എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായി ; സന്തോഷം പങ്കുവെച്ച് തോമസ് ഐസക്

എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ധനമന്ത്രി തോമസ് ഐസക്. ഒരാള്‍ പോലും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അത് പറയുക മാത്രമല്ല, പറയുന്ന കാര്യങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കുന്നു എന്നതാണ് ഇടതുപക്ഷ ഉറപ്പെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 1000-ാമത്തെ ജനകീയ ഹോട്ടല്‍ തുറന്നത്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന രാജ്യത്ത് വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായിരുന്നു 2020-21 ബജറ്റില്‍ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകള്‍. തോമസ് ഐസക് വ്യക്തമാക്കി.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അങ്ങനെ ആയിരാമത്തെ ജനകീയ ഹോട്ടല്‍ ഇന്ന് യാഥാര്‍ത്ഥ്യമായി. വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 1000-ാമത്തെ ജനകീയ ഹോട്ടല്‍ തുറന്നത്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന രാജ്യത്ത് വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായിരുന്നു 2020-21 ബജറ്റില്‍ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകള്‍. 4381 കുടുംബങ്ങള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന കേന്ദ്രം കൂടിയാണ് ഇവ. പ്രതിമാസം എല്ലാ ചെലവുകളും കഴിഞ്ഞ് പതിനായിരം മുതല്‍ പതിനയ്യായിരം രൂപവരെയാണ് ഒരാളുടെ വരുമാനം. 20 രൂപയ്ക്ക് ഊണ് നല്‍കുന്ന ഈ ഹോട്ടലുകളിലൂടെ ഇതുവരെ 2.6 കോടി ആളുകള്‍ക്ക് ഭക്ഷണം നല്‍കിക്കഴിഞ്ഞു. (അതായത് ശരാശരി പ്രതിദിനം 153000 പേര്‍ക്ക്) അവയില്‍ 768300 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ജനകീയ ഹോട്ടലുകള്‍ക്ക് ഒരു ഊണിന് 10 രൂപ വച്ച് സബ്‌സിഡി നല്‍കുമെന്ന് പറഞ്ഞ പ്രകാരം 24.72 കോടി രൂപ കുടുംബശ്രീയ്ക്ക് വിതരണം ചെയ്തും കഴിഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സിവില്‍ സപ്ലൈസ് വകുപ്പും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ വിജയമാണ് ബജറ്റ് വര്‍ഷത്തില്‍ തന്നെ 1000 ഹോട്ടലുകള്‍ പൂര്‍ത്തീകരിക്കാനായത്. ഇവയുടെ എണ്ണം ഇനിയും കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. ഒരാള്‍ പോലും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതെ പറയുക മാത്രമല്ല, പറയുന്ന കാര്യങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കുന്നു എന്നതാണ് ഇടതുപക്ഷ ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News