’33 വര്‍ഷമായി തിരുവനന്തപുരത്തിന് അറിയാം സെക്രട്ടേറിയറ്റിൽ ആര് ഇരിക്കുമെന്ന്’; കൗതുകകരമായ ഒരു തെരഞ്ഞെടുപ്പ് ചരിത്രം

നിയമസഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തിനും ചില നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിക്കാനാകും. ഭരണ തലസ്ഥാനം ഉള്‍പ്പെടെ 39 നിയമസഭാ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്.

തിരുവനന്തപുരം- 14, കൊല്ലം-11, ആലപ്പുഴ- 9, പത്തനം തിട്ട- 5 എന്നിങ്ങനെയാണ് തെക്കന്‍ കേരളത്തിലെ സീറ്റു നില. അതില്‍ തന്നെ തലസ്ഥാന ജില്ലയായ തിരുവനന്തപുരവും കൊല്ലവും ഈ തെരഞ്ഞെടുപ്പിലും വളരെ പ്രാധാനപ്പെട്ട ജില്ലകളാണ്.

തെക്കന്‍ ജില്ലകളാണ് ഭരണത്തെ നിര്‍ണയിക്കുന്നത് അ‌ല്ലെങ്കില്‍ തെക്കന്‍ ജില്ലകള്‍ ആരോടൊപ്പമുണ്ടോ അവരായിരിക്കും ഭരിക്കുക എന്ന രാഷ്ട്രീയ സിദ്ധാന്തം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കൈരളി ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും ചേര്‍ന്ന് അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ് അവലോകന പരിപാടിയായ വോട്ടോഗ്രാഫിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

1987 മുതല്‍ തിരുവനന്തപുരം ജില്ലയില്‍ മുന്‍തൂക്കം കിട്ടുന്നവര്‍ക്കാണ് ഭരണം കിട്ടുകയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1987ല്‍ എല്‍ഡിഎഫ് -12, യുഡിഎഫ് -1, എന്‍ഡിഎ- 0 എന്ന നിലയിലായിരുന്നു സീറ്റ് നില. തിരുവനന്തപുരത്ത് 12 സീറ്റുകള്‍ നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കായിരുന്നു വിജയം.

1991ല്‍ എല്‍ഡിഎഫ്്- 6, യുഡിഎഫ്- 7, എന്‍ഡിഎ- 0 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ആ വര്‍ഷം ഭരണം നേടിയത് യുഡിഎഫ് ആയിരുന്നു.

1996 ല്‍ എല്‍ഡിഎഫ് -9, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നിങ്ങനെയായിരുന്നു സീറ്റ് നില. എല്‍ഡിഎഫ് ആയിരുന്നു തെരഞ്ഞെടുപ്പില്‍ വിജയം നേടിയത്.

2001 ല്‍ യുഡിഎഫ് വിജയിച്ചപ്പോഴും 2006 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴും തിരുവനന്തപുരം യഥാക്രമം 9 ഉം 8ഉം സീറ്റുകളില്‍ മുന്നണികള്‍ക്കൊപ്പം നിന്നു. 2011 ല്‍ എല്‍ഡിഎഫ് 6 സീറ്റിലും യുഡിഎഫ് 8 സീറ്റുകളില്‍ വിജയിച്ചപ്പോഴും ചരിത്രം ആവര്‍ത്തിക്കപ്പെട്ടു. ഒടുവില്‍ നടന്ന 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് -9 ഉം യുഡിഎഫ് 4 സീറ്റിലും ജയിച്ചപ്പോള്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം നിന്നത് എല്‍ഡിഎഫിനൊപ്പം നിന്നു.

അത്രയും കൃത്യതയോടെ ഭരണത്തിന്റെ ഒരു പ്രതീകമാകുന്ന ജില്ലയാണ് തിരുവനന്തപുരമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

‘ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരമാണ് സത്യത്തില്‍ കേരളത്തിലെ മുന്നണികളുടെ അന്തിമവിധി തീരുമാനിക്കുന്നത്, ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് എന്ന് പറയുന്നത് വളരെ രസകരമായ കാര്യമാണ്’- രഞ്ജി പണിക്കര്‍ അഭിപ്രായപ്പെട്ടു.

1987 മുതലുള്ള തിരുവനന്തപുരത്തിന്റെ തെരഞ്ഞെടുപ്പിന്റെ ചരിത്രമാണ് ഇത്. അതുകൊണ്ട് തന്നെ തിരുവനന്തപുരം ആര് നേടുന്നോ അവരാകും സെക്രട്ടേറിയറ്റില്‍ ഇരിക്കുകയെന്ന് ചരിത്രം വിശകലനം ചെയ്ത് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

അതേസമയം മാറിമറിയാത്തതായി ഒന്നുമില്ലെന്ന് രഞ്ജി പണിക്കരും ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും തിരുവനന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ 33 വര്‍ഷക്കാലത്തെ വളരെ കൗതുകകരമായി ഒരു കണക്കാണ് ഇതെന്ന് ഇരുവരും ഐക്യകണ്ഠേന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News