വര്‍ത്തമാനകാല രാഷ്ട്രീയ ഉണര്‍വുകളുടെയും ചെറുത്തുനില്‍പ്പുകളുടെയും കഥകളില്‍ നാട്ടുകാര്‍ കുറിച്ചിട്ട പേര്, പിണറായി വിജയന്‍….; ജനഹൃദയങ്ങളേറ്റെടുത്ത ഡോക്യുമെന്‍ററി

ധര്‍മ്മടം എന്ന ഗ്രാമത്തില്‍ നിറഞ്ഞുനിന്ന, ആ ഗ്രാമത്തെ ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തിയ, പിണറായി വിജയന്റെ ബാല്യ-കൗമാര കാലങ്ങളിലൂടെ സഞ്ചരിച്ച് വര്‍ത്തമാന കാലങ്ങളിലൂടെ കഥപറയുന്ന ഡോക്യുമെന്ററി ‘ജനനായകന്‍’ ഇപ്പോള്‍ പലരും സമൂഹമാധ്യമങ്ങളിലൂടെ കൈമാറിക്കൊണ്ടിരിക്കുകയാണ്. കാരണം, അത്രയധികം ആഴത്തില്‍ ധര്‍മ്മടത്തിന്റെ ചരിത്രമുറങ്ങുന്ന പാതകളിലൂടെയുള്ള നടന്നുനീങ്ങുകയാണ് ഈ കലാസൃഷ്ടി.

പിണറായി വിജയനെ ചുരുങ്ങിയ വാക്കുകളില്‍ അതില്‍ അടയാളപ്പെടുത്തുന്നതിങ്ങനെ…

വടക്കന്‍ മലബാറിലെ ധര്‍മ്മടം എന്ന ഭൂപ്രദേശവും അവിടുത്തെ ജീവിതങ്ങളും അടയാളപ്പെടുത്തിയ ഒരു മനുഷ്യനുണ്ട്. വര്‍ത്തമാനകാല രാഷ്ട്രീയ ഉണര്‍വുകളുടെയും വികസന മുന്നേറ്റങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും കഥകളില്‍ ഈ നാട്ടുകാര്‍ എന്നെന്നേക്കുമായി കുറിച്ചിട്ട പേര്…. പിണറായി വിജയന്‍….
അത്രയധികം ആത്മാവിലേക്കാഴ്ന്നിറങ്ങുംവണ്ണം കേരളത്തിന്റെ ക്യാപ്റ്റനെ പരിചയപ്പെടുത്തുകയാണിവിടെ…

തൊട്ടതെല്ലാം പൊന്നാക്കി മാറ്റാനുള്ള ഒരു കൈ ആണ് അദ്ദേഹത്തിന്റെ കൈ. മുഖ്യമന്ത്രിപദത്തില്‍ ഇരുന്നപ്പോള്‍ കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ജനങ്ങളാണ് വലുത് ഞാന്‍ അല്ല വലുത്.. എന്റെ കുടുംബം അല്ല വലുത് എന്ന് ചിന്തിക്കുന്ന ഒരു മുഖ്യമന്ത്രിയെ നമുക്കു കിട്ടിയെന്ന ധര്‍മ്മടം ജനതയുടെ വാക്കുകളും ഇവിടെ അടയാളപ്പെടുത്തുന്നത് പിണറായി വിജയന്‍ എന്ന ധീരനായകന്‍ സ്വന്തം നാടിനെ എത്രത്തോളം നെഞ്ചേറ്റി  എന്നാണ്.

നീതിയുക്തവും പുരോഗമനപരവുമായ സാമൂഹിക അക്രമത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കേരളം മുഴുവന്‍ നെഞ്ചിലേറ്റിയ പേരാണ് പിണറായി വിജയന്‍.

പിണറായി വിജയന്റെ ബാല്യകാല സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും വാക്കുകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.

പിണറായി വിജയന്‍ പിന്നിട്ട സമര വഴികളെക്കുറിച്ചും ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളെ കുറിച്ചും കണ്ണൂരിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ പങ്കുവെച്ച അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെ പ്രധാന ആകര്‍ഷണം.

പിണറായി വിജയന്റെ ബാല്യവും കൗമാരവും തുടങ്ങി ഇന്നുവരെയുള്ള ജീവിതയാത്രയിലെ ഓരോ ഏടുകളും മനോഹരമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് ഏറെ തന്മയത്വത്തോടെ മെനഞ്ഞെടുത്ത ഈ ഡോക്യുമെന്ററി ആസ്വാദകനെ വീണ്ടും വീണ്ടും അത് കാണുവാന്‍ പ്രേരിപ്പിക്കുന്നതാണ്.

മനോഹരങ്ങളായ ഗ്രാമീണ ദൃശ്യഭംഗി കൊണ്ടും ഡോക്യുമെന്ററിക്ക് ജീവനേകിയ പശ്ചാത്തല സംഗീതം കൊണ്ടും ഏറെ സമ്പുഷ്ടമാണ് ഈ സൃഷ്ടി എന്നത് എടുത്തു പറയേണ്ട ഒന്നാണ്. പിണറായിയുടെ കളിക്കൂട്ടുകാര്‍ മുതല്‍ അദ്ദേഹം നാടിനു വേണ്ടി ചെയ്ത അളവറ്റ സല്‍പ്രവര്‍ത്തികളുടെ ഗുണഭോക്താക്കളായ, ഇന്നത്തെ നാടിന്റെ ഊര്‍ജ്ജമായ യുവാക്കള്‍ വരെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിത വഴികള്‍ കാട്ടിത്തരുന്ന ഈ ഡോക്യുമെന്ററിയില്‍ അണി നിരന്നിരിക്കുന്നു.

അധ്വാനത്തിനെ പച്ച പടര്‍ന്ന വയല്‍ പരപ്പില്‍, വിയര്‍പ്പിനെ ഉപ്പുകലര്‍ന്ന കടലില്‍ നീലകളില്‍ , പ്രതിരോധ വീര്യം ചുവപ്പു ചാലിച്ച ചക്രവാളങ്ങളില്‍, മുറവിളികളില്‍ ശിരസ്സുയര്‍ത്തിയ കലാലയ ചത്വരങ്ങളില്‍, വിപ്ലവത്തിന്റെ വെയില്‍ പരന്ന ഗ്രാമ പ്രാന്തങ്ങളില്‍, വംശ പരമ്പരകളുടെ നൂല്‍ ഓടുന്ന ദേശാന്തരങ്ങളില്‍, ആദിമ സാക്ഷാല്‍കാരങ്ങളുടെ അതിജീവനത്തിന്റെ നിറക്കൂട്ടുകളില്‍,…. ഇവിടങ്ങളിലെല്ലാം കാലത്തിന്റെ അലയടി പോലെ ധ്വാനിക്കുന്ന ആ ഒരൊറ്റ പേര്… പിണറായി വിജയന്‍…എന്നാണ് ഡോക്യുമെന്ററിയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്.

‘കേരളമെന്ന നമ്മുടെ ചെറിയ സംസ്ഥാനം പുരോഗമനപരമായ ആശയങ്ങളാലും നൂതനമായ പദ്ധതികളാലും കാലങ്ങളായി ഇന്ത്യയുടെ സംവാദങ്ങളിളെയും വ്യവഹാരങ്ങളെയും സ്വാധീനിച്ചു പോരുന്നുണ്ട് എന്നത് പരാമര്‍ശിക്കാതെ വയ്യ. സത്യത്തില്‍ കേരളത്തിന്റെ ശബ്ദം ഒരു സംസ്ഥാനത്തിന് ഭൗതികമായി അതിരുകള്‍ക്ക് പുറത്തേക്ക് വ്യാപിക്കുന്ന ഒന്നാണ്’ എന്ന പിണറായി വിജയന്റെ വാക്കുകള്‍ കൊണ്ടാണ് ഈ കലാസൃഷ്ടിക്ക് പരിസമാപ്തി കുറിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News