇഡിക്ക് രഹസ്യ അജണ്ട സ്വപ്ന കസ്റ്റഡിയിലിരിക്കെ നല്‍കിയ മൊ‍ഴിക്ക് തെളിവുനിയമത്തിന്‍റെ പിന്‍ബലമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍

ഇ ഡിയ്ക്ക് രഹസ്യ അജന്‍ഡയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വപ്ന ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ നല്‍കിയ മൊ‍ഴിയ്ക്ക് തെളിവുനിയമത്തിന്‍റെ പിന്‍ബലമില്ല.

ഈ മൊ‍ഴി ഇ ഡി ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് പിന്നില്‍ ദുഷ്ടലാക്കെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്ങ്മൂലത്തിലൂടെ മറുപടി നല്‍കിയത്.

മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ സ്വപ്ന സുരേഷില്‍ സമ്മര്‍ദ്ദം ചെലുത്തിയ സംഭവത്തില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍ സ്വകാര്യ അഭിഭാഷകന്‍വ‍ഴി ഹര്‍ജി നല്‍കിയത്.

ഹര്‍ജിക്കൊപ്പം പ്രതികളുടെ മൊ‍ഴി ഉള്‍പ്പടെ അന്വേഷണവുമായി ബന്ധപ്പെട്ടരേഖകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ അഭിഭാഷകന് കൈമാറി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

സ്വപ്ന ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ നല്‍കിയ മൊ‍ഴിയ്ക്ക് തെളിവു നിയമത്തിന്‍റെ പിന്‍ബലമില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നിയമപ്രകാരം സമന്‍സയച്ച് വിളിച്ചുവരുത്തി രേഖപ്പെടുത്തുന്നമൊ‍ഴിക്ക് മാത്രമെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്‍റെ 50ാംവകുപ്പ് പ്രകാരം തെളിവ് നിയമത്തിന്‍റെ പിന്‍ബലംലഭിക്കൂ.

ഈ സാഹചര്യത്തില്‍ ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ സ്വപ്ന നല്‍കിയ മൊ‍ഴി 50ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തുന്ന മൊ‍ഴിയായി കാണാനാവില്ല. നിയമസാധുതയില്ലാത്ത ഈ മൊ‍ഴി ഇ ഡി ഹൈക്കോടതിയില്‍ ഹാജരാക്കിയതിനു പിന്നില്‍ ദുഷ്ടലാക്കാണെന്നും സര്‍ക്കാര്‍ എതിര്‍സത്യവാങ്ങ്മൂലത്തില്‍ വിശദീകരിക്കുന്നു. ഇ ഡിയുടെ ഇത്തരം നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്.

കേസന്വേഷണം അട്ടിമറിക്കാനായി ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന ഇ ഡിയുടെ വാദം പൊള്ളത്തരമാണെന്നും തെളിവില്ലാതെയാണ് ഇത്തരം വാദങ്ങള്‍ ഇ ഡി ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. അതിനാല്‍ ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News