ADVERTISEMENT
ബിജെപി പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ യുഡിഎഫും കൂട്ടുനില്‍ക്കുകയാണെന്ന് മന്ത്രി ടി എം തോമസ് ഐസക്. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ മുസ്ലിം ലീഗുകാര്‍ പൂരിപ്പിച്ച് തരുമെന്ന കെഎന്‍എ ഖാദറിന്റെ പ്രസ്താവന ആ രഹസ്യ ധാരണയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെയാണ് ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കാണ് പിന്തുണ എന്ന് സുരേഷ് ഗോപി സ്ഥിരീകരിച്ചത്. യുഡിഎഫിന് വോട്ടു മറിക്കാനും സര്‍ക്കാരുണ്ടാക്കാനും ബിജെപി മുന്നോട്ടു വെച്ച ആവശ്യമാണ് കേരളത്തില്‍ സിഎഎ നടപ്പാക്കല്‍. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയുടെ ഭാവി തെരഞ്ഞെടുപ്പിനു ശേഷം അറിയാമെന്ന് അമിത്ഷാ ഭീഷണിപ്പെടുത്തിയത്, യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയുടെ ബലത്തിലാണെന്നും തോമസ് ഐസക് ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ടി എം തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്-പൂര്‍ണരൂപം
പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗുകാര്‍ പൂരിപ്പിച്ച് തരുമെന്ന കെഎന്‍എ ഖാദറിന്റെ പ്രസ്താവനയ്ക്ക് ഒരര്‍ത്ഥമേയുള്ളൂ. സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചാല്‍ സംഘപരിവാര്‍ ആജ്ഞയ്ക്കു വിധേയമായി കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് യുഡിഎഫ് ബിജെപിയ്ക്ക് ഉറപ്പു നല്‍കിക്കഴിഞ്ഞിരിക്കുന്നു.
ബിജെപിയുടെ പിന്തുണയോടെ കേരളത്തില്‍ സിഎഎ നടപ്പാക്കാനുള്ള യുഡിഎഫിന്റെ രഹസ്യ തീരുമാനത്തെക്കുറിച്ച് അണികള്‍ക്കു നല്‍കിയ സൂചനയാണ് ഖാദറിന്റെ പ്രസ്താവന. ഈ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെയാണ് ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കാണ് പിന്തുണ എന്ന് സുരേഷ് ഗോപി സ്ഥിരീകരിച്ചത്.
കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയുടെ ഭാവി തെരഞ്ഞെടുപ്പിനു ശേഷം അറിയാമെന്ന് ഭീഷണിയുടെ സ്വരത്തില്‍ അമിത്ഷാ പറഞ്ഞിരുന്നു. രേഖകള്‍ പൂരിപ്പിക്കാനുള്ള കെഎന്‍എ ഖാദറിന്റെ സഹായ വാഗ്ദാനത്തോടെ അമിത്ഷായുടെ ഉദ്ദേശ്യം വ്യക്തമായി. ഒരുകാരണവശാലും കേരളത്തില്‍ ഈ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയാണ് അമിത്ഷായുടെ ഭീഷണി. ബിജെപിയുടെ നിലപാടിനെ സാധൂകരിക്കുന്ന പ്രസ്താവന സാധാരണഗതിയില്‍ ഒരു ലീഗ് നേതാവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നതല്ല.
ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യധാരണ ഖാദറിന്റെ വാക്കുകളില്‍ നിന്ന് എങ്ങനെ പുറത്തു വരുന്നു എന്നു നോക്കൂ. അദ്ദേഹത്തിന്റെ ഒരു വാചകം ഇങ്ങനെയാണ്: ”എന്തായാലും അതു നടപ്പിലാക്കാന്‍ ഇറങ്ങിത്തിരിച്ച ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും സൂക്ഷ്മത പുലര്‍ത്തുകയും രേഖകളൊക്കെ ശരിയാക്കി വെയ്ക്കുകയും വേണം” എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
സിഎഎ നടപ്പാക്കാന്‍ ആരാണ് ഇറങ്ങിത്തിരിച്ചത്? ബിജെപിയുടെ ആ ഇറങ്ങിത്തിരിക്കലിന് കേരളത്തില്‍ പ്രസക്തിയൊന്നുമില്ല. സിഎഎയ്‌ക്കെതിരെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയവും പാസാക്കി. സ്വാഭാവികമായും ഇതിന്റെ ഭാഗമായി ആരും ഒരു രേഖയും പൂരിപ്പിക്കേണ്ട സാഹചര്യം നിലവില്‍ കേരളത്തില്‍ ഇല്ല.
അപ്പോള്‍പ്പിന്നെ ഖാദറിന്റെ ലക്ഷ്യം എന്താണ്? കേരളത്തില്‍ സിഎഎ വരുമെന്നും അതിന്റെ ഭാഗമായി രേഖകള്‍ പൂരിപ്പിക്കാന്‍ തങ്ങള്‍ സഹായിക്കുമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും ലീഗ് നേതാവ് അണികളെയും പ്രവര്‍ത്തകരെയും സമാധാനിപ്പെടുത്തുന്നതിന്റെ വ്യംഗ്യമെന്ത്?
യുഡിഎഫിന് വോട്ടു മറിക്കാനും സര്‍ക്കാരുണ്ടാക്കാനും ബിജെപി മുന്നോട്ടു വെച്ച ആവശ്യമാണ് കേരളത്തില്‍ സിഎഎ നടപ്പാക്കല്‍. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയുടെ ഭാവി തെരഞ്ഞെടുപ്പിനു ശേഷം അറിയാമെന്ന് അമിത്ഷാ ഭീഷണിപ്പെടുത്തിയത്, യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയുടെ ബലത്തിലാണ്.
മുസ്ലിംലീഗും അറിഞ്ഞു കൊണ്ടാണ് കച്ചവടം. കരാര്‍ വ്യവസ്ഥ ലീഗ് അണികളെ ധരിപ്പിക്കാനാണ് കെഎന്‍എ ഖാദറിനെ നിയോഗിച്ചത്. അതിനുള്ള പ്രതിഫലമാണ് സുരേഷ് ഗോപിയുടെ വക ഉറപ്പ്. ഗുരുവായൂരില്‍ ബിജെപിയുടെ പിന്തുണ യുഡിഎഫിന്. ഗുരുവായൂരും തലശേരിയിലും വാങ്ങുന്ന വോട്ടിനു പ്രത്യുപകാരമായി ഏതൊക്കെ മണ്ഡലങ്ങള്‍ ബിജെപിയ്ക്കു നല്‍കാന്‍ ധാരണയായിട്ടുണ്ടെന്ന് യുഡിഎഫ് നേതൃത്വം തുറന്നു പറയണം. തൃശൂരില്‍ താനും നേമത്ത് കുമ്മനവും ജയിക്കുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടതും വെറുതെയാകില്ല. രണ്ടു മണ്ഡലങ്ങളിലും യശശരീരനായ കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മക്കളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ഇരുവരെയും ബലിയാടാക്കാന്‍ ബിജെപിയുമായി കരാറുറപ്പിച്ചതിന്റെ ആത്മവിശ്വാസമാണോ സുരേഷ് ഗോപി പങ്കുവെയ്ക്കുന്നത് എന്ന് സംശയം അസ്ഥാനത്തല്ല.
സ്ഥാനാര്‍ത്ഥിയുടെയോ ബന്ധപ്പെട്ടവരുടെയോ അലംഭാവമോ അശ്രദ്ധയോ കൊണ്ടല്ല ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്. തള്ളാന്‍ വേണ്ടി കൊടുത്ത പത്രികയാണത്. ബോധപൂര്‍വം വരുത്തിയതാണ് പിഴവുകള്‍. പാര്‍ടി അധ്യക്ഷന്റെ പേര് വിട്ടുപോയത് അബദ്ധമാണെന്ന ന്യായം ശാഖയില്‍ പോലും ചെലവാകില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഡമ്മി സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നില്ല. എഴുതിത്തയ്യാറാക്കിയ തിരക്കഥ പ്രകാരം തന്നെയാണ് കാര്യങ്ങള്‍ നടന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടന്ന മുഴുവന്‍ പ്രക്ഷോഭങ്ങളെയും ഒറ്റികൊടുക്കാനുള്ള അറപ്പില്ലായ്മ പ്രകടമാക്കിയ സാഹചര്യത്തില്‍ കെ എന്‍ എ ഖാദര്‍ ബാക്കി കൂടി പൂരിപ്പിക്കണം. എത്ര മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ പ്രത്യുപകാരം ബിജെപിയ്ക്ക് ലഭിക്കും? നിയമസഭയില്‍ ബിജെപിയുടെ അംഗബലം കൂട്ടാന്‍ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും എത്ര സ്ഥാനാര്‍ത്ഥികളെയാണ് കുരുതി കൊടുക്കാന്‍ നിര്‍ത്തിയിരിക്കുന്നത്?
പൗരത്വത്തിന്റെ പേരില്‍ തടങ്കല്‍പ്പാളയങ്ങള്‍ പണിയുന്നതോ, തലമുറകളായി ഇവിടെ ജീവിക്കുന്നവര്‍ ഏതാനും രേഖകളുടെയും വിവരങ്ങളുടെയും പേരില്‍ ആട്ടിയോടിക്കപ്പെടുന്നതോ, ഏതു നിമിഷവും വേട്ടയാടപ്പെടുമെന്ന ഭീതിയില്‍ അനേക ലക്ഷങ്ങള്‍ ജീവിതം തള്ളിനീക്കുന്നതോ ഒന്നും കെഎന്‍എ ഖാദറിനും മുസ്ലിംലീഗിനും പ്രശ്‌നമല്ലായിരിക്കാം. ബിജെപിയുടെ ആജ്ഞകള്‍ ശിരസാവഹിച്ചായാലും അധികാരക്കസേര സ്വപ്നം കാണാന്‍ ഒരുളുപ്പുമില്ലായിരിക്കാം.
പക്ഷേ, ഈ കൊടിയ വഞ്ചന കേരളം പൊറുക്കുമെന്നു മാത്രം കരുതരുത്.
Get real time update about this post categories directly on your device, subscribe now.