600-ല്‍ 580 വാഗ്ദാനങ്ങളും നിറവേറ്റി, നമ്മള്‍ പുതിയ കേരളം പടുത്തുയര്‍ത്തും -മുഖ്യമന്ത്രി

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ 600ല്‍ 580 എണ്ണവും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രിക ജനങ്ങള്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുക എന്നത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌​ നടത്തുന്ന വെറുമൊരു ചടങ്ങല്ലെന്നും മുഖ്യമന്ത്രി ഫേസ്​ബുക്​ പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പാകിയ അടിത്തറയുടെ മുകളില്‍ നമ്മള്‍ പുതിയ കേരളം പടുത്തുയര്‍ത്തുമെന്നും അത് ഈ നാടിനു നല്‍കുന്ന ഉറപ്പാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മുഖ്യമ​ന്ത്രി പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​:

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം പ്രകടന പത്രിക ജനങ്ങള്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുക എന്നത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തുന്ന വെറുമൊരു ചടങ്ങല്ല. മോഹനവാഗ്ദാനങ്ങള്‍ നല്‍കി അവരുടെ കണ്ണില്‍ പൊടിയിടാനുള്ള ഏര്‍പ്പാടുമല്ല. ഈ നാടിനു വേണ്ടി ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന വികസനത്തിന്‍്റേയും സാമൂഹ്യപുരോഗതിയുടേയും ഉറപ്പാണ് ഓരോ പ്രകടന പത്രികയും. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ 600-ല്‍ 580 വാഗ്ദാനങ്ങളും നിറവേറ്റിയത് ഞങ്ങള്‍ എത്രമാത്രം ഗൗരവത്തോടെയാണ് അക്കാര്യത്തെ കാണുന്നത് എന്നതിന്‍്റെ തെളിവാണ്.

ഈ തവണത്തെ പ്രകടന പത്രികയില്‍ എല്ലാ വിഭാഗം മനുഷ്യരേയും സര്‍വ്വമേഖലകളേയും സ്പര്‍ശിച്ചുകൊണ്ട് കേരളത്തിന്‍്റെ ശോഭനമായ ഭാവികൂടെ കണ്ടുകൊണ്ട് തയ്യാറാക്കിയ 900 വിവിധ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുതലാളിത്ത സാമ്ബത്തിക നയങ്ങളില്‍ ഊന്നുന്ന വിപണി കേന്ദ്രീകൃതമായ വികസന കാഴ്ചപ്പാടുകള്‍ക്ക് ബദലായി, ഇടതുപക്ഷമുയര്‍ത്തുന്ന ജനകീയ വികസന മാതൃകയുടെ മാനിഫെസ്റ്റോ കൂടിയാണ് ഈ പ്രകടന പത്രിക.

ഇതിനു വേണ്ടി ഒരു വലിയ മുന്നൊരുക്കം തന്നെ നടത്തിയിരുന്നു.14 ജില്ലകളില്‍ പര്യടനം നടത്തുകയും വിവിധ മേഖലകളിലുള്ള ആളുകളുമായി നേരിട്ട് സംവദിക്കുകയും ചെയ്തിരുന്നു. എല്ലാ മേഖലകളില്‍ നിന്നുമുള്ള വിദഗ്ധര്‍ ഉള്‍പ്പെടെ ഏകദേശം 2000 ആളുകള്‍ അവരുടെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും പങ്കു വച്ചു. വിദ്യാര്‍ഥികള്‍, യുവജന-മഹിള-സര്‍വീസ് സംഘടന പ്രതിനിധികള്‍, ഓട്ടോ തൊഴിലാളികള്‍, തൊഴിലാളി സംഘടനകള്‍, മത സംഘടനകള്‍, കര്‍ഷകര്‍, സംരഭകര്‍, അക്കാദമിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, ഐടി വിദഗ്ധര്‍, സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍, പ്രവാസികള്‍, കലാ സാംസ്കാരിക സിനിമ പ്രവര്‍ത്തകര്‍, കായിക പ്രതിഭകള്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലകളിലുള്ളവരുമായി സംവദിക്കുകയും, അഭിപ്രായ സ്വരൂപണം നടത്തുകയും ചെയ്തു.

നവകേരളത്തെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വപ്നങ്ങളും സങ്കല്പങ്ങളും ആരായാന്‍ കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളില്‍ നേരിട്ടു ചെന്നു അവരുമായി സംവദിച്ചു. അന്താരാഷ്ട്ര മേഖലയിലെ വിദഗ്ധരുമായി ആസൂത്രണബോര്‍ഡിന്‍്റെ നേതൃത്വത്തില്‍ നടത്തിയ ‘കേരള ലുക്ക്സ് എഹെഡ്’ എന്ന പരിപാടിയും, എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുവഗവേഷകര്‍ പങ്കെടുത്ത ‘യൂത്ത് സമ്മിറ്റ് ഓണ്‍ ഫ്യൂച്ചര്‍ കേരള’ എന്ന പരിപാടിയും നിരവധി ആശയങ്ങള്‍ അവതരിപ്പിച്ചു.

ഇത്തരത്തില്‍ കേരളത്തിലെ ജനങ്ങളുടെ ആശയങ്ങളും പ്രതീക്ഷകളും മനസ്സിലാക്കിയും ഉള്‍പ്പെടുത്തിയുമാണ് പ്രകടന പത്രിക രൂപീകരിച്ചത്. മുഖ്യമന്ത്രി എന്ന നിലയില്‍ പങ്കെടുത്ത പരിപാടികളില്‍ നിന്നു ലഭിച്ചവ മാത്രം ക്രോഡീകരിച്ചത് 1636 പേജുകളിലായി 13,088 നിര്‍ദ്ദേശങ്ങളാണ്. അതിനു പുറമേ ഘടക കക്ഷികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും, വിവിധ സംഘടനകളും, വ്യക്തികളും സമര്‍പ്പിച്ച ആശയങ്ങളും എല്ലാം വിശദമായി പരിശോധിച്ച്‌ ശാസ്ത്രീയമായി ക്രോഡീകരിച്ചതിനു ശേഷമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക രൂപീകരിച്ചത്.

ഈ പത്രിക ജനങ്ങള്‍ക്കു മുന്‍പില്‍ എല്‍ഡിഎഫ് വയ്ക്കുന്ന നവകേരളത്തിന്‍്റെ രൂപരേഖയാണ്. ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ നമുക്കുള്ള പ്രചോദനവും മാര്‍ഗരേഖയുമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പാകിയ അടിത്തറയുടെ മുകളില്‍ നമ്മള്‍ പുതിയ കേരളം പടുത്തുയര്‍ത്തും. അത് ഈ നാടിനു നല്‍കുന്ന ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News