ഉറപ്പിച്ചു തന്നെ പറയുന്നു, ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും ; തോമസ് ഐസക്

‘ഞാനുറപ്പിച്ചു പറയുന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും. പി.പി ചിത്തരഞ്ജന്‍ ആലപ്പുഴയുടെ ജനപ്രതിനിധിയാകും’. ഉറച്ചുപറയുകയാണ് ധനമന്ത്രി തോമസ് ഐസക്. ഈ ആത്മവിശ്വാസത്തിന് കാരണം ആലപ്പുഴയുടെ വികസനത്തില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണെന്നാണ് തോമസ് ഐസക് പറയുന്നത്.

ആസ്തിവികസന ഫണ്ടും എംഎല്‍എ ഫണ്ടും ബജറ്റ് പ്രവൃത്തികളും ചേരുമ്പോള്‍ 550 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. കിഫ്ബി പദ്ധതികളടക്കമുള്ള മറ്റു പദ്ധതികള്‍ കൂടി ചേരുമ്പോള്‍ അത് 2500 കോടിയായി ഉയരുമെന്നും ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പുഴയിലെ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പാദനത്തില്‍ നാലു മടങ്ങു വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഉണ്ടായത്. എല്ലാം നഷ്ടത്തില്‍ നിന്ന് ലാഭത്തിലേയ്ക്ക് കുതിച്ചു. കയര്‍ വ്യവസായത്തില്‍ പുത്തന്‍ ഉണര്‍വുണ്ടായി. പരമ്പരാഗത തൊഴിലാളികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് കയര്‍ വ്യവസായത്തെ ആധുനിക പാതയിലേയ്ക്ക് നയിച്ച രണ്ടാം കയര്‍ പുനഃസംഘടന വലിയ മാറ്റമാണ് ഈ മേഖലയില്‍ സൃഷ്ടിച്ചതെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആലപ്പുഴ എല്‍ഡിഎഫ് കടുത്ത മത്സരം നേരിടുന്നു എന്നാണല്ലോ പൊതുവേ സര്‍വേകളുടെ കണ്ടെത്തല്‍. പക്ഷേ, ഞാനുറപ്പിച്ചു പറയുന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും. പി.പി ചിത്തരഞ്ജന്‍ ആലപ്പുഴയുടെ ജനപ്രതിനിധിയാകും.

എന്താണ് ഈ ആത്മവിശ്വാസത്തിനു കാരണം. ആലപ്പുഴയുടെ വികസനത്തില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തന്നെ. ആസ്തിവികസന ഫണ്ടും എംഎല്‍എ ഫണ്ടും ബജറ്റ് പ്രവൃത്തികളും ചേരുമ്പോള്‍ 550 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. കിഫ്ബി പദ്ധതികളടക്കമുള്ള മറ്റു പദ്ധതികള്‍ കൂടി ചേരുമ്പോള്‍ അത് 2500 കോടിയായി ഉയരും.

ആലപ്പുഴയിലെ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പാദനത്തില്‍ നാലു മടങ്ങു വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഉണ്ടായത്. എല്ലാം നഷ്ടത്തില്‍ നിന്ന് ലാഭത്തിലേയ്ക്ക് കുതിച്ചു. കയര്‍ വ്യവസായത്തില്‍ പുത്തന്‍ ഉണര്‍വുണ്ടായി. പരമ്പരാഗത തൊഴിലാളികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് കയര്‍ വ്യവസായത്തെ ആധുനിക പാതയിലേയ്ക്ക് നയിച്ച രണ്ടാം കയര്‍ പുനഃസംഘടന വലിയ മാറ്റമാണ് ഈ മേഖലയില്‍ സൃഷ്ടിച്ചത്.

ഇതിനൊക്കെ പുറമേ പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടി, ആര്‍ദ്രമീ ആര്യാട് ആരോഗ്യപരിപാടി, വിശപ്പുരഹിത മാരാരിക്കുളം, പി കെ കാളന്‍ മൈക്രോ പ്ലാനിംഗ് പദ്ധതി, ജനകീയ പച്ചക്കറി,. ഉറവിട മാലിന്യസംസ്‌ക്കരണം തുടങ്ങിയ ജനകീയ മുന്‍കൈകളുണ്ടാക്കിയ ആവേശം വേറെ. അതോടൊപ്പം സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലാകെ ഉണ്ടാക്കിയ മതിപ്പും. സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ ആലപ്പുഴയ്ക്ക് കാരണങ്ങളൊന്നുമില്ല. അതുകൊണ്ടാണ് സഖാവ് പി പി ചിത്തരഞ്ജന്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നത്.

മറുവശത്തോ? മത്സ്യത്തൊഴിലാളി മേഖലയില്‍ നുണ പ്രചരണം നടത്തി നേട്ടം കൊയ്യാനാവുമോ എന്ന ഒറ്റക്കുറ്റിയിലാണ് യുഡിഎഫ് കറങ്ങുന്നത്. ഒരു ദുഷ്പ്രചരണവും അവിടെ ഏശില്ല. അടിത്തട്ടില്‍ അത്രയ്ക്ക് ശക്തമാണ് സര്‍ക്കാരിന് അനുകൂലമായ വികാരം. സര്‍ക്കാരിനെതിരെ വിമര്‍ശനവും എതിര്‍പ്പും പ്രതീക്ഷിച്ചു മത്സ്യത്തൊഴിലാളി മേഖലയില്‍ ചെന്ന മാധ്യമങ്ങള്‍ നിരാശരായി മടങ്ങിയത് നാം കണ്ടു. അതുകൊണ്ട് ആലപ്പുഴയിലെ കട്ടിലു കണ്ട് പനിക്കേണ്ടതില്ല എന്ന് യുഡിഎഫ് സുഹൃത്തുക്കളോടു പറയട്ടെ.

ഇന്നലത്തെ റോഡ് ഷോയോടു കൂടി അവര്‍ക്കതു മനസിലായിക്കാണും. മൂവായിരം ബൈക്കുകളിലാണ് സഖാക്കളും പ്രവര്‍ത്തകരും തെരുവിലിറങ്ങിയത്. എല്ലാ ബൂത്തുകമ്മിറ്റികളും ഇരമ്പിയെത്തിയതോടെ ആലപ്പുഴ ആവേശപ്പുഴയായി. പ്രവര്‍ത്തകരില്‍ മാന്ദ്യം എന്നൊക്കെ മൈക്രോസ്‌കോപ്പ് വെച്ച് നിരീക്ഷിച്ചവര്‍ക്ക് ഇനി നിശബ്ദരാകാം.

ഇനി നടക്കാനുള്ളത് 2500 കുടുംബയോഗങ്ങള്‍. ഒരു ബൂത്തില്‍ പത്തു വെച്ച്. അവസാനദിവസം എല്ലാ മേഖലയിലും പൊതുയോഗങ്ങള്‍. ഉറപ്പിച്ചു തന്നെ പറയുന്നു, ഏറ്റവും ചിട്ടയായി തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടക്കുന്ന മണ്ഡലങ്ങളുടെ മുന്‍നിരയില്‍ ആലപ്പുഴയുണ്ട്.
ആലപ്പുഴയുടെ പ്രതിനിധിയായി സഖാവ് പി പി ചിത്തരഞ്ജന്‍ നിയമസഭയിലെത്തുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here