ബിജെപിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ ഒ രാജഗോപാലിനെ ശരിവച്ച് പി സായ്നാഥ്; കേരള ജനതയ്ക്ക് ബിജെപിയില്‍ ഒരു താല്‍പര്യവുമില്ല

കോരളത്തില്‍ ബിജെപിക്ക് വേരോട്ടമുണ്ടാവാത്തത് കേരളീയര്‍ അഭ്യസ്ത വിദ്യരും കാര്യങ്ങളെ വസ്തുതയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ കെല്‍പുള്ളവരുമായതുകൊണ്ടാണെന്ന ബിജെപി എംഎല്‍എ ഒ രാജഗോപാലിന്‍റെ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. ഒ രാജഗോപാലിന്‍റെ ബിജെപികുറിച്ചുല്ള ഈ അഭിപ്രായത്തെ ശരിവച്ചിരിക്കുകയാണ് എ‍ഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകലുമായ പി സായ്നാഥ്.

കേരളത്തിലെ ബിജെപിയുടെ അവസ്ഥ ഒ രാജഗോപാല്‍ പറഞ്ഞത് തന്നെയാണെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായ്നാഥ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘ബി.ജെ.പി കേരളത്തില്‍ ഒരു എതിരാളി പോലുമല്ല. കേരളീയ ജനതയ്ക്ക് ബി.ജെ.പിയില്‍ ഒരിക്കലും താത്പര്യമുണ്ടായിട്ടില്ല. പക്ഷെ അവര്‍ ചില പുതിയ വിഷയങ്ങള്‍ ഈ സമയത്ത് ഉന്നയിക്കുന്നുണ്ട്. ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പി വിരുദ്ധ വികാരം ദക്ഷിണേന്ത്യയില്‍ വളരെ കൂടുതലാണ്.

കര്‍ണാടകത്തെ മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആര്‍.എസ്.എസ് അടിത്തറയുള്ള സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ അതിനപ്പുറം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളര്‍ന്നിട്ടില്ല. അതെന്തുകൊണ്ട് എന്നതിന് ഏറ്റവും മികച്ച ഉത്തരം നല്‍കിയത് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ തന്നെയാണ്.

കേരളത്തിലെ 90 ശതമാനം ആളുകള്‍ സാക്ഷരരായതുകൊണ്ടാണ് കേരളത്തില്‍ ബി.ജെ.പിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ആ നിരീക്ഷണത്തെ ഞാന്‍ വളരെയധികം അംഗീകരിക്കുന്നു. പക്ഷെ അദ്ദേഹം പറഞ്ഞതില്‍ ചെറിയ തിരുത്തുണ്ട്. കേരളത്തിലെ സാക്ഷരത 90 ശതമാനത്തിലധികമാണ്,’ അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരം കേരളത്തിലെയും തമി‍ഴ്നാട്ടിലെയും തെരഞ്ഞെടുപ്പുകളില്‍ പ്രത്യക്ഷമായി വലിയ പ്രചാരണ വിഷയമല്ലെങ്കിലും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ കര്‍ഷകസമരത്തിന് അനുകൂലമാണ്. കേരളത്തില്‍ രണ്ടുസീറ്റില്‍ കൂടുതല്‍ ബിജെപിക്ക് ലഭിക്കില്ലെന്നും പലയിടത്തും ബിജെപിക്ക് കെട്ടിവച്ച തുക നഷ്ട്മാകുമെന്നും തമി‍ഴ്നാട്ടിലും വലിയ തോതിലുള്ള തോല്‍വി ബിജെപി നേരിടേണ്ടിവരുമെന്നും പി സായ്നാഥ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News