തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടിങ്ങിനു തുടക്കമായി

നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിട്ടുള്ളവർക്കുള്ള പോസ്റ്റൽ വോട്ടിങ്ങിനു തുടക്കമായി. ഉദ്യോഗസ്ഥർക്ക് വോട്ടുളള മണ്ഡലങ്ങളിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തിയാണ് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നത്. ഇന്നും നാളെയും (ഏപ്രിൽ 02, 03) എല്ലാ മണ്ഡലങ്ങൡും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുമെന്നും ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

വോട്ടർ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ പോസ്റ്റൽ വോട്ട് ചെയ്യാം. സമ്മതിദായകർ തെരഞ്ഞെടുപ്പു കമ്മിഷൻ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡോ (ഋജകഇ ഇമൃറ) തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡോ നിർബന്ധമായും കൈയിൽ കരുതണം.

പോസ്റ്റൽ ബാലറ്റിനൊപ്പമുളള ഡിക്ലറേഷൻ സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫിസറുടെ സേവനം സെന്ററിൽ ഏർപ്പെടുത്തും. വോട്ടെടുപ്പ് നടപടികൾക്കായി രണ്ടു പോളിങ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. വോട്ടിങ് പ്രക്രിയ വിഡിയോയിൽ പകർത്തും. സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാമെന്നും കളക്ടർ അറിയിച്ചു. വോട്ടിങ് പൂർത്തിയായ ശേഷം ഓരോ ദിവസവും സ്ഥാനാർത്ഥിയുടെയോ ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ അടങ്ങുന്ന സീൽ ചെയ്ത പെട്ടി റിട്ടേണിങ് ഓഫിസർ ഇതിനായി സജീകരിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിൽ പോലീസ് സുരക്ഷയിൽ സൂക്ഷിക്കും.

** ജില്ലയിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ ഇവ:
(നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ)

വർക്കല – എൻ.എം.എസ്. എൽ.പി.എസ്. പുത്തൻചന്ത, വർക്കല

ആറ്റിങ്ങൽ – ഗവ. മോഡൽ എച്ച്.എസ്.എസ്. ആറ്റിങ്ങൽ

ചിറയിൻകീഴ് – ഗവ. എൽ.പി. സ്‌കൂൾ, കോരാണി

നെടുമങ്ങാട് – ടൗൺ എൽ.പി.എസ്, ബസ് സ്റ്റാൻഡിനു സമീപം, നെടുമങ്ങാട്

വാമനപുരം – ഗവ. എച്ച്.എസ്.എസ്. വെഞ്ഞാറമൂട്

കഴക്കൂട്ടം – ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസ്, കഴക്കൂട്ടം(പോത്തൻകോട്)

വട്ടിയൂർക്കാവ് – സ്‌പെഷ്യൽ തഹസിൽദാർ എൽ.എ, കിഫ്ബി നം.1, എൽ.ആർ.എം. ക്യാംപ് ഓഫിസ് (കവടിയാർ വില്ലേജ് ഓഫിസിന് എതിർവശം)

തിരുവനന്തപുരം – എസ്.എം.വി. ബോയ്‌സ് എച്ച്.എസ്.എസ്. തിരുവനന്തപുരം

നേമം – ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ് പാപ്പനംകോട്

അരുവിക്കര – ഗവ. യു.പി.എസ്. വെള്ളനാട്

പാറശാല – എം.ജി.എൻ.ആർ.ഇ.ജി.എസ്. ഹാൾ, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പാറശാല

കാട്ടാക്കട – ഗവ. എൽ.പി.എസ്, കുളത്തുമ്മൽ, കാട്ടാക്കട

കോവളം – ജി.എച്ച്.എസ്. ബാലരാമപുരം

നെയ്യാറ്റിൻകര – റവന്യൂ റിക്കവറി തഹസിൽദാരുടെ കാര്യാലയം, നെയ്യാറ്റിൻകര

പോളിങ് ബൂത്തുകൾ ഏതെന്ന് മുൻകൂട്ടി ഉറപ്പാക്കണം; ജില്ലയിൽ 1,428 അധിക ബൂത്തുകൾ

ജില്ലയിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് 1,428 അധിക പോളിങ് ബൂത്തുകളുള്ളതിനാൽ എല്ലാ സമ്മതിദായകരും വോട്ടെടുപ്പിനു മുൻപ് തങ്ങളുടെ പോളിങ് ബൂത്ത് ഏതാണെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു പോളിങ് ബൂത്തിൽ 1,000 സമ്മതിദായകർക്കു മാത്രമാക്കി വോട്ടിങ് സൗകര്യം നിജപ്പെടുത്തിയ സാഹചര്യത്തിലാണു ജില്ലയിൽ 1,428 ഓക്സിലിയറി പോളിങ് ബൂത്തുകൾ തുറക്കേണ്ടിവന്നിട്ടുള്ളതെന്നും കളക്ടർ പറഞ്ഞു.

മുൻ തെരഞ്ഞെടുപ്പിൽ 2,736 പോളിങ് ബൂത്തുകളാണു ജില്ലയിലുണ്ടായിരുന്നത്. ഓക്സിലിയറി പോളിങ് ബൂത്തുകൾ കൂടി വരുന്നതോടെ ജില്ലയിലെ ആകെ പോളിങ് ബൂത്തുകളുടെ എണ്ണം 4,164 ആകും. സമ്മതിദായകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ ഈ പോളിങ് ബൂത്തുകളുടെ സമീപ പ്രദേശത്തുതന്നെയാണ് ഓക്സിലിയറി പോളിങ് ബൂത്തുകളും തുറന്നിട്ടുള്ളത്. ഓരോ സമ്മതിദായകരുടേയും വോട്ട് ഏതു ബൂത്തിലാണെന്നതു സംബന്ധിച്ചു കൃത്യമായ രേഖകൾ തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഓൺലൈനായി ഇതു പരിശോധിക്കാം.

പോളിങ് ബൂത്ത് എങ്ങനെ അറിയാം?

സമ്മതിദായകർക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികൾ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈൽ ഫോണിൽനിന്ന് ECIPS എന്ന ഫോർമാറ്റിൽ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാൽ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും 1950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും കളക്ടർ പറഞ്ഞു.

ജില്ലയിൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും മുഖ്യ പോളിങ് ബൂത്തുകളുടേയും ഓക്സിലിയറി പോളിങ് ബൂത്തുകളുടേയും ആകെ പോളിങ് ബൂത്തുകളുടേയും എണ്ണം ചുവടെ

(നിയമസഭാ മണ്ഡലത്തിന്റെ പേര് : മുഖ്യ പോളിങ് ബൂത്തുകളുടെ എണ്ണം + ഓക്സിലിയറി പോളിങ് ബൂത്തുകളുടെ എണ്ണം = ആകെ പോളിങ് ബൂത്തുകൾ എന്ന ക്രമത്തിൽ)

വർക്കല : 197 + 78 = 275
ആറ്റിങ്ങൽ : 206 + 101 = 307
ചിറയിൻകീഴ് : 199 + 104 = 303
നെടുമങ്ങാട് : 210 + 90 = 300
വാമനപുരം : 212 + 76 = 288
കഴക്കൂട്ടം : 166 + 130 = 296
വട്ടിയൂർക്കാവ് : 172 + 143 = 315
തിരുവനന്തപുരം : 178 + 130 = 308
നേമം : 181 + 130 = 311
അരുവിക്കര : 210 + 55 = 265
പാറശാല : 215 + 103 = 318
കാട്ടാക്കട : 189 + 98 = 287
കോവളം : 216 + 107 = 323
നെയ്യാറ്റിൻകര : 185 + 83 = 268

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News