ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ മത്സരം ബിജെപി മുതലെടുത്തു: പിസി ചാക്കോ

കോണ്‍ഗ്രസിന്‍റെ തെറ്റായ രാഷ്ട്രീയ നിലപാടുകളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെടുത്ത തീരുമാനമെന്ന് എന്‍സിപി ദേശീയ നേതാവ് പി സി ചാക്കോ.

ഇടതുപക്ഷ- പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണില്‍ മത്സരിച്ചാല്‍ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതം തന്നെപ്പോലുള്ളവര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടക്കുന്ന കര്‍ണാടകയോ ആന്ധ്രയോ തെരഞ്ഞെടുക്കണമായിരുന്നുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് കെ തോമസിന്റെ പ്രചാരണാര്‍ഥം രാമങ്കരിയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യവേ ചാക്കോ പറഞ്ഞു.

കേരളത്തിലെ ചില നേതാക്കളുടെ പിടിവാശിയാണ് രാഹുല്‍ഗാന്ധിയെ കേരളത്തില്‍ എത്തിച്ചത്. ഇത് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ കുപ്രചാരണത്തിന് ബിജെപിക്ക് അവസരമൊരുക്കി. വര്‍ഗീയ ശക്തികളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ബാധ്യതയുള്ള കോണ്‍ഗ്രസ് ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധമായ വിട്ടുവീഴ്ചകളും ഒത്തുതീര്‍പ്പുകളുമാണ് അവര്‍ക്ക് നേട്ടമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ രണ്ടാംവട്ടവും നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയത് കോണ്‍ഗ്രസിന്റെ തെറ്റായ നിലപാടു മൂലമാണ്. യോഗത്തില്‍ കെ കെ അശോകന്‍ അധ്യക്ഷനായി. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ സി ജോസഫ്, എന്‍വൈസി ദേശീയ അധ്യക്ഷന്‍ ധീരജ് ശര്‍മ, എന്‍എസ്എസി ദേശീയ പ്രസിഡന്റ് സോണിയ ധൂം തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News