സ്ത്രീസുരക്ഷയെപ്പറ്റി പറയാൻ യോഗിക്ക്‌ യോഗ്യതയില്ല: സ്‌റ്റാലിൻ

ഡിഎംകെ ഭരണകാലത്ത്‌ സ്ത്രീസുരക്ഷ ഉറപ്പാക്കിയില്ലെന്ന ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ കണക്കുപ്രകാരം സ്ത്രീകൾക്കെതിരെ ഏറ്റവുമധികം അതിക്രമം നടക്കുന്ന സംസ്ഥാനമാണ്‌ യോഗി ഭരിക്കുന്ന യുപി. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ഡിഎംകെയെ വിമർശിക്കാൻ യോഗിക്ക്‌ ധാർമിക അവകാശമില്ലെന്ന്‌ സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയുടെ കാലത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ ചികയുന്ന യോഗിയും പ്രധാനമന്ത്രിയും മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘ദുരൂഹ മരണം’ എന്തുകൊണ്ട്‌ അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

വെള്ളിയാഴ്ച മധുരയിലെത്തുന്ന പ്രധാനമന്ത്രി താൻ 2017ൽ ശിലയിട്ട എയിംസിന്റെ ‘പുരോഗതി’ അന്വേഷിക്കണം. ഇട്ട ശിലപോലും കണ്ടെത്താനാകില്ല. മോഡിയുമായി വേദി പങ്കിടുന്ന മുഖ്യമന്ത്രി, യുഎന്നിൽ ശ്രീലങ്കൻ തമിഴർക്ക്‌ അനുകൂലമായി വോട്ട്‌ ചെയ്യാത്തതിന്റെ കാരണം തിരക്കാൻ ധൈര്യം കാണിക്കണം–- സ്റ്റാലിൻ പറഞ്ഞു. ഇതിനിടെ ബുധനാഴ്ച ആദിത്യനാഥിന്റെ പരിപാടിക്കെത്തിയ ബിജെപിക്കാർ കോയമ്പത്തൂരിൽ കടകൾക്കുനേരെ കല്ലെറിഞ്ഞത്‌ പ്രതിഷേധത്തിനിടയാക്കി. തുടർന്ന്‌ അക്രമികൾക്കെതിരെ നടപടിയെടുക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

അതേസമയം, എ രാജ എംപി മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെ നടത്തിയ പരാമർശം ഡിഎംകെയുടെ സ്ത്രീവിരുദ്ധ നിലപാടാണ്‌ കാണിക്കുന്നതെന്ന്‌ തിരുക്കൊയിലൂരിൽ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയായ രാജയെ 48 മണിക്കുർ നേരത്തേക്ക്‌ പ്രചരണത്തിൽ നിന്ന്‌ വിലക്കിയ‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അദ്ദേഹത്തെ താരപ്രചാരക പരിഗണനയിൽ നിന്നും ഒഴിവാക്കി. ഇത്‌ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന രാജയുടെ ആവശ്യം മദ്രാസ്‌ ഹൈക്കോടതി തള്ളി. പ്രകടനം മോശമാണെങ്കിൽ എംഎൽഎമാരെ തിരിച്ചുവിളിക്കുമെന്ന‌ എംഎൻഎം വാഗ്‌ദാനം ജനം ഏറ്റെടുത്തെന്ന്‌ നടൻ കമൽ ഹാസൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here