നിലമ്പൂര്‍ രാധ വധക്കേസ്: പ്രതികളുടെ അപ്പീല്‍ കോടതി അംഗീകരിച്ചു; പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി

കോണ്‍ഗ്രസ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീലെ തൂപ്പുകാരിയായിരുന്ന രാധയുടെ കൊലപാതകത്തില്‍ ഒന്നും രണ്ടും പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെറുതെവിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ശരിവച്ചാണ് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടത്. പ്രതികള്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്.

കോണ്‍ഗ്രസ് ഓഫീല്‍വച്ച് പട്ടാപ്പകല്‍ നടന്ന കൊലപാതകം അന്ന് യുഡിഎഫ് സര്‍ക്കാറിനെയും കോണ്‍ഗ്രസിനെയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് നിലമ്പൂര്‍ ഓഫീസ് ജീവനക്കാരനുമാണഅ കേസിലെ ഒന്നാം പ്രതിയെന്നതും കോണ്‍ഗ്രസിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരുന്നു

നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പ്കാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കല്‍ വീട്ടില്‍ രാധ കോണ്‍ഗ്രസ് ഓഫീസില്‍ വച്ചാണ് കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാന്‍ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓട്ടോയില്‍ കൊണ്ട് പോയി കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികള്‍ നല്‍കിയ മൊഴി. ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈല്‍ഫോണ്‍ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തു. ടവര്‍ ലൊക്കേഷന്‍ തിരിച്ചറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണു കളഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News