എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിനെ യു.ഡി.എഫുകാര്‍ ആക്രമിച്ചത് തെരഞ്ഞെടുപ്പ് രംഗം സംഘര്‍ഷ ഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം ; സി പി ഐ എം

കോതമംഗലം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിനെ യു.ഡി.എഫുകാര്‍ ആക്രമിച്ചത് തെരഞ്ഞെടുപ്പ് രംഗം സംഘര്‍ഷ ഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

റോഡിലൂടെ പോയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന്റെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചുകീറി, തള്ളി താഴെയിടാനും ശ്രമിച്ചു.

ആക്രമണം തടയാന്‍ ശ്രമിച്ച എല്‍.ഡി.എഫ് നേതാക്കള്‍ക്കും പരുക്കേറ്റു. പൊലീസ് എത്തിയാണ് ആന്റണിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ പരസ്യമായി ആക്രമിക്കാന്‍ തയാറാകുന്നവര്‍, എന്ത് ഹീനകൃത്യത്തിലൂടെയും തെരഞ്ഞെടുപ്പ് രംഗം അലങ്കോലപ്പെടുത്താന്‍ മടിക്കില്ല എന്നതിന്റെ സൂചനയാണിത്. ഈ ആക്രമണ പദ്ധതിയില്‍ ബി.ജെ.പിയും ഉണ്ട് എന്നതിന് തെളിവാണ് കല്ല്യാശ്ശേരിയില്‍ റോഡ് ഷോ നടത്തിയ ബി.ജെ.പിക്കാര്‍, ഗര്‍ഭിണിയേയും കുടുംബത്തെയും ഒരു മണിക്കൂറോളം തടഞ്ഞിട്ടതും, ഭര്‍ത്താവിനെ ആക്രമിച്ചതുമായ സംഭവം.

പരാജയ ഭീതിയില്‍ പ്രതിപക്ഷ കക്ഷികള്‍ അക്രമപാതയിലേക്ക് നീങ്ങുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും തയാറാകണം. പ്രകോപനങ്ങളില്‍ വശംവദരാകാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോടും ജനങ്ങളോട് ആകെയും അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here