ഒരാൾക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഒരാൾക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഒന്നിലധികം വോട്ടുള്ളവരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങണമെന്നും കോടതി.ഇരട്ട വോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മാർഗ്ഗരേഖ ഹൈക്കോടതി അംഗീകരിച്ചു.ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി.

ഒരാൾക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇലക്ഷൻ കമ്മീഷന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതെത്തുടർന്ന് ഇക്കാര്യം ഉറപ്പു വരുത്തുന്നതിനായി കമ്മീഷൻ  മാർഗ്ഗരേഖ തയ്യാറാക്കി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

മാർഗ്ഗരേഖയിലെ നിർദേശങ്ങൾ ഇവയാണ്.ഇരട്ട വോട്ടര്‍മാരെ കണ്ടെത്താന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു.ഇത്തരത്തില്‍ കണ്ടെത്തിയവരുടെ പ്രത്യേകം പട്ടിക തയ്യാറാക്കും.വോട്ടര്‍ പട്ടികയ്ക്കൊപ്പം ഈ പട്ടികയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും.ഇരട്ടവോട്ടുള്ളവരുടെ ഐഡന്‍റിറ്റി ബൂത്തില്‍ വിശദമായി പരിശോധിക്കും.

ഇരട്ടവോട്ടുള്ള വ്യക്തി താന്‍ ഒരു വോട്ട് മാത്രമാണ് ചെയ്തതെന്ന് ബൂത്തില്‍വെച്ച് സത്യവാങ്മൂലം നല്‍കണം.ഇവരുടെ ഫോട്ടൊ ബൂത്തില്‍വെച്ച് എടുക്കും.വിരലില്‍ പുരട്ടിയ മഷി ഉണങ്ങിയ ശേഷമെ ഇവരെ ബൂത്ത് വിടാന്‍ അനുവദിക്കൂ.. ഈ നിർദേശങ്ങൾ അംഗീകരിച്ച കോടതി രമേശ് ചെന്നിത്തലയുടെ ഹർജി തീർപ്പാക്കുകയായിരുന്നു.

എന്നാൽ സംസ്ഥാനത്ത് 4.34 ലക്ഷം ക്രമരഹിത വോട്ടർമാരുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം കമ്മീഷൻ തള്ളിയിരുന്നു.38,586 ക്രമരഹിത വോട്ടർമാർ മാത്രമാണുള്ളത് എന്നായിരുന്നു കമ്മീഷൻ്റെ കണ്ടെത്തൽ.ഇതിനിടെ പോസ്റ്റൽ വോട്ടുകൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

പോസ്റ്റൽ ബാലറ്റ് പെട്ടികൾ സീൽ ചെയ്യുമ്പോൾ   സ്ഥാനാർത്ഥിയോ  ഏജൻ്റോ ഉണ്ടാകണം. നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നും കെ മുരളീധരൻ ഉൾപ്പടെയുള്ള യുഡിഎഫ് സ്ഥാനാർഫികളുടെ ഹർജി പരിഗണിച്ച് കോടതി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here