ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത അധികൃതർ വ്യക്തമാക്കിയതോടെ മലയാളികളിൽ ആശങ്ക വർധിക്കുന്നു.അടുത്ത ദിവസങ്ങളിൽ കുറഞ്ഞ അവധിക്ക് നാട്ടിൽ പോകാനായി രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചു കാത്തിരിക്കുന്ന പലരും യാത്ര മാറ്റിവെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്.നാട്ടിലെത്തിയ ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ തുടക്കത്തിൽ ഉണ്ടായതുപോലെ തിരിച്ചു വരവ് പ്രതിസന്ധിയിലാകുമെന്ന കണക്കുകൂട്ടലിലാണ് പലരും.തിരിച്ചുവരാൻ കഴിഞ്ഞില്ലെങ്കിൽ ജോലി പോലും നഷ്ടപ്പെടാനുള്ള സാധ്യതയും പലരും മുൻകൂട്ടി കാണുന്നുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2020 മാർച് മുതൽ പല ഘട്ടങ്ങളിലായി ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. രാജ്യാന്തര വിമാനസർവീസുകൾ കൂടി റദ്ദാക്കിയതോടെ ആയിരക്കണക്കിന് മലയാളികളാണ് തിരിച്ചുവരാൻ കഴിയാതെ മാസങ്ങളോളം നാട്ടിൽ കുടുങ്ങിയത്.ഇവരിൽ പലർക്കും ഇനിയും തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല.വിസാകാലാവധി കഴിഞ്ഞവരും ജോലി നഷ്ടപ്പെട്ടവരും ഇപ്പോഴും നാട്ടിൽ എന്തെങ്കിലുമൊക്കെ ചെയ്ത് പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്.
‘കഴിഞ്ഞ രണ്ടു വർഷമായി നാട്ടിൽ പോയിട്ടില്ല.കഴിഞ്ഞ വർഷം ഏപ്രിലിൽ നാട്ടിൽ പോകാനിരുന്നതാണ്.അപ്പോഴേക്കും ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ യാത്ര മുടങ്ങി.വിമാനസർവീസ് തുടങ്ങിയതിന് പിന്നാലെ നാട്ടിൽ പോകാൻ ഒരുങ്ങിയെങ്കിലും തിരിച്ചുവരുമ്പോഴുള്ള ഹോട്ടൽ കൊറന്റൈൻ ഉൾപെടെയുള്ള ബുദ്ധിമുട്ടുകൾ ആലോചിച്ച് യാത്ര വീണ്ടും നീട്ടി.ഇപ്പോൾ കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ച് കാത്തിരിക്കുമ്പോഴാണ് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത പലരും പറഞ്ഞു കേൾക്കുന്നത്.
കൊവിഡ് രണ്ടാം തരംഗത്തെ നേരിടാനായി ഖത്തറില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ തീവ്രപരിചരണ വിഭാഗത്തിലെ ആക്റ്റിങ് ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍ മുഹമ്മദാണ് കഴിഞ്ഞ ദിവസം അൽറയാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചത്.കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യം നീങ്ങിയേക്കാനുള്ള സാധ്യത മാത്രമാണ് അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത്.ഇതനുസരിച്ച് വരും ദിവസങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാവുകയാണെങ്കിൽ അത്തരം കടുത്ത നടപടികൾക്കുള്ള സാധ്യത വിരളമാണ്.
നിലവിൽ രാജ്യത്ത് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചത് ബിസിനസ് മേഖലയെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.ഉപരോധവും നിയന്ത്രണങ്ങളും നീങ്ങി രാജ്യം വീണ്ടും ഉണർന്നു തുടങ്ങുന്നതിനിടെയുണ്ടായ കോവിഡ് രണ്ടാം തരംഗവും ഭാഗിക നിയന്ത്രണങ്ങളും ബിസിനസ് മേഖലയ്ക്ക് അക്ഷരാർത്ഥത്തിൽ രണ്ടാം പ്രഹരമാണ്.ഇതിനിടെയാണ് വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമോ എന്ന ആശങ്ക വ്യാപകമാവുന്നത്.
Get real time update about this post categories directly on your device, subscribe now.