മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം

മഹാരാഷ്ട്രയില്‍ ബുധനാഴ്ച 227 പുതിയ മരണങ്ങളും 39,544 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സംസ്ഥാനത്ത് മരണനിരക്ക് 1.94% ആണ്. ഇന്നുവരെ എടുത്ത 1,97,92,143 ലബോറട്ടറി സാമ്പിളുകളില്‍ 28,12,980 പേര്‍ക്ക് (14.21%) കോവിഡ് -19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിലവില്‍ 3,56,243 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച വരെ 17,29,816 പേര്‍ ഹോം ക്വാറന്റൈനിലും 17,863 പേര്‍ ഇതര കോവിഡ് കേന്ദ്രങ്ങളിലും പരിചരണത്തിലാണ്.

പകര്‍ച്ചവ്യാധിയുടെ ആരംഭത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഏകദിന കേസുകളാണ് മഹാരാഷ്ട്ര ഇന്ന് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു 40,414 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒരു ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവായിരുന്നു.

23,600 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു, ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 24,00,727 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 85.34% ആണ്.

മുംബൈ നഗരത്തില്‍ 5,394 പുതിയ കേസുകളും 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 3,130 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടി. നഗരത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 4,14,714. ഇത് വരെ രോഗമുക്തി നേടിയവര്‍ 3,50,660. നിലവില്‍ 51,411 പേരാണ് മുംബൈയില്‍ മാത്രം ചികിത്സയില്‍ കഴിയുന്നത്. ആകെ മരണം: 11,686

നാസിക്, മാലേഗാവ് , അഹമ്മദ്നഗര്‍, ധൂലെ ജല്‍ഗാവ്, ജല്‍ഗാവ് എംസി, നന്ദുര്‍ബാര്‍ എന്നിവിടങ്ങളിലായി 8404 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂനെ സോളാപൂര്‍, സത്താറ എന്നീ മേഖലകളിലായി 9571 പുതിയ കേസുകള്‍ രേഖപ്പെടുത്തി. കോലാപ്പൂര്‍ സര്‍ക്കിളില്‍ 567 പുതിയ കേസുകളും ഔറംഗബാദ് സര്‍ക്കിള്‍ 2287, ലാത്തൂര്‍ സര്‍ക്കിള്‍ 2563, അകോല സര്‍ക്കിള്‍ 1650, നാഗ്പൂര്‍ സര്‍ക്കിളില്‍ 4561 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കോവിഡ് -19 സംസ്ഥാനത്ത് പടരുന്നത് തടയാന്‍ വരും ദിവസങ്ങളില്‍ കര്‍ശന നടപടികള്‍ക്ക് ജനങ്ങള്‍ തയ്യാറാകണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

എന്നാല്‍ ടെസ്റ്റുകളുടെ എണ്ണത്തിലുള്ള വ്യതിയാനമാണ് ഏക ദിന കണക്കുകളില്‍ പ്രകടമാകുന്നതെന്നും മഹാരാഷ്ട്രയില്‍ രണ്ടാം തരംഗം കത്തിപ്പടരുകയാണെന്നുമാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വലിയൊരു വിഭാഗം ടെസ്റ്റുകള്‍ പോലും നടത്താതെ രോഗലക്ഷങ്ങളോടെ വീടുകളില്‍ തന്നെ ഭീതിയില്‍ കഴിയുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

പൂര്‍ണമല്ലാത്ത നിബന്ധനകളോടെയുള്ള ലോക്ക് ഡൌണ്‍ നടപ്പാക്കാനുള്ള പദ്ധതി ഉടനെ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉദ്യോഗസ്ഥരോട് ഇതിനകം ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here