കേന്ദ്രത്തിന്റെ ആ ഉറപ്പും പാഴായി; എന്ന് തുറക്കും കുതിരാൻ തുരങ്കം?

വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാതയില്‍ കുതിരാനിലെ ഒരു തുരങ്കം മാർച്ച്‌ 31നകം ഗതാഗതത്തിന്‌ തുറക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാ​ഗ്‌ദാനം. കരാർ കമ്പനിയും ദേശീയപാതാ അതോറിറ്റിയും ഹൈക്കോടതിയിൽ നൽകിയ ഉറപ്പാണിത്. എന്നാൽ ഈ ഉറപ്പും പാഴായി. തുരങ്ക നിർമാണം ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നു.

പത്താം തവണയാണ് തുരങ്കം തുറക്കുമെന്ന പ്രഖ്യാപനം നടത്തിയതും അത് പാലിക്കാത്തതും.‌ കേന്ദ്രസര്‍ക്കാരിന് കീഴിലാണ് ദേശീയ പാത അതോറിറ്റി. കുതിരാനിലെ ഇടതു തുരങ്കത്തിലൂടെ വാഹനങ്ങൾ മാര്‍ച്ച് 31നകം കടത്തിവിടുമെന്നായിരുന്നു പറഞ്ഞത്. ഒരു മാസത്തിനകം പണി പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കരാർ കമ്പനി അധികൃതർ വീണ്ടും പറയുന്നു. കഴിഞ്ഞ മാസവും ഇത് തന്നെയാണ് പറഞ്ഞത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ചരക്കു കടത്തിനടക്കം ഉപയുക്തമായ പ്രധാന പാതയാണ് വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാത. ഇതിലെ പ്രധാന ഭാ​ഗമാണ് കുതിരാന്‍. ​ഗതാ​ഗതകുരുക്കും അപകടവും ദിനംപ്രതി ഏറിവരുന്ന ഇവിടെ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രിമാരടക്കം നിരവധി തവണ സ്ഥലം സന്ദര്‍ശിച്ച് തുരങ്കം ​എത്രയുംപ്പെട്ടെന്ന് ഗതാ​ഗതത്തിന് തുറന്നു നല്‍കുമെന്ന് പറഞ്ഞിരുന്നു. ഈ പ്രദേശവുമായി ബന്ധപ്പെട്ട എംപിമാരും ഇപ്പോള്‍ പ്രശ്നത്തില്‍ ഇടപെടുന്നില്ല. പാലക്കാട്, ആലത്തൂര്‍, തൃശൂര്‍ എംപിമാരാണ് ഈ പ്രദേശ പരിധിയിലുള്ളത്. എല്ലാവരും കോണ്‍​ഗ്രസിന്‍രെ ജനപ്രതിനിധികളും.

2016 മെയ് 13നാണ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഇരട്ടക്കുഴൽ തുരങ്കം നിർമാണം ആരംഭിച്ചത്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന്‌ അന്ന്‌ ഉറപ്പുനൽകിയിരുന്നു. അഞ്ചു വർഷമാകുമ്പോഴും തുരങ്കം എന്ന്‌ ഗതാഗതത്തിന്‌ തുറന്നുനൽകാമെന്ന്‌ കരാർ കമ്പനിക്കോ ദേശീയപാതാ അതോറിറ്റിക്കോ ഉത്തരമില്ല.

ഇടത് തുരങ്കത്തിനുള്ളിലെ വൈദ്യുത വിളക്കുകൾ, എക്സോസ്റ്റ് ഫാൻ, ക്യാമറ തുടങ്ങിയവ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കൂടാതെ തുരങ്കമുഖത്തും, തുരങ്കം അവസാനിക്കുന്ന സ്ഥലത്തും ജോലികള്‍ തുടരുകയാണ്. 2018ൽ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി തുടരുന്നു. ദേശീയപാതാ അതോറിറ്റിക്കുകീഴിലെ ഏജൻസി സുരക്ഷാ പരിശോധന നടത്തി അനുമതി നൽകിയാലേ ഗതാഗതത്തിന്‌ തുറന്നുനൽകാനാകു. അത് എന്നാണെന്നതിന് ഉത്തരമില്ല. ഇതിനുശേഷമാണത്രെ രണ്ടാം തുരങ്കത്തിന്റെ ബാക്കിയുള്ള നിർമാണം ആരംഭിക്കുക.

വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാത നിര്‍മാണ കരാറെടുത്ത കെഎംസി, പ്രഗതി എന്ന മറ്റൊരു കമ്പനിക്കാണ് തുരങ്ക നിർമാണത്തിന് ഉപകരാർ നൽകിയത്‌. തുരങ്കങ്ങളുടെ ഇരുവശവും കൂട്ടിമുട്ടിക്കുന്നതുൾപ്പെടെയുള്ള പ്രധാന ജോലികളെല്ലാം കഴിഞ്ഞപ്പോൾ കരാർ കമ്പനി കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതിനാൽ പ്രഗതി നിർമാണം അവസാനിപ്പിച്ചു. 962 മീറ്റർ നീളമാണ് കുതിരാൻ തുരങ്കത്തിനുള്ളത്‌. 14 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമുണ്ട്. ഇരുതുരങ്കങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 300, 600 മീറ്ററുകളിൽ രണ്ട് ഇടതുരങ്കങ്ങളും നിർമിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് ഇവ നിർമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here