എൻ‌സി‌പി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ആശുപത്രിയില്‍

നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ വയറുവേദനയെ തുടര്‍ന്ന് മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 80 കാരനായ മുന്‍ കേന്ദ്രമന്ത്രിയെ നാളെ എന്‍ഡോസ്‌കോപ്പിക്കും ശസ്ത്രക്രിയയ്ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കെയാണ് ഞായറാഴ്ച വൈകുന്നേരം വീണ്ടും വയറ്റില്‍ വേദന അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഒരു ദിവസം മുന്‍പ് തന്നെ പവാറിനെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ അദ്ദേഹത്തിന്റെ എല്ലാ പ്രോഗ്രാമുകളും റദ്ദാക്കപ്പെടുമെന്ന് എന്‍സിപി വക്താവ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ഭരണ സഖ്യം വലിയ പ്രതിസന്ധിയുടെ നടുവിലൂടെ കടന്നു പോകുമ്പോഴാണ് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിക്കുന്നത്.

മുകേഷ് അംബാനി ബോംബ് ഭീഷണി കേസില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രിയായ എന്‍സിപി നേതാവ് അനില്‍ ദേശ്മുഖിനെതിരെ വലിയ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

ഇത് സഖ്യകക്ഷികളായ സേനയും എന്‍സിപിയും തമ്മില്‍ ബന്ധത്തില്‍ വലിയ വിള്ളലിന് കാരണമായിരുന്നു. ഇതിനിടെ ശരദ് പവാര്‍ കേന്ദ്രമന്ത്രി അമിത് ഷായെ അഹമ്മദാബാദില്‍ സന്ദര്‍ശിച്ചതായ റിപ്പോര്‍ട്ടുകളും പ്രചാരം നേടിയെങ്കിലും അത്തരമൊരു കൂടിക്കാഴ്ച നടന്നതായ വാര്‍ത്തകള്‍ എന്‍സിപി നിഷേധിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here