എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ യാഥാര്‍ത്ഥ്യമായി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ പ്രഖ്യാപനം ഇന്ന് യാഥാര്‍ത്ഥ്യമായി. വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 1000-ാമത്തെ ജനകീയ ഹോട്ടല്‍ തുറന്നത്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന രാജ്യത്ത് വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായിരുന്നു 2020-21 ബജറ്റില്‍ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകള്‍.

20 രൂപയ്ക്ക് ഊണ് നല്‍കുന്ന ഈ ഹോട്ടലുകളിലൂടെ ഇതുവരെ 2.6 കോടി ആളുകള്‍ക്ക് ഭക്ഷണം നല്‍കിക്കഴിഞ്ഞു. അവയില്‍ 7,68,300 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ജനകീയ ഹോട്ടലുകള്‍ക്ക് ഒരു ഊണിന് 10 രൂപ വച്ച് സബ്‌സിഡി നല്‍കുമെന്ന് പറഞ്ഞ പ്രകാരം 24.72 കോടി രൂപ കുടുംബശ്രീയ്ക്ക് വിതരണം ചെയ്തും കഴിഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സിവില്‍ സപ്ലൈസ് വകുപ്പും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ വിജയമാണ് ബജറ്റ് വര്‍ഷത്തില്‍ തന്നെ 1000 ഹോട്ടലുകള്‍ പൂര്‍ത്തീകരിക്കാനായത്. ഇവയുടെ എണ്ണം ഇനിയും കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. ഒരാള്‍ പോലും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പറയുക മാത്രമല്ല, പറയുന്ന കാര്യങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കുന്നു എന്നതാണ് ഇടതുപക്ഷ ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here