രാജ്യസഭാ തെരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ 
നിലപാട്‌ അറിയിക്കണം : ഹൈക്കോടതി

കേരളത്തിൽനിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‌ നിർദേശം നൽകി. കേസ് ചൊവ്വാഴ്ച പരിഗണിക്കും. നിയമസഭാ സെക്രട്ടറിയും എസ് ശർമ എംഎൽഎയും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് പി വി ആശ പരിഗണിച്ചത്. ഹർജിക്കാരുടെ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കും. ഭരണഘടനയും നിയമവും അനുശാസിക്കുംവിധം തെരഞ്ഞെടുപ്പ് നടത്തുമെന്നും കമീഷൻ അറിയിച്ചു. തീരുമാനം സത്യവാങ്‌മൂലമായി നൽകാൻ കോടതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഇടപെടാൻ നിയമമന്ത്രാലയത്തിന് അധികാരമില്ലെന്ന്‌ സർക്കാർ ചൂണ്ടിക്കാട്ടി. വിജ്ഞാപനം പുറപ്പെടുവിച്ചശേഷമുള്ള നടപടി അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും സർക്കാർ ബോധിപ്പിച്ചു.

കേന്ദ്ര നിയമമന്ത്രാലയം എന്തു നിർദേശമാണ് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രാജ്യസഭാ സീറ്റിൽ ഒഴിവുവരുന്ന തീയതിമുതൽ പുതിയ അംഗങ്ങൾ ഉണ്ടാകണമെന്ന വ്യവസ്ഥ ലംഘിച്ചുവെന്ന്‌ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ വർഷം ജൂൺ രണ്ടുവരെ അംഗങ്ങൾക്ക്‌ കാലാവധിയുണ്ട്‌. തെരഞ്ഞെടുപ്പ് മരവിപ്പിച്ചത് അംഗങ്ങളുടെ വോട്ടവകാശം നിഷേധിക്കലാണെന്നും ഹർജിയിൽ ബോധിപ്പിച്ചു. ഏപ്രിൽ 21ന് ഒഴിയുന്ന വയലാർ രവി, കെ കെ രാഗേഷ്, പി വി അബ്ദുൾ വഹാബ് എന്നീ എംപിമാരുടെ ഒഴിവുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ നിർദേശം നൽകണമെന്നാണ് ഹർജികളിലെ ആവശ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here