എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങളെ ജനങ്ങളിലെത്തിച്ച സാമൂഹ്യ മാധ്യമങ്ങളിലെ ജനകീയ ഇടപെടലിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനുണ്ടായ സ്വീകാര്യതയുടെ കാരണം ജനങ്ങളുടെ ക്ഷേമത്തിനും നാടിൻ്റെ പുരോഗതിയ്ക്കുമായി കഴിഞ്ഞ അഞ്ചു വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്. ആ യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിഞ്ഞത് പലരേയും വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ട് ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ചർച്ചകൾക്ക് വിഷയമാക്കാതെ, ഇടതുപക്ഷത്തിനും, പ്രത്യേകിച്ച് സിപിഐഎമ്മിനും, എതിരെ ഹീനമായ നുണപ്രചരണങ്ങൾ നടത്താനാണ് പ്രതിപക്ഷവും അവർക്കു പിന്തുണ നൽകുന്ന ചില മാധ്യമങ്ങളും ശ്രമിച്ചു വരുന്നത്. തോൽവിക്ക് മുന്നേയുള്ള നിമിഷങ്ങളിലെ വേവലാതിയാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് സാമാന്യബോധമുള്ള ആർക്കും മനസിലാകും.

ഈ നുണ പ്രചരണങ്ങൾക്കുള്ള മറുപടികൾ നൽകാൻ എൽഡിഎഫിനോ സിപിഐഎമ്മിനോ ഒരു ഇടനിലക്കാരന്റെയും സഹായം ആവശ്യമില്ല. ഞങ്ങളുടെ രാഷ്ട്രീയം ഹൃദയത്തോട് ചേർത്ത മനുഷ്യർ ആണ് ഈ പാർട്ടിയുടെ കരുത്ത്. ഈ സർക്കാരിൽ വിശ്വാസമർപ്പിച്ച കേരളത്തിലെ സാധാരണ ജനങ്ങളാണ് ഞങ്ങളുടെ പിൻബലം. നുണപ്രചാരകർക്കുള്ള മറുപടികൾ അവരാണ് നൽകുന്നത്. ഈ പാർട്ടിക്കെതിരെ, ഈ സർക്കാരിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉയരുമ്പോൾ പ്രതിരോധത്തിൻ്റെ കോട്ടയായി മാറുന്നത് അവരാണ്.

ഇടതുപക്ഷമുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം അവരെറ്റേടുത്തതു കൊണ്ടാണത് സംഭവിക്കുന്നത്. ഇവരിൽ പെട്ടവരാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇടതുപക്ഷത്തിനായി ശബ്ദമുയർത്തുന്ന ലക്ഷക്കണക്കിനാളുകൾ. സത്യാനന്തര കാലത്തെ മാധ്യമ കെട്ടുകഥകൾ അല്പായുസ്സായി മാറുന്നതിൽ അവർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അസത്യങ്ങൾ ആയുധങ്ങളാക്കി ഈ പാർട്ടിയെ പലരും വേട്ടയാടിയപ്പോൾ ആ തിന്മൾക്കെതിരെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയയെ തന്നെ വേദിയാക്കിയ സുഹൃത്തുക്കൾ ലക്ഷക്കണക്കാണ്.

സാമൂഹ്യമാദ്ധ്യമങ്ങളുടെ ആദ്യകാല രൂപമായ ബ്ളോഗുകളുടെ കാലത്തു തന്നെ തങ്ങൾക്ക് ലഭ്യമായ എല്ലാ വേദികളിലും ഇടതു രാഷ്ട്രീയ പ്രതിരോധം ഉയർത്തി വരുന്ന കേരളത്തിന്റെ പുരോഗമന രാഷ്ട്രീയ ചേതനയുടെ ശക്തമായ തുടർച്ചയാണ് ഇപ്പോൾ കാണുന്നത്.

എവിടെയും ഒരു അവകാശ വാദവും ഉയർത്താതെ നിരന്തര ജാഗ്രതയോടെ പാർട്ടിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും കാവലായി നിൽക്കുന്ന സഖാക്കൾക്ക് നന്ദിയും അഭിവാദ്യവും അർപ്പിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇടതുപക്ഷത്തെ കളങ്കപ്പെടുത്താനും നടത്തുന്ന നുണ പ്രചാരണങ്ങൾക്കെതിരെ നല്ല ജാഗ്രതയോടെ ഇനിയും നമുക്ക് ഇടപെടാൻ കഴിയണം.

ഇടതുപക്ഷം ജനങ്ങളുടെ പക്ഷമാണ്. രാഷ്ട്രീയ സമരങ്ങളിൽ ഞങ്ങളുടെ കേസ് വാദിക്കുന്നതും ജനങ്ങൾ തന്നെയാണ്. അതിനിയും അങ്ങനെത്തന്നെ ആയിരിക്കും. അതാണ് ഇടതുപക്ഷവും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News