മുംബൈയിലെ ആശുപത്രികളില്‍ ഒഴിവില്ല; പരിഹാരം തേടി നഗരസഭ

മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവം പരിഹരിക്കാന്‍ തയ്യാറെടുക്കുകയാണ് നഗരസഭ. ഇതോടെ കോവിഡ് രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ വാര്‍ഡ് വാര്‍ റൂമുകള്‍ വഴിയാകും ആശുപത്രികളില്‍ പ്രവേശനം നല്‍കുക.

സ്വകാര്യ ആശുപത്രികളിലെ ഐസിയു കിടക്കകളുടെയും കോവിഡ് കിടക്കകളുടെയും 80 ശതമാനവും ഇനി മുതല്‍ നഗരസഭയുടെ കേന്ദ്രീകൃത അലോട്ട്‌മെന്റിനായി നീക്കിവയ്ക്കും. ഈ വാരാന്ത്യത്തോടെ, കോവിഡ് ബാധിച്ച രോഗികള്‍ക്ക് 7,000 കിടക്കകള്‍ ലഭ്യമാക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നിരുന്നാലും ദിവസേന ശരാശരി അയ്യായിരത്തിലധികം കേസുകള്‍ കൂടി വരുന്ന നഗരത്തില്‍ ഇതൊരു പരിഹാരമാകില്ലെന്നാണ് വിദഗ്ധരും പറയുന്നത്.

മുംബൈയില്‍ കഴിഞ്ഞ ദിവസം 5,888 പുതിയ കേസുകളും 12 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. 360ഐസിയു ഉള്‍പ്പെടെ കോവിഡ് രോഗികള്‍ക്കായി 2,269 കിടക്കകള്‍ മുംബൈയിലെ സ്വകാര്യ ആശുപത്രികളില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) സര്‍ക്കുലറില്‍ അറിയിച്ചു.

ആശുപത്രികള്‍ വഴി കിടക്കകള്‍ ആര്‍ക്കും ഇനി മുതല്‍ നേരിട്ട് അനുവദിക്കില്ല. ആശുപത്രി കിടക്കകള്‍ അനുവദിക്കുന്നത് നഗരത്തിലെ ഇരുപതിലധികം വരുന്ന വാര്‍ഡ് വാര്‍ റൂമുകള്‍ വഴിയായിരിക്കും. അതിനാല്‍ ടെസ്റ്റിംഗ് ലാബുകളില്‍ നിന്ന് പോസിറ്റീവ് കോവിഡ് റിപ്പോര്‍ട്ട് നേരിട്ട് വാങ്ങാന്‍ ആരും ശ്രമിക്കരുതെന്നും ബിഎംസി കമ്മീഷണര്‍ ഇക്ബാല്‍ സിംഗ് ചഹാല്‍ പറഞ്ഞു.

മുംബൈയിലെ കോവിഡ് -19 രോഗികള്‍ക്കായി നിലവില്‍ ലഭ്യമായ 3,000 കിടക്കകള്‍ക്ക് പുറമേ പുതിയ കിടക്കകള്‍ ഉണ്ടാകും. ഈ 3,000 പേരില്‍ 450 കിടക്കകള്‍ സ്വകാര്യ ആശുപത്രികളിലാണ്.വര്‍ദ്ധിച്ചുവരുന്ന കേസുകളുടെ നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ കുറച്ച് ദിവസത്തിനുള്ളില്‍ ഈ കിടക്കകള്‍ വേഗത്തില്‍ നിറയുമെന്നതാണ് മറ്റൊരു വെല്ലുവിളി.

രോഗ ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് കോവിഡ് കിടക്കകള്‍ അനുവദിക്കരുതെന്നും അത്തരക്കാരെ ഉടനെ ഡിസ്ചാര്‍ജ് ചെയ്തു ഗുരുതരമായ കോവിഡ് രോഗികളെ പ്രവേശിപ്പിക്കണമെന്നും നഗരസഭ അധികൃതര്‍ സ്വകാര്യ ആശുപത്രികളോടും നഴ്‌സിംഗ് ഹോമുകളോടും നിര്‍ദ്ദേശിച്ചു.

വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ ഞായറാഴ്ച സൂചന നല്‍കിയിരുന്നു. ആളുകള്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന റിപോര്‍ട്ടുകള്‍ കൂടിയതോടെയാണ് ലോക്ക്ഡൗണ്‍ നടപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News