മഹാരാഷ്ട്രയിൽ കോവിഡ് കുതിച്ചുയരുന്നു; മുംബൈയിൽ 475% വർദ്ധനവ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 43,183 പുതിയ കോവിഡ് -19 കേസുകളും 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 32,641 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 28,56,163 ആയി ഉയർന്നു. മരണസംഖ്യ: 54,898.

ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 24,33,368 നിലവിൽ 3,66,533 പേരാണ് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് 8,646 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം തുടക്കത്തിൽ പകർച്ചവ്യാധി നഗരത്തിലെത്തിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 മരണങ്ങൾ നഗരം റിപ്പോർട്ട് ചെയ്തു.

കോവിഡ് -19 കേസുകൾ മഹാരാഷ്ട്രയിൽ അതിവേഗമാണ് പടർന്ന് പിടിക്കുന്നത്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുന്നത് പോലുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ച് വരികയാണ്. കോവിഡ് വൈറസ് ആർടി-പിസിആർ ടെസ്റ്റുകളുടെ നിരക്ക് 1,000 രൂപയിൽ നിന്ന് 500 രൂപയായി മഹാരാഷ്ട്ര സർക്കാർ കുറച്ചു. ദ്രുത ആന്റിജൻ പരിശോധനയ്ക്കുള്ള നിരക്കുകളും കുറച്ചു.

മുംബൈ നഗരം ഈ വർഷം മാർച്ചിൽ 88,710 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസത്തെ അണുബാധയെക്കാൾ ഏതാണ്ട് 475 ശതമാനം വർദ്ധനവാണിത് . ഫെബ്രുവരിയിൽ 18,359 കോവിഡ് -19 കേസുകളും ഈ വർഷം ജനുവരിയിൽ 16,328 കേസുകളുമാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.

മുംബൈയിലെ പ്രതിദിന കോവിഡ് -19 കേസുകളുടെ എണ്ണം ഫെബ്രുവരി പകുതി മുതൽ ഗണ്യമായ വർധനവിന് സാക്ഷ്യം വഹിച്ചു, എന്നാൽ ഇക്കാലഘട്ടത്തിൽ മരണങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മരണങ്ങളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കയാണ് .

സംസ്ഥാനത്തെ കോവിഡ് -19 രോഗികളിൽ ജലദോഷം, മിതമായ ശരീരവേദന, ക്ഷീണം തുടങ്ങിയ പുതിയ ലക്ഷണങ്ങളാണ് രണ്ടാം തരംഗത്തിൽ പ്രകടമായി കണ്ടു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here