വൈമുഖ്യത്തോടെ തെരഞ്ഞെടുപ്പിനിറങ്ങിയ സുരേഷ് ഗോപി ; കാരണം വ്യക്തമാക്കി രഞ്ജി പണിക്കര്‍

കേരളത്തില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ഒരു സുപ്രധാന മണ്ഡലമാണ് തൃശൂര്‍. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പി ബാലചന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്മജാ വേണുഗോപാലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുമാണ് തൃശൂരില്‍ മത്സരിക്കുന്നത്.

ഇക്കുറി തീപാറുന്ന പോരാട്ടമാകും തൃശൂര്‍ മണ്ഡലത്തില്‍ നടക്കുക എന്ന് കെെരളി ന്യൂസ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ജോണ്‍ ബ്രിട്ടാസും രഞ്ജിപണിക്കരും ചേര്‍ന്ന് അവതരിപ്പിക്കുന്ന വോട്ടോഗ്രാഫ് എന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ എന്ന മണ്ഡലത്തിൽ വന്നപ്പോ‍ഴാണ് രഞ്ജി പണിക്കർ സ്ട്രഗിള്‍ ചെയ്യുന്നത് താന്‍ കണ്ടതെന്ന് തമാശ രൂപേണ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അതിന് കാരണം അദ്ദേഹത്തിന് വേണ്ടപ്പെട്ട സുരേഷ് ഗോപിയും പത്മജ വേണുഗോപാലും തൃശൂർ മണ്ഡലത്തിൽ പരസ്പരം മത്സരിക്കുന്നു എന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

” സുരേഷ് ഗോപിക്ക് ഒരുപാട് കാര്യങ്ങൾ സിനിമയിൽ പറയിപ്പിച്ച ആളാണ് രഞ്ജി പണിക്കർ. അതൊക്കെ അദ്ദേഹം രാഷ്ട്രീയത്തിൽ പയറ്റാൻ ശ്രമിക്കുകയാണ്. എന്നാൽ രഞ്ജി പണിക്കർ എന്ന സ്ക്രിപ്റ്റ് റൈറ്റർ പിന്നിൽ ഇല്ല എന്നുമാത്രം”- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

വളരെ കൗതുകകരമായ മത്സരമാണ് ആണ് തൃശ്ശൂരിൽ നടക്കാൻ പോകുന്നതെന്ന് രഞ്ജി പണിക്കർ പ്രതികരിച്ചു.

‘വളരെ കൗതുകകരമായ മത്സരം തന്നെയാണ് തൃശ്ശൂരിൽ നടക്കാനിരിക്കുന്നത്. പലതുകൊണ്ടും ശ്രദ്ധാകേന്ദ്രമാകുന്ന മത്സരമാണ് തൃശ്ശൂരിലേത്. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മത്സരമാണ് ഇത്തവണത്തേത്. സുരേഷ് ഗോപി ഒരു സ്റ്റാർ കാൻഡിഡേറ്റ് ആണ്’ – രഞ്ജി പണിക്കർ പറഞ്ഞു.

എന്നാൽ സുരേഷ് ഗോപി ഇത്തവണ വിജയ സാധ്യതയല്ല മത്സര സാധ്യതയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് സൂചിപ്പിച്ചപ്പോള്‍ സുരേഷ് ഗോപി അങ്ങനെ പറഞ്ഞിരിക്കുന്നതിന്‍റെ അർത്ഥം അതൊരു ഫൈറ്റ് ആണെന്നതാണെന്ന് രഞ്ജി പണിക്കര്‍ വ്യക്തമാക്കി.

“സുരേഷ് ഗോപി ഒരു സ്റ്റാർ കാൻഡിഡേറ്റ് ആണ്. ഒരു അഡ്വാൻറ്റേജ് അദ്ദേഹത്തിനുണ്ട്. പക്ഷേ തൃശ്ശൂരിൽ ഇക്കുറി കടുത്ത മത്സരമാണ് നടക്കാനിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാലിന് സ്വാധീനമുള്ള മണ്ഡലമാണ് തൃശ്ശൂർ എന്നും രഞ്ജി പണിക്കർ പറയുന്നു. കരുണാകരൻറെ മകൾ എന്ന നിലയിലും പത്മജയ്ക്ക് വേരോട്ടമുള്ള മണ്ഡലമാണ് തൃശ്ശൂർ “- രഞ്ജി പണിക്കര്‍ തൃശൂരിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് പറഞ്ഞു.

മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐയുടെ പി ബാലചന്ദ്രനാണ്.

പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും എഴുത്തുകാരനുമായ പി ബാലചന്ദ്രനും തൃശൂരില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. നല്ല പ്രാസംഗികൻ സംഘാടകനുമായ വ്യക്തിയാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായ പി ബാലചന്ദ്രനെന്നും മൂന്ന് പേരും തമ്മിലുള്ള പോരാട്ടം തീപാറുന്ന പോരാട്ടം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവചനാതീതമായ ഒരു സ്ഥിതിയാണ് ആണ് തൃശ്ശൂരിൽ നിലനിൽക്കുന്നതെന്ന് രഞ്ജി പണിക്കർ പറഞ്ഞു.

“ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ ശ്രദ്ധേയമായ വോട്ടുകൾ നേടി വിജയിച്ച ആളാണ് സുരേഷ് ഗോപി എന്നാൽ നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ അദ്ദേഹത്തിൻറെ പരിപ്രേഷ്യം അത്ര ഗുണകരം ആയിരിക്കില്ല എന്ന തിരിച്ചറിവിൽ ആയിരിക്കണം സുരേഷ് ഗോപി വിജയത്തെക്കുറിച്ച് ഊന്നാതെ സംസാരിച്ചത്” എന്ന് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

എൻഡിഎയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിന് പോകുമ്പോൾ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോൾ ഉണ്ടാകണമെന്നില്ലെന്ന് രഞ്ജി പണിക്കര്‍ അഭിപ്രായപ്പെട്ടു. “ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഉണ്ടായിരുന്ന പ്രസക്തി അസംബ്ലി തെരഞ്ഞെടുപ്പിൽ ഉണ്ടാകണമെന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“വലിയ വൈമനസ്യത്തോടെയും വൈമുഖ്യത്തോടും കൂടിയാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. അദ്ദേഹത്തിൻറെ തന്നെ വാക്കുകളിൽ അത് പ്രകടമായിരുന്നു- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

അതേസമയം പത്മജയുടെ അവസാനത്തെ ബസ് ആയിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ കാണാനാവുകയെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. “ഒരുപാട് പയറ്റിയിട്ടും മുഖ്യധാരാ രാഷ്ട്രീയത്തിൽ തിളങ്ങാൻ പത്മജയ്ക്ക് ആയിട്ടില്ല. പത്മജ പറയുന്നതുപോലെ കരുണാകരന്റെ മകൾ ആയത് പത്തനംതിട്ടക്ക് വലിയ ദോഷം ചെയ്തിട്ടുണ്ട്” രഞ്ജി പണിക്കര്‍ അഭിപ്രായപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പത്മജയ്ക്ക് അത് ഗുണകരമാകുകയല്ല പകരം ദോഷകരം ആവുകയാണ് ചെയ്തതെന്ന് ജോണ്‍ ബ്രിട്ടാസും പറഞ്ഞു.

‘അന്ന് കണ്ണടച്ച് നിന്ന് മത്സരിക്കാനാകുമായിരുന്ന മുകുന്ദപുരത്ത് മത്സരിക്കുമ്പോൾ പോലും ഈ ഘടകങ്ങൾ പത്മജയ്ക്ക് എതിരായി. ഒരു സാധാരണ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നുവെങ്കിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് താൻ ഇതിനോടകം നിയമസഭ കണ്ടേനെ എന്ന് പത്മജ പറയാൻ കാരണമിതാണെന്നും രഞ്ജി പണിക്കർ പറഞ്ഞു.

ഒരു പ്രതിനായികാ പരിവേഷം ഒരുപാട് കാലം കൊണ്ടുനടന്ന വ്യക്തി കൂടിയാണ് പത്മജയെന്നും അത് അവരിൽ അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here